പുനഃസംഘടന അശാസ്‌ത്രീയം: ജി.എസ്.ടി വകുപ്പ് പ്രവർത്തനം അവതാളത്തിൽ
text_fieldsതൃശൂർ: ഒട്ടേറെ വിമർശനങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ മാസം സർക്കാർ നടപ്പാക്കിയ സംസ്ഥാന ചരക്കു സേവന നികുതി (ജി.എസ്.ടി) വകുപ്പ് പുനഃസംഘടന അശാസ്ത്രീയം. ആറു വർഷത്തിനുശേഷം കൊട്ടിഘോഷിച്ച് നടത്തിയ പുനഃസംഘടന മൂലം വകുപ്പിന്റെ പ്രവർത്തനം അവതാളത്തിലായി.
ജി.എസ്.ടി വരുന്നതിനു മുമ്പുള്ള നിയമങ്ങളിലെ വ്യവഹാരങ്ങൾ, നികുതി നിർണയ കുടിശ്ശിക ഫയലുകൾ, കോടികളുടെ സെക്യൂരിറ്റി നിക്ഷേപങ്ങൾ തുടങ്ങിയവ കൈമാറുന്നതിൽ പരിഷ്കരണത്തിന് പിന്നാലെ വേണ്ടത്ര സൂക്ഷ്മത പുലർത്താനാവുന്നില്ല. ആസൂത്രണ പാളിച്ചമൂലം പുതുതായി രൂപവത്കരിച്ച നികുതിദായക സേവനവിഭാഗമാണ് ഇവ ഏറ്റെടുക്കേണ്ടിവന്നത്. ഈ യൂനിറ്റുകളാകട്ടെ ജി.എസ്.ടി നിയമത്തിന് അനുസരിച്ച് പിൻകോഡ് അടിസ്ഥാനത്തിലാണ് രൂപവത്കരിച്ചിരിക്കുന്നത്. പഴയ നിയമങ്ങളിലെ ഓഫിസുകൾ പിൻകോഡ് അടിസ്ഥാനത്തിലായിരുന്നില്ല. തന്മൂലം പിൻകോഡ് അടിസ്ഥാനത്തിൽ ഫയലുകളും സെക്യൂരിറ്റികളും തരംതിരിക്കുന്ന ഭഗീരഥ യജ്ഞത്തിലാണ് ജീവനക്കാർ.
മാർച്ച് 31നകം തീർക്കേണ്ട നികുതി നിർണയവും മറ്റു കോടതി കേസുകളും വേറെയുണ്ട്. ദീർഘവീക്ഷണമില്ലാതെ താഴെത്തട്ടിലെ ഉദ്യോഗസ്ഥരോട് കൂടിയാലോചന നടത്താതെ അശാസ്ത്രീയമായി മുകളിൽനിന്ന് ഏകപക്ഷീയമായി തീരുമാനങ്ങൾ ഏടുത്തതാണ് പ്രതിസന്ധിക്ക് കാരണം. എല്ലാ ജില്ലകളിലും പഴയ ഫയലുകൾ ഓൺലൈനിൽ ലഭ്യമാവാത്തതിനാൽ ആവശ്യനുസരണം തിരികെ സൂക്ഷിക്കാനാവുന്നില്ല.
അതേസമയം, നികുതി വെട്ടിപ്പ് തടയുന്ന എൻഫോഴ്സ്മെന്റ് വിഭാഗത്തെ അനാവശ്യമായി പരിമിതപ്പെടുത്തിയതിനാൽ നികുതി വെട്ടിച്ചുള്ള കച്ചവടം വ്യാപകമാണ്. കഴിഞ്ഞ ദിവസം കൊടുവള്ളിയിൽ 4.1 കോടിയുടെ അനധികൃത സ്വർണക്കടത്ത് സംബന്ധിച്ച് വാഹന നമ്പർ സഹിതം വിവരം ലഭിച്ചിരുന്നു. എൻഫോഴ്സ്മെന്റ് വിഭാഗത്തിന് വാഹനമോ ആളുകളോ ഇല്ലാത്തതിനാൽ ഡി.ആർ.ഐയെ അറിയിക്കുകയും ഈ കേസ് പിന്നീട് അവർ പിടിക്കുകയുമാണ് ഉണ്ടായത്.
കാലഹരണപ്പെട്ട നികുതി സമയബന്ധിതമായി തീർപ്പാക്കാനുള്ള കണക്കുകളും ഫയലുകളും ഓഡിറ്റ് വിഭാഗത്തിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തി അദാലത്ത് നടത്തി തീർപ്പാക്കാനാവും. ഒന്നിടവിട്ട ദിവസങ്ങളിൽ രണ്ടു മണിക്കൂർ ഓൺലൈൻ പരിശീലനം മാത്രമാണ് ഓഡിറ്റ് ജീവനക്കാർക്ക് ഇപ്പോഴുള്ളത്. ബാക്കി സമയം വെറുതെ ഇരിക്കുന്ന ഇവർക്ക് ഇത്തരം ജോലികൾ നൽകിയാൽ ജോലിഭാരത്താൽ പ്രയാസപ്പെടുന്ന നികുതിദായക സേവനവിഭാഗം ജീവനക്കാർക്ക് ഉപകാരമാവും. മാർച്ച് 31 വരെ ട്രെയിനിങ് തുടരുന്നതിനാൽ ഓഡിറ്റ് വിഭാഗത്തിലെ പ്രവർത്തനങ്ങൾ ഏപ്രിൽ മുതലേ ആരംഭിക്കാനാവൂ. അതുകൊണ്ടുതന്നെ മാർച്ച് 31നു മുമ്പ് സമയബന്ധിതമായി പൂർത്തിയാക്കേണ്ട ഫയലുകളിൽ അദാലത്ത് സംഘടിപ്പിക്കാനുമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.