ഇന്ത്യൻ കലാകേന്ദ്രം ഗുഡ്ഹോപ് ആർട്സ് അക്കാദമി ഉദ്ഘാടനം നാളെ
text_fieldsജിദ്ദ: കുട്ടികളും മുതിർന്നവരുമായ പ്രവാസികൾക്കും സ്വദേശികൾക്കും വിവിധ കലകളിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ജിദ്ദയിൽ ആരംഭിക്കുന്ന ഇന്ത്യൻ കലാകേന്ദ്രമായ ‘ഗുഡ്ഹോപ് ആർട്സ് അക്കാദമി’യുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം അഞ്ചിന് നടക്കുമെന്ന് അക്കാദമി മാനേജ്മെൻറ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വൈകീട്ട് ആറിന് ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സ് വിഭാഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഉദ്ഘാടനത്തിൽ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട, സിനിമ സംവിധായകൻ നാദിർഷ,നടൻ ജയരാജ് വാര്യർ, അഭിനേത്രിയും നടിയുമായ പാരീസ് ലക്ഷ്മി, നൃത്താധ്യാപിക പുഷ്പ സുരേഷ്, മിമിക്സ് ആർട്ടിസ്റ്റ് നിസാം കോഴിക്കോട്, പിന്നണി ഗായകൻ സിയാവുൽ ഹഖ്, ഗായിക ദാന റാസിഖ് തുടങ്ങിയവർ പങ്കെടുക്കും.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സിനിമാറ്റിക് ഡാൻസ്, ബോളിവുഡ് ഡാൻസ്, ഹിപ്ഹോപ് ഡാൻസ്, യോഗ, സുംബ, കർണാട്ടിക് ആൻഡ് ഹിന്ദുസ്ഥാനി സംഗീതം, ഡ്രോയിങ് ആൻഡ് പെയിൻറിങ്, കാലിഗ്രാഫി, നടന പരിശീലനം, സംഗീതോപകരണ പരിശീലനം, മാർഷൽ ആർട്സ് തുടങ്ങിയ കലകളിൽ വിദഗ്ധരായവർ അക്കാദമിയിൽ പഠിതാക്കൾക്ക് പരിശീലനത്തിന് നേതൃത്വം നൽകും. പഠനത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ വിലയിരുത്തലുകളും ക്രമീകരണങ്ങളും ഏർപ്പെടുത്തും. അക്കാദമിയിൽനിന്ന് വിവിധ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് തുടർപഠനത്തിന് സഹായകമാകുന്ന രീതിയിൽ തമിഴ്നാട്ടിൽ നിന്നുള്ള ഒരു സ്ഥാപനത്തിന്റെയും കേരളത്തിൽ നിന്നും മലയാളം മിഷന്റെയും അംഗീകൃത, അക്രഡിറ്റേഷനോട് കൂടിയുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്നും അക്കാദമി മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു.
ഓരോരുത്തർക്കും സൗകര്യപ്രദമായ രീതിയിൽ വ്യത്യസ്ത സമയങ്ങളിൽ ഗുഡ്ഹോപ് അക്കാദമിയിൽ പരിശീലനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. വീട്ടമ്മമാർ അടക്കം നിരവധി പേർ ഇതിനോടകം അക്കാദമിയിൽ പ്രവേശനം നേടിയിട്ടുണ്ട്. മൂന്നു പതിറ്റാണ്ടോളം ജിദ്ദയിൽ നിരവധി വിദ്യാർഥികൾക്ക് നൃത്തം അഭ്യസിപ്പിച്ചിരുന്ന പുഷ്പ ടീച്ചർ ഗുഡ്ഹോപ് അക്കാദമിയിലൂടെ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. പൂർണ സുരക്ഷിതത്വം ഉറപ്പാക്കികൊണ്ട് ആധുനിക സംവിധാനങ്ങളോടെയാണ് ജിദ്ദയിലെ അസീസിയയിലെ ഇൻഹൗസ് കാമ്പസിൽ ഗുഡ്ഹോപ് അക്കാദമി ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മെൻറ് പ്രതിനിധികൾ അറിയിച്ചു. മാനേജിങ് ഡയറക്ടർ എൻജിനീയർ ജുനൈസ് ബാബു, ഡയറക്ടർമാരായ ഷിബു തിരുവനന്തപുരം, ഡോ. അബ്ദുൽ ഹമീദ്, ടാലൻറ് മാനേജ്മെൻറ് ഹെഡ് പുഷ്പ സുരേഷ്, സി.ഇ.ഒ അൻഷിഫ് അബൂബക്കർ, സി.ഒ.ഒ സുഹൈർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര് ഉണ്ണി തെക്കേടത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.