എന്നാൽ താൻ കേസ് കൊടുക്കെന്ന് അദാനിയോട് ഹിൻഡൻ ബർഗ്: ‘അദാനിക്കെതിരായ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നു; 88 ചോദ്യങ്ങളിൽ ഒന്നിനുപോലും അദാനി ഗ്രൂപ്പിന് മറുപടിയില്ല‘
text_fieldsമുംബൈ: അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന് തങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായി യു.എസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ്. റിപ്പോര്‍ട്ടിലുന്നയിച്ച 88 ചോദ്യങ്ങള്‍ക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും തങ്ങൾക്കെതിരായ ഏതു നിയമനടപടിയും സ്വാഗതം ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി.
‘2 വർഷമെടുത്തു തയാറാക്കിയ വിശദമായ രേഖകളുടെ പിൻബലത്തിലാണ് റിപ്പോർട്ട്. നിയമനടപടി സ്വീകരിക്കുമെന്ന അദാനി ഗ്രൂപ്പിന്റെ ഭീഷണിയെ സ്വാഗതം ചെയ്യുന്നു. ഞങ്ങൾ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നു. ഇക്കാര്യത്തിൽ അദാനിഗ്രൂപ്പ് എന്ത് നിയമനടപടി സ്വീകരിച്ചിട്ടും കാര്യമില്ല’ ഹിൻഡൻബർ ട്വീറ്റിൽ അറിയിച്ചു. തങ്ങൾ നിയമ നടപടിക്കൊരുങ്ങുകയാണെന്ന അദാനി ഗ്രൂപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഹിൻഡൻബർഗ് നിലപാട് വ്യക്തമാക്കിയത്.
റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഒറ്റ ദിവസംകൊണ്ട് ഒരുലക്ഷം കോടിയോളം രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. നിക്ഷേപകർ ഓഹരികൾ വിറ്റൊഴിച്ച് തുടങ്ങിയപ്പോൾ തന്നെ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. റിപ്പോർട്ട് നുണയെന്ന് വാദിച്ചെങ്കിലും വീഴ്ച തടയാനായില്ല. ‘‘ഓഹരി വിപണിയിൽ നിന്ന് 20,000 കോടി രൂപ സമാഹരിക്കാനായി അദാനി എന്‍റർപ്രൈസസിന്‍റെ എഫ്പിഒ നടക്കാൻ പോകുന്നു ഇത് അട്ടിമറിക്കാനുള്ള ശ്രമമാണ്. വിദേശ ഇടപെടൽ അനുവദിച്ച് കൊടുക്കാനാകില്ല. ഇന്ത്യയിലേയും യുഎസിലേയും നിയമ സാധ്യതകൾ പരിശോധിക്കും.’’– അദാനി ഗ്രൂപ്പ് അറിയിച്ചു. എന്നാൽ, അദാനി ഗ്രൂപ്പ് പതിറ്റാണ്ടുകളായി വൻതോതിലുള്ള സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ടിംഗ് തട്ടിപ്പിലും ഏർപ്പെട്ടിരിക്കുകയാണെന്ന് ഹിൻഡൻബർഗ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.