ഇൻഷുറൻസ് ഇനി ഈസി
text_fieldsഇൻഷുറൻസ് പോളിസികൾ ലളിതവും ഉപഭോക്തൃ സൗഹൃദവുമാവുകയാണ്. ഇതിനായി ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) നിരവധി പരിഷ്കാരങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. നവീനവും വ്യത്യസ്തവുമായ ഇൻഷുറൻസ് ഉൽപങ്ങൾ പുറത്തിറക്കാനും തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് കൂടുതൽ അവസരമൊരുക്കുന്നതുമാണ് പ്രഖ്യാപനങ്ങൾ. ലൈഫ്, ആരോഗ്യം, ഭവനം, വാഹന ഇൻഷുറൻസ് നിയമങ്ങളിലാണ് മാറ്റം വരുത്തിയത്. പോളിസി കാലാവധി അവസാനിക്കുന്നതുവരെ ഉപഭോക്താവിന് സേവനം ഉറപ്പുവരുത്താനും സാങ്കേതിക സൗകര്യങ്ങൾ നടപ്പാക്കാനും ഐ.ആർ.ഡി.എ.ഐ പുതിയ സർക്കുലറിൽ നിർദേശം നൽകിയിട്ടുണ്ട്. സർക്കുലറിലെ പ്രധാന നിർദേശങ്ങൾ:
പ്രത്യേക സറണ്ടർ വാല്യൂ: പ്രീമിയം അടക്കാൻ കഴിയാത്തതിനാലോ മറ്റോ ഒരു വർഷത്തിനുള്ളിൽ ലൈഫ് ഇൻഷുറൻസ് പോളിസി അവസാനിപ്പിക്കുന്നവർക്ക് പ്രീമിയം തുകയുടെ ഒരു ഭാഗം അല്ലെങ്കിൽ പ്രത്യേക സറണ്ടർ വാല്യൂ തിരിച്ചുകിട്ടും. നേരത്തെ റീഫണ്ട് ലഭിച്ചിരുന്നില്ല.
ഉപഭോക്തൃ വിവര ഷീറ്റ്: ഇൻഷുറൻസ് പോളിസിയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ലളിതമായി വിവരിക്കുന്ന രേഖ നൽകും. ഈ ഷീറ്റ് ഇൻഷുറൻസ് പോളിസി രേഖകളുടെ ഭാഗമാകും.
പോളിസി വായ്പ:എല്ലാ ലൈഫ് ഇൻഷുറൻസ് സേവിങ് പോളിസികളിലും ഉപഭോക്താക്കൾക്ക് വായ്പ അനുവദിക്കണം. പോളിസി ഉടമകൾക്ക് താൽക്കാലിക സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം.
ക്ലെയിം നിഷേധിക്കരുത്: രേഖകളില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ജനറൽ ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിഷേധിക്കരുത്. ആവശ്യമായ എല്ലാ രേഖകളും നഷ്ടപരിഹാരം രേഖപ്പെടുത്തുന്ന സമയത്ത് ലഭ്യമാക്കാം. ക്ലെയിം സെറ്റിൽമെന്റിനുള്ള രേഖകൾ മാത്രമേ ഉപഭോക്താവ് നൽകേണ്ടതുള്ളൂ.
ഭാഗിക ഫണ്ട് പിൻവലിക്കൽ: പെൻഷൻ പോളിസികൾ വളരെക്കാലം നീളുന്നതാണ്. അതുകൊണ്ട് പോളിസി ഉടമകൾക്ക് ചികിത്സ, ഭവന നിർമാണം, മക്കളുടെ പഠനം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് അടച്ച പ്രീമിയത്തിൽനിന്ന് 25 ശതമാനം വരെ പിൻവലിക്കാം.
റിട്ടേൺ പോളിസി: നിബന്ധനകളും വ്യവസ്തകളും മനസ്സിലാക്കിയ ശേഷം ഇൻഷുറൻസ് പോളിസിയിൽ തൃപ്തരല്ലെങ്കിൽ റദ്ദാക്കാനുള്ള സമയം 15 ദിവസത്തിൽനിന്ന് 30 വരെയായി വർധിപ്പിച്ചു. ഈ സമയ പരിധിയിൽ റദ്ദാക്കിയാൽ പ്രീമിയം പൂർണമായും തിരിച്ചുകിട്ടും.
ഒന്നിൽ കൂടുതൽ പോളിസി: ഒന്നിൽ കൂടുതൽ പോളിസി ഉണ്ടെങ്കിൽ ഒരു പോളിസിയിൽ ക്ലെയിം വേണോ അതോ രണ്ടിലും ക്ലെയിം ചെയ്യണോ എന്ന് ഉപഭോക്താവിന് തീരുമാനിക്കാം.
വാഹനം ഓടിക്കുന്നതിനുമാത്രം പ്രീമിയം: ഉപഭോക്താവിന്റെ ഡ്രൈവിങ് സ്വഭാവം, യാത്ര ചെയ്യുന്ന ദൂരം, വാഹന ഉപയോഗ രീതി എന്നിവ പരിഗണിച്ചുള്ള ഇൻഷുറൻസ് പോളിസികൾ ലഭ്യമാക്കും. അധികം ഓടാത്ത വാഹനങ്ങൾക്ക് കുറഞ്ഞ പ്രീമിയം തുക നൽകിയാൽ മതിയാവും.
പോളിസി റദ്ദാക്കാം: ഒരു കാരണവും വ്യക്തമാക്കാതെ ഉപഭോക്താക്കൾക്ക് പോളിസി റദ്ദാക്കാം. എതെങ്കിലും തട്ടിപ്പ് കണ്ടെത്തിയാൽ മാത്രമേ കമ്പനിക്ക് പോളിസി റദ്ദാക്കാൻ കഴിയൂ. റദ്ദാക്കുന്നതിനുമുമ്പ് ഉപഭോക്താവിന് ഏഴുദിസവത്തെ സമയം നൽകണം.
കാഷ് ലെസ് ചികിത്സ: ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ഉപഭോക്താവിൽനിന്ന് അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിൽ കാഷ് ലെസ് പേയ്മെന്റിന് അനുമതി നൽകണം. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് അനുമതി ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ഇൻഷുറൻസ് പോളിസിയിൽ കമ്പനി അന്തിമ അംഗീകാരം നൽകണം.
അഡീഷനൽ കവറേജ്: ഇൻഷുറൻസ് പോളിസികൾ സറണ്ടർ ചെയ്യാതെ ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങൾക്ക് അല്ലെങ്കിൽ അത്യാഹിതങ്ങൾ നേരിടുന്നതിന് പ്രത്യേക സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കും.
ഓംബുഡ്സ്മാൻ ഉത്തരവ്: പോളിസി ഉടമകളുടെ പരാതികളിൽ ഓംബുഡ്സ്മാൻ നൽകുന്ന ഉത്തരവ് 30 ദിവസത്തിനകം കമ്പനികൾ നടപ്പാക്കണം. വൈകുന്ന ഒരോ ദിവസവും ഉപഭോക്താവിന് 5000 രൂപ പിഴ നൽകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.