ഗീത ഗോപിനാഥ് ഐ.എം.എഫ് ഉപദേശക പദവിയൊഴിയും; ഹാർവഡിലേക്ക് മടങ്ങും
text_fieldsവാഷിങ്ടൺ: മുഖ്യ സാമ്പത്തിക ഉപദേശകയായ ഗീത ഗോപിനാഥ് ജനുവരിയിൽ സ്ഥാനമൊഴിയുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്). ഹാർവഡ് യൂനിവേഴ്സിറ്റിയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണിത്. ഗീത ഗോപിനാഥ് ഐ.എം.എഫിൽ മൂന്നു വർഷം സേവനമനുഷ്ഠിച്ചതായും ഐ.എം.എഫ് വാർത്താകുറിപ്പിൽ അറിയിച്ചു.
2018 ഒക്ടോബറിലാണ് 49കാരിയും മലയാളിയുമായ ഗീത ഗോപിനാഥിനെ ഐ.എം.എഫ് മുഖ്യ സാമ്പത്തിക ഉപദേശകയായി നിയമിച്ചത്. മൗരി ഒാബ്സ്റ്റ് ഫീൽഡിന്റെ പിൻഗാമിയായിരുന്നു നിയമനം. കണ്ണൂർ മയ്യിൽ സ്വദേശിയായ ഗീത ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.
ഹാർവഡ് യൂനിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്ര പഠനവിഭാഗം പ്രഫസറായ ഗീത ഗോപിനാഥ്, കേന്ദ്ര ധനമന്ത്രാലയത്തിൽ ജി-20 രാജ്യ ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഹാർവഡിൽ ചേരുന്നതിനു മുമ്പ് ചിക്കാഗോ യൂനിവേഴ്സിറ്റിയുടെ ഗ്രാജ്വേറ്റ് സ്കൂൾ ഒാഫ് ബിസിനസിൽ അസിസ്റ്റൻറ് പ്രഫസറായിരുന്നു.
2018ൽ അമേരിക്കൻ ആർട്സ് ആൻഡ് സയൻസസ് അക്കാദമി ഫെലോ ആയി. നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിൽ അന്താരാഷ്ട്ര സാമ്പത്തികം, അതിസൂക്ഷ്മ സാമ്പത്തിക മേഖല, സാമ്പത്തിക നയങ്ങൾ, സാമ്പത്തിക ചാഞ്ചാട്ടം, വികസനം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.