ഐ.ടി കമ്പനികൾ ശ്രദ്ധയിലേക്ക്
text_fieldsയു.എസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ അമേരിക്കയിൽ പണപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചന കണ്ടുതുടങ്ങിയെന്നും പലിശനിരക്ക് കുറച്ചുതുടങ്ങുന്നത് പരിഗണനയിലാണെന്നും കഴിഞ്ഞ ദിവസം പറഞ്ഞത് ഇന്ത്യൻ ഓഹരി വിപണിക്ക് ശുഭവാർത്തയാണ്. വെള്ളിയാഴ്ച ജാക്സൻ ഹോൾ സിംപോസിയത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
പലിശനിരക്ക് കുറയുമ്പോൾ യു.എസ് കടപ്പത്രങ്ങളിലെ നിക്ഷേപം കുറയും. പകരം കൂടുതൽ ആകർഷകമായ വരുമാനം നൽകുന്ന ഇന്ത്യൻ കടപ്പത്രങ്ങളിലേക്കും ഓഹരി വിപണിയിലേക്കും പണമൊഴുകും. കുറഞ്ഞ പലിശക്ക് പണം ലഭിക്കുമ്പോൾ യു.എസ് നിക്ഷേപകർ ഇന്ത്യ ഉൾപ്പെടെ വികസ്വര രാജ്യങ്ങളിൽ കൂടുതലായി നിക്ഷേപിക്കാനിടയുണ്ട്. പലിശ ബാധ്യത കുറയുന്നത് അമേരിക്കൻ കമ്പനികളുടെ ലാഭക്ഷമത വർധിപ്പിക്കുകയും അവ കൂടുതൽ വികസന പരിപാടികൾ നടപ്പാക്കുകയും ചെയ്യും. ഇതിൽ ഇന്ത്യൻ കമ്പനികൾക്കും ധാരാളം അവസരങ്ങളുണ്ടാകും.
ഇന്ത്യൻ ഐ.ടി കമ്പനികൾക്ക് യു.എസിൽനിന്ന് കൂടുതൽ കരാറുകളും മികച്ച നിരക്കിനും അവസരമൊരുങ്ങുകയാണ്. യു.എസ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിന്റെ നിഴലിലായത് ഇന്ത്യൻ ഐ.ടി കമ്പനികളെ കാര്യമായി ബാധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ഇന്ത്യൻ ഐ.ടി കമ്പനികൾ നിക്ഷേപകർക്ക് കാര്യമായ വരുമാനം നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഐ.ടി ഓഹരികളുടെ മൂല്യം ആകർഷകമായ നിലയിലേക്ക് വന്നിട്ടുണ്ട്. അടുത്ത ഒന്നോ രണ്ടോ വർഷം ഐ.ടി ഓഹരികൾ മികച്ച പ്രകടനം നടത്തുമെന്നാണ് കരുതുന്നത്. യു.എസ് പലിശ നിരക്ക് കുറക്കുമെന്ന സൂചന വന്നതോടെ കഴിഞ്ഞ പാദം മുതൽ ഐ.ടി ഓഹരികളിൽ ചലനം കണ്ടുതുടങ്ങിയിട്ടുണ്ട്. അടുത്ത പാദത്തോടെ ഇത് ശക്തമാകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.