ലക്ഷം കോടി ഡോളറെന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയിലെ 100 ശതകോടീശ്വരൻമാർ
text_fieldsന്യൂഡൽഹി: ലക്ഷം കോടി ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയിലെ 100ശതകോടീശ്വരൻമാർ. ഒറ്റ വർഷം കൊണ്ടാണ് ഇവരുടെ സമ്പത്തിൽ വൻവർധനവുണ്ടായതെന്നാണ് ഫോർബ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇവരുടെ ആസ്തി 2019 ലുണ്ടായിരുന്നതിനേക്കാൾ ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. ഫോബ്സ് പുറത്തുവിട്ട പട്ടിക പ്രകാരം ഗൗതം അദാനിയാണ് ഇന്ത്യയിലെ അതിസമ്പന്നരിൽ രണ്ടാമൻ. അടുത്തിടെയാണ് മക്കൾക്കും അനന്തരവനും തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ താക്കോൽ സ്ഥാനം കൈമാറുന്നതായി അദാനി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ 100 ശതകോടീശ്വരൻമാരിൽ ഏറ്റവും സമ്പന്നൻ മുകേഷ് അംബാനിയാണ്.
സാവിത്രി ജിൻഡാലിന്റെ മകനും ഒ.പി ജിൻഡാൽ ഗ്രൂപ്പിന്റെ അനന്തരാവകാശിയുമായ സജ്ജൻ ജിൻഡാലാണ് പട്ടികയിൽ മൂന്നാംസ്ഥാനത്തുള്ളത്. സജ്ജന്റെ നേതൃത്വത്തിലാണ് എം.ജി മോട്ടോഴ്സ് ഇലക്ട്രിക് രംഗത്തേക്ക് ചുവടുമാറ്റിയത്.
പട്ടികയിൽ ഉൾപ്പെട്ട വനിത ശതകോടീശ്വരൻമാരുടെ ഇടയിൽ സാവിത്രി ജിൻഡാലുമുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള വാക്‌സിൻ നിർമാതാവായ ബയോളജിക്കൽ ഇ.യെ നിയന്ത്രിക്കുന്ന മഹിമ ഡാറ്റ്‌ല ഫോബ്സ് പട്ടികയിൽ ഇടംനേടിയ നാല് പുതുമുഖങ്ങളിൽ ഒരാളായി മാറി.
ജനറിക് മരുന്നുകളുടെയും ഫാർമ ചേരുവകളുടെയും നിർമാതാക്കളായ ഹെറ്ററോ ലാബ്‌സിന്റെ സ്ഥാപകനായ ബി. പാർഥ സാരധി റെഡ്ഡി, നിഖിൽ കാമത്ത്, ഗോദ്റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ആദി, നാദിർ സഹോദരങ്ങൾ, വസ്ത്ര നിർമാതാക്കളായ ഷാഹി എക്‌സ്‌പോർട്ട്‌സിൻ്റെ ഹരീഷ് അഹൂജ, സോളാർ പാനലുകളും മൊഡ്യൂളുകളും നിർമിക്കുന്ന പ്രീമിയർ എനർജീസിന്റെ സ്ഥാപകനും ചെയർമാനുമായ സുരേന്ദർ സലൂജ, സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിന്റെ സ്ഥാപകനായ ദിലീപ് ഷാങ്‌വി, ടോറൻ്റ് ഗ്രൂപ്പിലെ സഹോദരങ്ങളായ സുധീർ മേത്ത, സമീർ മേത്ത എന്നിവരും ഫോബ്സ് പുറത്തുവിട്ട അതിസമ്പന്നരുടെ പട്ടികയിൽ ഇടംനേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.