പണം നൽകി റിവ്യൂ എഴുതിപ്പിച്ചാൽ പണി കിട്ടും; നിയന്ത്രണം വരുന്നു
text_fieldsന്യൂഡൽഹി: ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ ഉൽപ്പന്നങ്ങളെ പ്രകീർത്തിച്ച് പണം നൽകി റിവ്യൂ എഴുതിക്കുന്നതിന് (Reward Based Reviews) നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബി.ഐ.എസ്) കരട് മാർഗരേഖ പുറത്തിറക്കി.
പണം നൽകിയോ, സൗജന്യമായി ഉൽപ്പന്നങ്ങൾ നൽകിയോ എഴുതിപ്പിക്കുന്ന റിവ്യൂകളെ പ്രത്യേകം അടയാളപ്പെടുത്തണമെന്നാണ് ഓൺലൈൻ വാണിജ്യ സൈറ്റുകൾക്ക് നൽകിയിരിക്കുന്ന ഒരു നിർദേശം. സാധാരണ റിവ്യൂ അല്ലെന്ന് ഉപഭോക്താവിന് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കണം.
ഇതുകൂടാതെ, മൊത്തത്തിലുള്ള റേറ്റിങ് സംഖ്യ നൽകുമ്പോൾ ഇത്തരം പെയ്ഡ് റേറ്റിങ്ങുകൾ പരിഗണിക്കരുത്. അതായത്, സാധാരണ ഉപയോക്താക്കളുടെ റേറ്റിങ് മാത്രമേ ഉൽപ്പന്നത്തിന്‍റെ മൊത്തത്തിലുള്ള റേറ്റിങ്ങിന് വേണ്ടി പരിഗണിക്കാവൂ. റിവാർഡ് റിവ്യൂകൾക്കായി വേണമെങ്കിൽ പ്രത്യേകമായി മറ്റൊരു ആകെ റേറ്റിങ് നൽകാം.
ഓൺലൈൻ റിവ്യൂകൾ ഒരു ഉൽപ്പന്നത്തിലേക്ക് ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. എന്നാൽ, പെയ്ഡ് റിവ്യൂകളും റിവാർഡ് റിവ്യൂകളും ഉൽപ്പന്നത്തിന്‍റെ റിവ്യൂ കൃത്രിമമായി വർധിപ്പിക്കുന്നുണ്ട്. ഇത് തടയാനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
ഓൺലൈൻ വാണിജ്യ സൈറ്റുകൾക്ക് കരട് നിർദേശത്തിൽ അഭിപ്രായങ്ങൾ അറിയിക്കാൻ നവംബർ 10 വരെ സമയം നൽകിയിട്ടുണ്ട്.
ബ്രാന്‍ഡുകള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, അവ സൗജന്യമായി നല്‍കിയോ പ്രതിഫലം നല്‍കിയോ ഇ-കൊമേഴ്‌സ് ഇടങ്ങളിലും സോഷ്യല്‍ മീഡിയ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലും റിവ്യൂ എഴുതിക്കുകയാണ് പതിവ്. ഇത് ഉൽപ്പന്നത്തിന്‍റെ സ്വീകാര്യതക്ക് വലിയ ഘടകമാകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.