ഐ.പി.ഒയിൽ ഒരുകൈ നോക്കാം
text_fieldsവെറുതെയിരിക്കുന്ന പൈസയുണ്ടോ ബാങ്ക് അക്കൗണ്ടിൽ. ഓഹരി വിപണിയിൽനിന്ന് പണം ഉണ്ടാക്കാൻ താൽപര്യമുള്ള ആളാണോ നിങ്ങൾ. വിപണിയുടെ ചാഞ്ചാട്ടത്തെ നേരിടാനുള്ള ധൈര്യവും താൽപര്യവും കുറവുള്ള കൂട്ടത്തിലാണോ. എങ്കിൽ ഐ.പി.ഒ ഒന്ന് പരീക്ഷിച്ചു നോക്കാം. കമ്പനികൾ ആദ്യമായി ഓഹരി പൊതുവിപണിയിൽ വിറ്റഴിച്ച് മൂലധനം സമാഹരിക്കുന്നതിനെയാണ് പ്രഥമ ഓഹരി വിൽപന അഥവാ ഐ.പി.ഒ എന്നു പറയുന്നത്.
ഓഹരി വിപണി കുതിക്കുന്ന ഇക്കാലത്ത് ഐ.പി.ഒകളുടെയും കാലമാണ്. എല്ലാ ആഴ്ചയും നിരവധി ഐ.പി.ഒകൾക്ക് ‘സെബി’ അനുമതി നൽകുന്നു. ഐ.പി.ഒക്ക് അപേക്ഷിച്ചവർക്കെല്ലാം ഓഹരി കിട്ടണമെന്നില്ല. ഭാഗ്യമുണ്ടെങ്കിൽ കിട്ടും. 10 മുതൽ 100 മടങ്ങിലധികമാണ് പല പ്രമുഖ ഐ.പി.ഒക്ക് അപേക്ഷ ലഭിക്കാറുള്ളത്. അപ്പോൾ കിട്ടാനുള്ള സാധ്യതയും പത്തിൽ ഒന്ന്/ നൂറിൽ ഒന്ന് ആണെന്ന് പറയാമല്ലോ.
അപേക്ഷിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം വരെ ഫണ്ട് ബ്ലോക്ക് ആയി കിടക്കും എന്നതൊഴിച്ചാൽ അപേക്ഷിച്ചു കിട്ടിയില്ലെങ്കിലും സാമ്പത്തിക നഷ്ടം ഒന്നുമില്ല. നമുക്ക് ഓഹരി അലോട്ട് ചെയ്തിട്ടുണ്ടെങ്കിൽ ലിസ്റ്റിങ് ദിവസം അത് നമ്മുടെ ഡിമാറ്റ് അക്കൗണ്ടിൽ വരും. ഇല്ലെങ്കിൽ ബ്ലോക്കായി കിടന്ന മുഴുവൻ തുകയും റിലീസ് ആയി കിട്ടും. ഏതാനും ദിവസം കൊണ്ട് ഈ നടപടിക്രമം പൂർത്തിയാകും.
ലിസ്റ്റിങ് നേട്ടമാണ് ഐ.പി.ഒകളുടെ പ്രധാന ആകർഷണം. കഴിഞ്ഞയാഴ്ച ബജാജ് ഹൗസിങ് ഫിനാൻസിന്റെ ഐ.പി.ഒ ലിസ്റ്റ് ചെയ്തത് 114 ശതമാനം പ്രീമിയത്തിലാണ്. കഴിഞ്ഞ ഒരു വർഷത്തെ ഐ.പി.ഒ ചരിത്രം എടുത്താൽ 90 ശതമാനത്തിൽ അധികവും പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്. അതായത് വാങ്ങിയ വിലയെക്കാൾ കൂടുതൽ വില വിപണിയിലെത്തിയ ആദ്യ ദിവസംതന്നെ ലഭിക്കും. അത് ചിലപ്പോൾ ഇരട്ടിയിലധികമാകാം. വിരലിലെണ്ണാവുന്നവ മാത്രമാണ് നിക്ഷേപകർക്ക് നഷ്ടം വരുത്തിയത്.
ഭാവി സാധ്യതയുള്ള നല്ല ബിസിനസ് മോഡലും വിശ്വാസ്യതയുള്ള ബ്രാൻഡും ആണെങ്കിൽ അത്യാവശ്യം നല്ല തുക പ്രീമിയത്തിൽ ലിസ്റ്റ് ചെയ്യാനാണ് സാധ്യത. കമ്പനി ഫണ്ടമെന്റൽസ് പരിശോധന ഇന്ന് എളുപ്പമാണ്. മുൻകാല ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് ഇതെല്ലാം പറയുന്നത്. എല്ലാ ഐ.പി.ഒകളും വലിയ ലാഭം നേടിത്തരുമെന്ന് ഇതിന് അർഥമില്ല. കമ്പനിയുടെ ഫണ്ടമെന്റൽസ്, ലിസ്റ്റ് ചെയ്യുന്ന സമയത്തെ വിപണി സാഹചര്യം തുടങ്ങിയ വിവിധ ഘടകങ്ങൾ സ്വാധീനിക്കപ്പെടുമെന്ന് അറിയുക. റിസ്ക് എടുക്കാനുള്ള നിങ്ങളുടെ ശേഷികൂടി പരിഗണിച്ച് ആകണം ഏതൊരു നിക്ഷേപവും.
വരുന്നു ഹ്യുണ്ടായി ഐ.പി.ഒ
ഇന്ത്യ കണ്ട ഏറ്റവും വലിയ ഐ.പി.ഒയുമായാണ് ഹ്യുണ്ടായി മോട്ടോഴ്സ് ഇന്ത്യ വരുന്നത്. 25,000 കോടിയുടെ ഐ.പി.ഒ ഒക്ടോബർ മധ്യത്തിൽ ഉണ്ടാകും. ഇന്ത്യയിലെ കാർ വിപണിയുടെ 15 ശതമാനം ഹ്യുണ്ടായി മോട്ടോഴ്സിനാണ്. ബിസിനസിൽ സുസ്ഥിര വളർച്ച, മികച്ച വികസന പദ്ധതി, 32,000 കോടിയുടെ ആസ്തി, 53,000 കോടി വരുമാനം, 4,300 കോടി ലാഭം, നാമമാത്ര കടം എന്നിങ്ങനെ കമ്പനിയുടെ ഫണ്ടമെന്റൽസ് എല്ലാം ശക്തമാണ്.
അതുകൊണ്ടുതന്നെ വിപണി വളരെ പ്രതീക്ഷയോടെയാണ് ഈ ഐ.പി.ഒയെ കാണുന്നത്. 1758 രൂപയാണ് പ്രൈസ് ബാൻഡ് പ്രതീക്ഷിക്കുന്നത്. റീട്ടെയിൽ നിക്ഷേപകർക്ക് 35 ശതമാനം മാറ്റിവെക്കുന്നു. അതുകൊണ്ടുതന്നെ അപേക്ഷിച്ചാൽ കിട്ടാനുള്ള സാധ്യതയും കൂടുതലാണ്. അതേസമയം മെഗാ ഐ.പി.ഒകൾ വലിയ ലിസ്റ്റിങ് നേട്ടം നിക്ഷേപകർക്ക് നൽകിയിട്ടില്ലെന്ന ചരിത്രവും ഓർക്കണം.
ഓഹരി വിപണിയിലെ ലിസ്റ്റിങ്ങിൽ നേട്ടമുണ്ടാക്കിയ സമീപകാല ഐ.പി.ഒകൾ
(ബ്രാക്കറ്റിൽ നേട്ടം ശതമാനത്തിൽ)
● പി.എൻ ഗാഡ്ഗിൽ
ജ്വല്ലേഴ്സ് (73.8)
● ബജാജ് ഹൗസിങ്
ഫിനാൻസ് (114.3)
● ഗാല പ്രസിഷൻ (41.8)
● പ്രീമിയർ എനർജി (120.2)
● ഓറിയന്റ് ടെക്നോളജി (40.8)
● ഇന്റർ ആർച്ച്
ബിൽഡിങ് (43.5)
● സരസ്വതി സാരി ഡിപ്പോ (25)
● യൂനികോമേഴ്സ് (113)
● ഫസ്റ്റ് ക്രൈ (34)
● ബൻസാൽ വയർ (37.5)
● എം ക്യൂർ ഫാർമ (31.5)
● ഡീ ഡെവലപ്മെന്റ് (60.1)
● ഇക്‌സിഗോ (45.2)
● ക്രോണോക്സ് ലാബ് (21.3)
● ടി.ബി.ഒ ടെക് (50)
● മുക്ക പ്രോട്ടീൻ (57.1)
● ബി.എൽ.എസ്
ഇ സർവിസ് (128.9)
● നോവ അഗ്രിടെക് (36.6)
● ജ്യോതി സി.എൻ.സി (12.4)
ഉടൻ വരുന്ന ഐ.പി.ഒകള്‍
● ഹ്യുണ്ടായി
● ഡിഫ്യൂഷൻ എൻജിനീയേഴ്സ്
● ഫാബ് ഇന്ത്യ
● ഓയോ
● ബോട്ട്
● ബജാജ് എനർജി
● മോബി ക്വിക്ക്
● സ്റ്റഡ്സ് ആക്സസറീസ്
● ആരോഹൺ ഫിനാൻഷ്യൽ
● സ്നാപ് ഡീൽ
● ഡ്രൂം
● സ്വിഗ്ഗി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.