വ്യവസായങ്ങള്‍ക്ക് ഏഴു ദിവസത്തിനകം അനുമതി –മന്ത്രി പി. രാജീവ്
text_fieldsകോഴിക്കോട്: 50 കോടി രൂപക്ക് മുകളില്‍ മുതല്‍മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴു ദിവസത്തിനകം കോമ്പോസിറ്റ് ലൈസന്‍സ് നല്‍കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കെ.എസ്.ഐ.ഡി.സി കോഴിക്കോട് ഓഫിസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ സംരംഭകരുടെ പരാതി സമയബന്ധിതമായി തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന പരാതി പരിഹാര സമിതിക്ക് ലഭിക്കുന്ന പരാതി 30 ദിവസത്തിനകം പരിഹരിക്കണം. അടുത്ത 15 ദിവസത്തിനകം പരിഹാര നിർദേശവും നടപ്പാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനിൽനിന്ന് ദിവസം 250 രൂപ വീതം പരമാവധി 10,000 രൂപവരെ പിഴ ഈടാക്കും.
യു.എൽ സൈബർ പാർക്കിൽ നടന്ന ചടങ്ങിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, ടി.പി. രാമകൃഷ്ണൻ എം.എൽ.എ, മേയർ ബീന ഫിലിപ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. നഗരസഭ കൗൺസിലർ സുജാത കൂടത്തിങ്കൽ, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം, ജനറൽ മാനേജർ ജി. അശോക് ലാൽ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.