സ്വർണം വാങ്ങുന്നവർക്ക് ജി.എസ്.ടി വകുപ്പ് നോട്ടീസ്; അംഗീകരിക്കാനാകില്ലെന്ന് വ്യാപാരികൾ
text_fieldsകൊച്ചി: സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ജി.എസ്.ടി വകുപ്പ് നോട്ടീസ് അയക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. നികുതിവരുമാനം വർധിപ്പിക്കാൻ വ്യാപാര സമൂഹത്തെ ദ്രോഹിച്ചതിനുശേഷം ഉപഭോക്താക്കളെകൂടി അതിന്റെ പരിധിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
എറണാകുളം പെരുമാനൂരിലെ ജി.എസ്.ടി ഓഫിസിൽ ജനുവരി 19ന് ഹാജരാകാനാണ് തിരുവനന്തപുരത്തുള്ള ഉപഭോക്താവിന് നോട്ടീസ് അയച്ചിട്ടുള്ളത്. ജി.എസ്.ടി സെക്ഷൻ 70 പ്രകാരമാണ് ആണ് നോട്ടീസ് അയക്കുന്നത്. ബില്ലും തെളിവുകളും ഹാജരാക്കിയില്ലെങ്കിൽ ഇന്ത്യൻ പീനൽ കോഡ് 174 ,175 , 193, 228 വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണെന്നും സമൻസിലുണ്ട്. ഒരിക്കലും എടുത്ത് ഉപയോഗിക്കാൻ പാടില്ലാത്ത വകുപ്പുകളാണ് ഉപഭോക്താക്കളിൽ അടിച്ചേൽപ്പിക്കുന്നത്.
ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി സ്വർണ വ്യാപാര മേഖലയെ പ്രതിസന്ധിയിൽ ആക്കാനുള്ള ശ്രമം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു. ഏത് സാഹചര്യത്തിലാണ് നോട്ടീസുകൾ അയക്കുന്നതെന്ന് വ്യക്തമാക്കണമെന്നും സമൻസ് അയക്കുന്നത് നിർത്തണമെന്നും സംസ്ഥാന പ്രസിഡൻറ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.