ഐ.പി.ഒകളുടെ ചാകരക്കാലം
text_fieldsഇന്ത്യൻ വിപണിയിൽ നിരവധി കമ്പനികൾ ഇനീഷ്യൽ പബ്ലിക് ഓഫർ (ഐ.പി.ഒ)കളുമായി വരുന്നു. കഴിഞ്ഞ മാസങ്ങളിൽ നടന്ന ഐ.പി.ഒകൾ നല്ല ലാഭം നൽകിയതിനാൽ നിക്ഷേപകർ ഇതിന് വലിയ താൽപര്യമെടുക്കുന്നു. ആഗസ്റ്റ് 12 മുതൽ 14 വരെ നടത്തിയ സരസ്വതി സാരീ ഡിപ്പോ ഐ.പി.ഒക്ക് 107 ഇരട്ടിയായിരുന്നു സബ്സ്ക്രിപ്ഷൻ. ചൊവ്വാഴ്ചയാണ് ലിസ്റ്റിങ്.
30 ശതമാനത്തിലധികം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്. റിയൽ എസ്റ്റേറ്റ് കമ്പനിയായ ഇന്റർ ആർച്ച് ബിൽഡിങ് പ്രോഡക്ട് ഐ.പി.ഒക്ക് ആഗസ്റ്റ് 19 മുതൽ 21 വരെ അപേക്ഷിക്കാം. 850 രൂപ മുതൽ 900 രൂപ വരെയാണ് പ്രൈസ് ബാൻഡ്. മിനിമം 16 ഷെയർ വാങ്ങണം. 600 കോടി സമാഹരിക്കുന്നതിൽ 35 ശതമാനമാണ് റീട്ടെയിൽ നിക്ഷേപകർക്ക് മാറ്റിവെച്ചിട്ടുള്ളത്.
26നാണ് ലിസ്റ്റിങ്. 40 ശതമാനം നേട്ടമാണ് പ്രവചിക്കപ്പെടുന്നത്. ഐ.ടി കമ്പനിയായ ഓറിയന്റ് ടെക്നോളജീസ് ഐ.പി.ഒക്ക് 21 മുതൽ 23 വരെ അപേക്ഷിക്കാം. 28നാണ് ലിസ്റ്റിങ്. ജെ.എസ്.ഡബ്ല്യൂ സിമന്റ് 4000 കോടിയുടെ ഐ.പി.ഒക്ക് സെബിക്ക് രേഖകൾ സമർപ്പിച്ചതായി റിപ്പോർട്ടുണ്ട്. ബജാജ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് സെപ്റ്റംബർ തുടക്കത്തിൽ ഐ.പി.ഒ നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. 6500 കോടി സമാഹരിക്കാനാണ് ലക്ഷ്യം. 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്ക് നീക്കിവെക്കും. കഴിഞ്ഞ ആഴ്ച ലിസ്റ്റ് ചെയ്ത ഓല ഇലക്ട്രിക് ലിസ്റ്റിങ് നേട്ടം നൽകിയില്ലെങ്കിലും 76 രൂപക്ക് ലിസ്റ്റ് ചെയ്തതിന് ശേഷം ഒരാഴ്ച കൊണ്ട് 133 രൂപയിലെത്തി.
എന്താണ് ഐ.പി.ഒ
ഒരു സ്വകാര്യ കമ്പനി ആദ്യമായി അതിന്റെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് നല്‍കി പബ്ലിക് കമ്പനിയാകുന്ന നടപടിക്രമമാണ് ഐ.പി.ഒ. നിക്ഷേപകരില്‍ നിന്ന് മൂലധനം സമാഹരിക്കാന്‍ ഇതിലൂടെ കമ്പനിക്ക് കഴിയും. ഐ.പി.ഒ നടത്തുന്നതിന് എകസ്‌ചേഞ്ചുകളും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമീഷനും (എസ്.ഇ.സി) ആവശ്യപ്പെടുന്ന നിബന്ധനകള്‍ കമ്പനികള്‍ പാലിക്കണം. ബിഡ്ഡിങ് പ്രൈസിനേക്കാൾ ഉയർന്ന വിലയിലാണ് ഓഹരി ലിസ്റ്റ് ചെയ്യുന്നതെങ്കിൽ (പ്രീമിയം) ലിസ്റ്റിങ് നേട്ടമായി നല്ല ലാഭം ലഭിക്കുമെന്നതാണ് നിക്ഷേപകരുടെ മെച്ചം. പ്രീമിയത്തിൽ തന്നെ ലിസ്റ്റ് ചെയ്യണമെന്ന് നിർബന്ധമില്ല. മാർക്കറ്റ് പരിതസ്ഥിതി, കമ്പനിയുടെ ഫണ്ടമെന്റൽ, ഭാവി സാധ്യതകൾ തുടങ്ങി വിവിധ ഘടകങ്ങളാണ് ലിസ്റ്റിങ് പ്രൈസിനെ സ്വാധീനിക്കുക. എല്ലാ ഐ.പി.ഒകളും നിക്ഷേപകർക്ക് നേട്ടം നൽകുമെന്ന് കരുതരുത്. അതുകൊണ്ട് തന്നെ നന്നായി പഠിച്ചും ജാഗ്രതയോടെയും റിസ്ക് എടുക്കാനുള്ള നമ്മുടെ ശേഷിക്ക് അനുസരിച്ചും മാത്രം ഐ.പി.ഒക്ക് അപേക്ഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.