ഇന്ത്യൻ വംശജൻ ഗ്ലോബൽ മാർക്കറ്റ് വാണിജ്യ അസിസ്റ്റന്റ് സെക്രട്ടറി
text_fieldsവാഷിങ്ടൺ: ഗ്ലോബൽ മാർക്കറ്റ് വാണിജ്യ അസിസ്റ്റന്റ് സെക്രട്ടറിയായും ഇന്റർനാഷനൽ ട്രേഡ് അഡ്മിനിസ്ട്രേഷന്റെ യു.എസ് ആൻഡ് ഫോറിൻ കൊമേഴ്സ്യൽ സർവിസ് ഡയറക്ടർ ജനറലായും ഇന്ത്യൻ വംശജനായ അന്താരാഷ്ട്ര നയവിദഗ്ധൻ അരുൺ വെങ്കിട്ടരാമൻ സത്യപ്രതിജ്ഞ ചെയ്തു. വിദേശത്ത് കയറ്റുമതി പ്രോത്സാഹിപ്പിക്കാനും ആഭ്യന്തര നിക്ഷേപം ആകർഷിക്കാനും നേതൃത്വം നൽകാനാണ് നിയമനം.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ നിയമനം ഏപ്രിൽ ഏഴിന് യു.എസ് സെനറ്റ് അംഗീകരിച്ചിരുന്നു. അന്താരാഷ്ട്ര വ്യാപാര വിഷയങ്ങളിൽ കമ്പനികളെയും അന്താരാഷ്ട്ര സംഘടനകളെയും യു.എസ് സർക്കാറിനെയും ഉപദേശിക്കുന്നതിൽ അരുണിന് 20 വർഷത്തിലേറെ പരിചയമുണ്ട്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക നഷ്ടത്തിൽനിന്ന് കരകയറാനും യു.എസ് ബിസിനസുകളും തൊഴിലാളികളെയും വീണ്ടെടുക്കാനും അരുണിന്റെ വൈദഗ്ധ്യം വിലമതിക്കാനാവാത്തതായിരിക്കുമെന്ന് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ പറഞ്ഞു.
യു.എസിലെ 106 ഓഫിസുകളിലും 78 വിദേശ വിപണികളിലുമുള്ള 1,400ലധികം ജീവനക്കാരുടെ സംഘത്തെ അരുൺ നയിക്കും. ഇതിന് മുമ്പ് വാണിജ്യ സെക്രട്ടറിയുടെ കൗൺസിലറായിരുന്നു. ഒബാമ ഭരണകൂടത്തിൽ ഐ.ടി.എ പോളിസി ഡയറക്ടറുമായിരുന്നു. കൊളംബിയ ലോ സ്കൂളിൽനിന്ന് നിയമത്തിൽ ഡോക്ടറേറ്റും ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽനിന്ന് നിയമത്തിലും നയതന്ത്രത്തിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.