വിനിമയ നിരക്ക് കുതിച്ചുയർന്നു; യു.എ.ഇ ദിർഹമിന് 22.03രൂപ വരെ
text_fieldsദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആദ്യമായി ഒരു ഡോളറിന് 80.74 ഇന്ത്യൻ രൂപ വരെ എന്ന നിലയിലേക്കും ഇടിഞ്ഞതോടെയാണ് ഈ മാറ്റം. ആഗസ്റ്റിൽ ഡോളറിന് 80.11 ഇന്ത്യൻ രൂപയായതായിരുന്നു മുൻകാല റെക്കോർഡ് നിരക്ക്. റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയത് മുതൽ ആരംഭിച്ച വിനിമയ നിരക്കിലെ മാറ്റം ആഗോരളവിപണിയിലെ പുതിയ സംഭവ വികാസങ്ങളിൽ കൂടുതൽ മാറുന്നതായാണ് കാണിക്കുന്നത്.
ഒരു യു.എ.ഇ ദിർഹമിന് 22.03രൂപ വരെ വ്യാഴാഴ്ച ലഭിച്ചു. എമിറേറ്റ്സ് എൻ.ബി.ഡി വഴി പണമയച്ചവർക്ക് 21.86രൂപ വരെ ലഭിച്ചു. ഇന്ത്യൻ രൂപക്കെതിരെ ദിർഹമിന്‍റെ റെക്കോഡ് നിരക്കാണിത്. മികച്ച വിനിമയനിരക്ക് ലഭ്യമായതോടെ ഗൾഫിൽനിന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് മികച്ച അവസരമാണ് വന്നെത്തിയിരിക്കുന്നത്. പണമയക്കുന്നവരുടെ എണ്ണം വർധിച്ചതായി എക്സ്ചേഞ്ച് മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. എന്നാൽ, നിരക്ക് വരുംദിവസങ്ങളിൽ വീണ്ടും വർധിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരും ഏറെയുണ്ട്. നിലവിൽ മണി എക്സ്ചേഞ്ചുകളിൽ വലിയ തിരക്കില്ല. അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളർ ശക്തിപ്പെട്ടതും ഉയരുന്ന എണ്ണവിലയുമാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തിന് തിരിച്ചടിയായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം വിനിമയനിരക്കിൽ വലിയ കുറവ് ഒരുഘട്ടത്തിലും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.