ഇന്ത്യ-യു.എ.ഇ വ്യാപാര കരാറായി; 80 ശതമാനം ഉൽപന്നങ്ങൾക്കും തീരുവ കുറയും
text_fieldsന്യൂഡൽഹി: ഇന്ത്യയും യു.എ.ഇയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) ഒപ്പുവെച്ചു. നിരവധി ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയാനും ചരക്ക്-സേവന നീക്കം എളുപ്പമാക്കാനും വഴിയൊരുക്കുന്നതാണ് നിർണായകമായ കരാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ഓൺലൈൻ സംഭാഷണങ്ങൾക്കു ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, ഫർണിച്ചർ, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങളുടെ കയറ്റുമതി വർധിക്കാനും കൂടുതൽ തൊഴിലവസരങ്ങൾക്കും വഴിതുറക്കുന്നതാണ് കരാർ. ഇന്ത്യയുടെ കയറ്റുമതിയിൽ 80 ശതമാനവും തീരുവരഹിതമാകുമെന്നാണ് കണക്കാക്കുന്നത്.
ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി എന്നിവരാണ് കരാർ ഒപ്പുവെച്ചത്. തദ്ദേശ വ്യവസായങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട് പരമാവധി ഉൽപന്നങ്ങൾക്ക് കസ്റ്റംസ് തീരുവ കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന വിധമാണ് കരാർ വ്യവസ്ഥകൾ. 2015ൽ തുടങ്ങിവെച്ച ചർച്ച യാഥാർഥ്യമായതോടെ, അഞ്ചു വർഷംകൊണ്ട് ഉഭയകക്ഷി വ്യാപാരം 6000 കോടി ഡോളറിൽനിന്ന് 10,000 കോടി ഡോളറായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്. സേവന മേഖലയിലെ കയറ്റുമതി 1500 കോടി ഡോളർ കണ്ട് ഉയരും.
ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ. രണ്ടാമത്തെ കയറ്റുമതി ഇടവുമാണ്. യു.എ.ഇയുടെ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയിലെ എട്ടാമത്തെ വലിയ നിക്ഷേപകരുമാണ് യു.എ.ഇ. ഇന്ത്യൻ കമ്പനികൾക്ക് യു.എ.ഇയിൽ 8500 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്. അവിടത്തെ താമസക്കാരിൽ 38 ശതമാനവും ഇന്ത്യൻ പ്രവാസികളാണ്.
ഇന്ത്യ-മൗറീഷ്യസ് സാമ്പത്തിക വ്യാപാര കരാർ കഴിഞ്ഞാൽ ഏറ്റവും വലിയ പങ്കാളിത്ത കരാറാണ് ഇപ്പോൾ ഒപ്പുവെച്ചത്. യു.കെ, ആസ്ട്രേലിയ, ഇസ്രായേൽ, കാനഡ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് ചർച്ചകൾ നടന്നുവരുകയാണ്.
യു.എ.ഇയിൽ ഐ.ഐ.ടി
ന്യൂഡൽഹി: യു.എ.ഇയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥാപിക്കും. ഇന്ത്യയുടെ ആരോഗ്യ മേഖലയിൽ യു.എ.ഇ കൂടുതൽ നിക്ഷേപം നടത്തും. ഇന്ത്യയും യു.എ.ഇയും ചേർന്ന് പുറത്തിറക്കിയ സംയുക്ത ദർശന രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ രംഗങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് രണ്ടിടത്തും പ്രത്യേക നിക്ഷേപ മേഖലകൾ സ്ഥാപിക്കും. മെഡിക്കൽ സാമഗ്രികൾ, കാർഷിക വിഭവങ്ങൾ എന്നിവയുടെ വിതരണ ശൃംഖല മെച്ചപ്പെടുത്തും. വാക്സിൻ ഗവേഷണ, നിർമാണ, വികസന രംഗങ്ങളിൽ കൂടുതൽ സഹകരണം. കോവിഡ് വാക്സിൻ വിതരണ ശൃംഖല രൂപവത്കരിക്കും. നിർണായക സാങ്കേതിക വിദ്യാ രംഗത്ത് പങ്കാളിത്തം. നൂതന വ്യവസായ-സാങ്കേതിക വിദ്യ മേഖലകൾ അബൂദബിയിൽ തുടങ്ങും.
സംയുക്ത സ്മാരക സ്റ്റാമ്പ് പുറത്തിറക്കി
ന്യൂഡൽഹി: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവെച്ചതിനൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം, യു.എ.ഇ സ്ഥാപിതമായതിന്റെ 50ാം വാർഷികം എന്നിവ പ്രമാണിച്ചുള്ള സംയുക്ത സ്മാരക സ്റ്റാമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാൻ എന്നിവർ ചേർന്ന് പുറത്തിറക്കി.
ഇന്ത്യൻ പ്രവാസി സമൂഹത്തിന് കോവിഡ്കാലത്ത് നൽകിയ പ്രത്യേക ശ്രദ്ധക്ക് അബൂദബി കിരീടാവകാശിക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഏറ്റവും അടുത്ത സന്ദർഭത്തിൽ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. രണ്ടു ധാരണപത്രങ്ങളും ഒപ്പുവെച്ചു. ഭക്ഷ്യസുരക്ഷ ഇടനാഴി സംരംഭത്തിനായുള്ള എ.പി.ഇ.ഡി.എ- ഡി.പി വേൾഡ്, അൽ ദാഹ്ര ധാരണപത്രമാണ് ഒന്ന്. ഇന്ത്യയുടെ ഗിഫ്റ്റ് സിറ്റിയും അബൂദബി ഗ്ലോബൽ മാർക്കറ്റുമായി വിവിധ പദ്ധതികളിൽ സഹകരിക്കുന്നതാണ് മറ്റൊരു ധാരണപത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.