ലോൺ എടുത്തവർക്ക് ഇരുട്ടടി; റിപോ നിരക്ക് ഉയര്‍ത്തിയത് ബാധ്യത കൂട്ടും, തിരിച്ചടവ് തുക വർധിക്കും
text_fieldsമുംബൈ: പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചുനിര്‍ത്താന്‍ റിസർവ് ബാങ്ക് റിപോ നിരക്ക് 4.90 ശതമാനമാക്കി ഉയര്‍ത്തിയതോടെ വായ്പയെടുത്തവരുടെ ബാധ്യത കൂടും. 36 ദിവസത്തെ ഇടവേളക്കുശേഷം റിപോ നിരക്ക് അരശതമാനം കൂടി ഉയര്‍ത്തിയതോടെ ഒരുശതമാനത്തിന്റെ അധികബാധ്യതയാണ് പലിശയിനത്തില്‍ നേരിടേണ്ടിവരുക.
ഇതോടെ നിലവില്‍ വായ്പയെടുത്തവരുടെ പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ) തുക വര്‍ധിക്കും. അല്ലെങ്കില്‍ കാലാവധി കൂട്ടേണ്ടിവരും. പുതുതായി വായ്പയെടുക്കുന്നവര്‍ക്കും ഇ.എം.ഐ ഇനത്തില്‍ അധികചെലവുണ്ടാകും.
നിരക്ക് വര്‍ധന എല്ലാ വായ്പയെയും ബാധിക്കും. ഭവനവായ്പ പലിശയിലാകും ആദ്യം പ്രതിഫലിക്കുക. വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയുടെ ഇ.എം.ഐയോ വായ്പ കാലാവധിയോ വര്‍ധിക്കും. ഫ്ലോട്ടിങ് (ഇടക്കിടെ മാറുന്ന) നിരക്കിലുള്ള ഭവന, വാഹന വായ്പകളുടെ നിരക്കില്‍ വര്‍ധന ഉടൻ പ്രതിഫലിക്കും.
മേയില്‍ റിപോ നിരക്ക് ഉയര്‍ത്തിയപ്പോഴേ ബാങ്കുകള്‍ വായ്പ പലിശ ഘട്ടങ്ങളായി അരശതമാനത്തോളം ഉയര്‍ത്തിയിരുന്നു. പണപ്പെരുപ്പം നിയന്ത്രണത്തിലാകുന്നതുവരെ നിരക്ക് വര്‍ധിപ്പിക്കാന്‍ ആർ.ബി.ഐ നിര്‍ബന്ധിതമാകും. അതോടെ ആഗസ്റ്റിലെ പണവായ്പ സമിതി യോഗത്തിലും നിരക്ക് വര്‍ധനവുണ്ടായേക്കും. വിലക്കയറ്റത്തോത് ആര്‍.ബി.ഐയുടെ ക്ഷമത പരിധിയായ 2-6 നിരക്കിലേക്ക് താഴുന്നതുവരെ പലിശ കൂടുമെന്നാണ് സൂചന.
'ഏപ്രിലിൽ 6.50 ശതമാനം താഴ്ന്നിരുന്ന ഭവനവായ്പ പലിശനിരക്ക് ജൂണിൽ 7.60 ശതമാനത്തിലേക്ക് എത്തും. ഘട്ടം ഘട്ടമായ റിപ്പോ നിരക്ക് വർധന ഫ്ലോട്ടിങ് വായ്പ നിരക്ക് കൂട്ടും. ഉദാഹരണത്തിന്, 20 വർഷത്തേക്ക് ഏഴുശതമാനം പലിശക്ക് വായ്പയെടുത്തയാൾക്ക് നിരക്ക് 7.50 ശതമാനമായി വർധിച്ചാൽ 24 പ്രതിമാസ തവണകൂടി അടക്കണമെന്ന് ബാങ്ക് ബസാർ ഡോട്ട്കോം സി.ഇ.ഒ ആദിൽ ഷെട്ടി പറഞ്ഞു.
കുറഞ്ഞ പലിശ നിരക്കിന് ക്രെഡിറ്റ് സ്‌കോർ പ്രധാന പങ്കുവഹിക്കുമെന്നാണ് വിലയിരുത്തൽ. പ്രതിമാസ തിരിച്ചടവ് തുക കൂടിയാൽ കാലാവധി വര്‍ധിപ്പിക്കുകയേ വായ്പയെടുത്തവർക്ക് വഴിയുള്ളൂ. എന്നാൽ, പ്രായം, വിരമിക്കൽ കാലം എന്നിവ പരിഗണിച്ചായിരിക്കും ഇതിന് അനുമതി കിട്ടുക.
അതേസമയം നിക്ഷേപത്തിനുള്ള പലിശ ഉടൻ വർധിക്കില്ലെങ്കിലും ക്രമേണ പലിശയിൽ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. വിപണിയിലെ പണലഭ്യത കുറക്കാനുള്ള നടപടികളുമായി റിസർവ് ബാങ്ക് മുന്നോട്ടുപോകുന്നതിനാല്‍ നിക്ഷേപ പലിശയും കൂട്ടാതിരിക്കാനാവില്ല. ലഘു സമ്പാദ്യ പദ്ധതികൾ, കമ്പനി നിക്ഷേപം, എൻ.സി.ഡി, ചെറുകിട നിക്ഷേപ പദ്ധതികൾ എന്നിവയുടെയും നേട്ടം കൂടുമെന്നാണ് വിലയിരുത്തൽ. സാധാരണ റിസർവ് ബാങ്ക് റിപോ നിരക്ക് കൂട്ടുമ്പോൾ ബാങ്കുകൾ വേഗം വായ്പ പലിശ നിരക്കുകൾ വർധിപ്പിക്കും. എന്നാൽ, നിക്ഷേപ പലിശ നിരക്കുകൾ വേഗത്തിൽ കൂട്ടില്ല.
2022-23ലെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 7.2 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പ നിരക്ക് നടപ്പുസാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചതിലും ഉയരും. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ യുക്രെയ്ന്‍ യുദ്ധമടക്കം ബാഹ്യവിഷയങ്ങളാണ് പ്രതിസന്ധിക്ക് മുഖ്യകാരണമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.