ഹിൻഡൻബർഗ് കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടില്ലെന്ന് കൊട്ടക് മഹീന്ദ്ര; അദാനി വിവാദത്തിൽ മറുപടി
text_fieldsന്യൂഡൽഹി: യു.എസ് ഷോട്ട് സെല്ലറായ ഹിൻഡൻബർഗ് കമ്പനിയുടെ ഉപഭോക്താവോ നിക്ഷേപകനോ അല്ലെന്ന് കൊട്ടക് മഹീന്ദ്ര. അദാനിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കൊട്ടക് മഹീന്ദ്ര ഇന്റർനാഷണൽ ലിമിറ്റഡിന്റെ വിശദീകരണം. കമ്പനിയുടെ കെ-ഇൻഡ്യ ഓപ്പർച്യൂണിറ്റി ഫണ്ടിൽ ഹിൻഡൻബർഗിന് നിക്ഷേപമില്ലെന്നും കമ്പനി വിശദീകരിച്ചു.
കൊട്ടക് മഹീന്ദ്ര ഇന്റർനാഷണൽ ലിമിറ്റഡിലോ കെ.ഐ.ഒ.എഫ് ഫണ്ടിലോ ഹിൻഡൻബർഗിന് നിക്ഷേപമില്ലെന്നും അവർ കമ്പനിയുടെ ഉപഭോക്താവല്ലെന്നും കൊട്ടക് വിശദീകരിച്ചു. ഫണ്ടിൽ നിക്ഷേപിച്ച ആർക്കും ഹിൻഡൻബർഗുമായി ബന്ധമില്ലെന്നും കൊട്ടക് മഹീന്ദ്ര വ്യക്തമാക്കി.
കെ.ഐ.ഒ.എഫ് സെബിയിൽ രജിസ്റ്റർ ചെയ്ത വിദേശനിക്ഷേപക ഫണ്ടാണ്. മൗറീഷ്യസ് ഫിനാൻഷ്യൽ സർവീസ് കമീഷനാണ് അതിനെ നിയന്ത്രിക്കുന്നതെന്നും കൊട്ടക് മഹീന്ദ്ര പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കെ.വൈ.സി നിയമങ്ങൾ പാലിച്ചാണ് ഫണ്ടിലേക്ക് നിക്ഷേപം തേടുന്നതെന്നും കമ്പനി വിശദീകരിച്ചു.
വിദേശവ്യക്തികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനായി 2013ലാണ് ഫണ്ടിന് തുടക്കം കുറിച്ചത്. നിയമങ്ങൾക്കനുസരിച്ച് നിക്ഷേപകർ നിക്ഷേപം നടത്തുമ്പോൾ കെ.വൈ.സി നിയമങ്ങൾ കർശനമായി പാലിക്കാറുണ്ട്. സെബി അടക്കമുള്ള ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കൊട്ടക് മഹീന്ദ്ര വിശദീകരിച്ചിട്ടുണ്ട്.
നേരത്തെ സെബിയുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയായി അദാനിയുടെ ഓഹരികൾ ഷോർട്ട് സെൽ ചെയ്തത് വഴി നേട്ടമുണ്ടാക്കിയ കൊട്ടക് മഹീന്ദ്ര ഫണ്ടിനെ കുറിച്ച് എന്തുകൊണ്ടാണ് അന്വേഷണം നടത്താത്തതെന്ന് ഹിൻഡൻബർഗ് ചോദിച്ചിരുന്നു. അദാനിക്കെതിരായ ആരോപണങ്ങളിൽ ഹിൻഡൻബർഗിന് സെബി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.