ആപ്പിലെ വായ്പ അഴിമതി; ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ വായ്പ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് ആർ.ബി.ഐ
text_fieldsന്യൂഡൽഹി: മൊബൈൽ ആപ്പുകൾ വഴിയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും വാഗ്ദാനം ചെയ്യുന്ന വായ്പകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് റിസർവ് ബാങ്ക്. എളുപ്പത്തിൽ ലഭ്യമാകുന്ന ഇത്തരം വായ്പ എടുത്ത മൂന്നുപേർ തിരിച്ചടവുമായി ബന്ധപ്പെട്ട ഭീഷണികളെത്തുടർന്ന് ജീവനൊടുക്കിയിരുന്നു. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഡൽഹി, ഗുരുഗ്രാം, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നായി 17ഓളം േപർ അറസ്റ്റിലാകുകയും ചെയ്തു. രാജ്യത്തെ വിവിധ നഗരങ്ങളിൽ മൊബൈൽ ആപ്പിലൂടെയുള്ള ഇത്തരം വായ്പ അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണ് ആർ.ബി.ഐയുടെ പ്രതികരണം.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും കുറഞ്ഞ കാലയളവിനുള്ളിൽ വായ്പകൾ നൽകുന്ന തട്ടിപ്പിൽ വ്യക്തികളും ചെറുകിട ബിനിനസുകാരും ഇരയാകുന്നതായി ശ്രദ്ധയിൽെപ്പട്ടു. അമിത പലിശെയക്കൂടാതെ മറ്റു ചാർജുകളും വായ്പയെടുത്തവരിൽനിന്ന് ഈടാക്കുന്നുണ്ട്. വായ്പ തിരിച്ചുപിടിക്കുന്നതിനായി അംഗീകരിക്കാൻ കഴിയാത്ത മറ്റു നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. കരാറിനെ ദുരുപയോഗം ചെയ്ത് മൊബൈൽ ഫോണുകളിലെ വിവരങ്ങൾ ചോർത്തുന്നതും ശ്രദ്ധയിൽപ്പെട്ടു.
ബാങ്കുകൾ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനകൾ, സംസ്ഥാന സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽനിന്നെല്ലാം നിയമാനുസൃതമായി വായ്പകൾ എടുക്കാം. എന്നാൽ എളുപ്പത്തിൽ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ആദായകരമായ വായ്പകൾ ലഭിക്കുമെന്ന് വിശ്വസിപ്പിക്കുന്നവയുടെ പശ്ചാത്തലം പരിശോധിക്കാൻ ആളുകൾ തയാറാകണമെന്നും ആർ.ബി.ഐ വ്യക്തമാക്കി.
ജനങ്ങൾ ഇത്തരം ആദർശരഹിതമായ പ്രവർത്തനങ്ങൾക്ക് ഇരയാകരുതെന്നും മൊബൈൽ ആപ്പുകളിലുടെയും ഓൺലൈനായും വായ്പകൾ വാഗ്ദാനം ചെയ്യുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയും മുൻകാല ചരിത്രം പരിശോധിക്കണമെന്നും ആർ.ബി.ഐ മുന്നറിയിപ്പ് നൽകി.
ഇത്തരത്തിലുള്ള കമ്പനികൾക്ക് യാതൊരു കാരണവശാലും വ്യക്തിഗത വിവരങ്ങൾ കൈമാറരുത്. ഇത്തരം അനധികൃത പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആർ.ബി.ഐയുടെ സചേത് പോർട്ടലിൽ (https://sachet.rbi.org.in) റിപ്പോർട്ട് ചെയ്യണമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.