ഇ.ഡി പരിശോധന: ഹീറോ മോട്ടോകോർപ്പിന് 2,007 കോടിയുടെ നഷ്ടം
text_fieldsന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനക്ക് പിന്നാലെ ഓഹരി വിപണിയിൽ ഹീറോമോട്ടോ കോർപ്പിന് വൻ തിരിച്ചടി. മൂന്ന് ശതമാനം നഷ്ടമാണ് കമ്പനി ഓഹരികൾക്ക് ഉണ്ടായത്. കമ്പനിയുടെ ചെയർമാൻ പവൻ കാന്ത് മുഞ്ജാലിന്റെ വസതിയിലാണ് ഇ.ഡി പരിശോധന നടത്തിയത്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 3.14 ശതമാനം നഷ്ടത്തോടെ 3,103 രൂപക്കാണ് ഹീറോ വ്യാപാരം അവസാനിപ്പിച്ചത്. എൻ.എസ്.ഇയിൽ 3.23 ശതമാനം നഷ്ടത്തോടെ 3,100.05 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. കമ്പനിയുടെ വിപണിമൂല്യം 2,007.4 കോടി ഇടിഞ്ഞ് 62,010.87 കോടിയായി കുറഞ്ഞു.
2022 മാർച്ചിൽ ആദായ നികുതി വകുപ്പ് ഹീറോ മോട്ടോകോർപ്പുമായി ബന്ധപ്പെട്ട 25 സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു. നികുതിവെട്ടിപ്പ് കണ്ടെത്തുന്നതിനായിരുന്നു പരിശോധന. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളിൽ ഒന്നാണ് ഹീറോ മോട്ടോകോർപ്പ്.
2001ലാണ് ലോകത്തെ രണ്ടാമത്തെ വലിയ ഇരുചക്ര വാഹനനിർമാണ കമ്പനിയായി ഹീറോ മാറിയത്. 20 വർഷത്തോളം ഈ നേട്ടം നിലനിർത്താൻ ഹീറോക്ക് സാധിച്ചിരുന്നു. 2011ൽ ഹോണ്ടയുമായുള്ള ബന്ധം വേർപ്പെടുത്തിയതിന് പിന്നാലെയാണ് ഹീറോ ആഗോളതലത്തിലെ സാന്നിധ്യം വർധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.