ബഹിഷ്‍കരണത്തിൽ സ്റ്റാർ ബക്സിന് വൻ തിരിച്ചടി; വ്യാപാരം കുത്തനെ ഇടിഞ്ഞതോടെ 2,000 ജീവനക്കാരെ പിരിച്ചുവിടുന്നു
text_fieldsവാഷിങ്ടൺ: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്ക് പിന്തുണ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഗോള ഭീമനായ സ്റ്റാർ ബക്സ് ബഹിഷ്‍കരിക്കാനുള്ള യുദ്ധവിരുദ്ധ, ഫലസ്തീൻ അനുകൂല സംഘടനകളുടെ ആഹ്വാനം കമ്പനിക്ക് തിരിച്ചടിയാകുന്നു. വ്യാപാരം കുത്തനെ ഇടിഞ്ഞതോടെ സ്റ്റാർബക്സിന്റെ മിഡിൽ ഈസ്റ്റ് ഫ്രാഞ്ചൈസികളിൽ തൊഴിലാളികളെ വെട്ടിക്കുറക്കുന്നതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗൾഫ് റീട്ടെയിൽ ഭീമനായ അൽഷയ ഗ്രൂപ്പാണ് കമ്പനിയുടെ മിഡിൽ ഈസ്റ്റിലെ ബിസിനസ് പങ്കാളി. ഇവർ 2,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായാണ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച മുതൽ ഇതിനുള്ള നടപടി ആരംഭിച്ചു. മൊത്തം 50,000 പേരാണ് ജീവനക്കാരായി ഉള്ളത്. ഇതിൽ നാല് ശതമാനത്തോളം പേരെയാണ് പുറത്താക്കുന്നത്. മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും സ്റ്റാർബക്സ് ഫ്രാഞ്ചൈസികളാണ് അൽഷയ ഗ്രൂപ്പ് നടത്തുന്നത്.
ഇസ്രായേൽ അനുകൂല നിലപാടിനെ തുടർന്ന് ബഹിഷ്‍കരണ ആഹ്വാനം ശക്തമായതോടെ വിൽപനയിൽ തിരിച്ചടി നേരിടുന്നതായി മക്ഡോണാൾഡ്സും സ്റ്റാർബക്സും നേരത്തെ അറിയിച്ചിരുന്നു. ബഹിഷ്കരണം വ്യാപാരത്തെ ദോഷകരമായി ബാധിച്ചുവെന്നാണ് ഇരു കമ്പനികളും വ്യക്തമാക്കിയത്. നാല് വർഷത്തിനിടെ ഇതാദ്യമായാണ് വിൽപനയിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കമ്പനിക്ക് കഴിയാതെ പോയത്. മിഡിൽ ഈസ്റ്റ്, ചൈന, ഇന്ത്യ വിപണികളിലെല്ലാം വിൽപനയിൽ വലിയ ഇടിവാണ് ഈ കമ്പനികൾക്ക് ഉണ്ടായത്.
വിൽപനയിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാതെ പോയതോടെ കമ്പനിയുടെ ഓഹരിവിലയും ഇടിഞ്ഞിരുന്നു. ബഹിഷ്‍കരണ കാമ്പയിനുകൾ മക്ഡോണാൾഡ്സിന്റെ വിൽപനയെ ബാധിച്ചുവെന്ന് സി.ഇ.ഒ ക്രിസ് കെംപ്സിൻസ്കിയും സമ്മതിച്ചിട്ടുണ്ട്. ഇന്തോനേഷ്യ, മലേഷ്യ പോലുള്ള വിപണികളിലും തിരിച്ചടിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം തുടരുകയാണെങ്കിൽ തിരിച്ചടിയുണ്ടായ മാർക്കറ്റുകളിൽ വിൽപന ഉയരാനുള്ള സാധ്യതകൾ വിരളമാണെന്നും സി.ഇ.ഒ വിലയിരുത്തി.
ഇസ്രായേൽ സൈനികർക്ക് ഭക്ഷണപ്പൊതികൾ സൗജന്യമായി നൽകിയെന്ന മക്ഡോണാൾഡ്സിന്റെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് ബഹിഷ്‍കരണാഹ്വാനം ശക്തമായത്. മക്ഡോണാൾഡ്സിനും സ്റ്റാർബക്സിനും പുറമെ കൊക്കക്കോള, പെപ്സി അടക്കമുള്ള അമേരിക്കൻ, ഇസ്രായേൽ കമ്പനികൾക്കെതിരെയും ബഹിഷ്‍കരണാഹ്വാനം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.