Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആദായ നികുതി ഇളവ് നേടാൻ...

ആദായ നികുതി ഇളവ് നേടാൻ സമയമായി

text_fields
bookmark_border
ആദായ നികുതി ഇളവ് നേടാൻ സമയമായി
cancel

ഒരുപക്ഷേ, ആദായ നികുതി ഇളവ് ലഭിക്കാനായി ചെലവുകളുടെയും നിക്ഷേപങ്ങളുടെയും രേഖകൾ സംഘടിപ്പിക്കുകയെന്ന എല്ലാ മാർച്ചിലെയും ശ്രമകരമായ ദൗത്യത്തിന് വലിയൊരു വിഭാഗത്തിന് ഈ വർഷത്തോടെ അറുതിയാകും. 2025-26 വർഷം മുതൽ 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി വേ​ണ്ടെന്ന കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം ഏറെ ആശ്വാസകരമാണെങ്കിലും അതിന്റെ ഗുണം അടുത്തവർഷം മുതലേ ലഭിക്കൂ. പഴയ നികുതി സമ്പ്രദായത്തിൽ നികുതി അടക്കുന്നവർക്ക് ഈ വർഷവും നികുതി ആനുകൂല്യത്തിനുള്ള നിക്ഷേപങ്ങൾ നടത്താനുള്ള അവസാന സമയമാണ് മാർച്ച് 31.

കഴിഞ്ഞ വർഷത്തെ മൊത്തം വരുമാനം നികുതി ഇളവ് പരിധി കവിയുന്ന ഏതൊരു വ്യക്തിയും അവരുടെ ഐ.ടി.ആർ അല്ലെങ്കിൽ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാൻ ബാധ്യസ്ഥനാണ്. ഇപ്പോൾ ഓൺലൈനായി ഇത് സമർപ്പിക്കാൻ ലളിതമായ ഇ-ഫയലിങ് സംവിധാനമുണ്ട്. ഇങ്ങനെ റിട്ടേൺ ഇ-ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആണെങ്കിലും കിഴിവുകളും മറ്റു ഇളവുകളും ലഭിക്കാനുള്ള നിക്ഷേപങ്ങളും മറ്റും മാർച്ച് 31ന് മുമ്പുതന്നെ പൂർത്തിയാക്കണം.

ആദായ നികുതി ബാധ്യത നിർണയിക്കാൻ രണ്ടു സമ്പ്രദായങ്ങളാണ് നിലവിലുള്ളത്- പഴയതും പുതിയതും. പഴയ ഘടനയിൽ മൊത്ത നികുതി വരുമാനത്തിൽ നിന്ന് ആദായനികുതി കിഴിവുകൾ കുറക്കാൻ കഴിയും. പുതിയ ഘടനയിൽ ഈ കിഴിവുകളൊന്നും ലഭിക്കില്ല.

80സി പ്രകാരമുള്ള ലൈഫ് ഇൻഷുറൻസ് പ്രീമിയം, കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്, ഭവന വായ്പയുടെ മുതലിന്റെ തിരിച്ചടവ്, പ്രൊവിഡന്റ് ഫണ്ട്, നാഷനൽ സേവിങ്സ് സ്‌കീം, തുടങ്ങിയവയിലുള്ള നിക്ഷേപം (ഇവയെല്ലാം കൂടി 1.50 ലക്ഷം രൂപയാണ് പരമാവധി കിഴിവ് ലഭിക്കുക), വീട്ടുവാടക അലവൻസ്, ഭവന വായ്പയുടെ പലിശ, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, വിദ്യാഭ്യാസ വായ്പയുടെ പലിശ, ജീവകാരുണ്യ സ്ഥാപനങ്ങൾക്കുള്ള സംഭാവന എന്നിവയെല്ലാം ഇളവുകൾക്ക് അർഹമാണ്. നാഷനൽ പെൻഷൻ സ്കീമിൽ (എൻ.പി.എസ്) നിക്ഷേപിക്കുകയാണെങ്കിൽ ഇതിനുപുറമെ 50,000 രൂപവരെ കിഴിവ് അനുവദനീയമാണ്. സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങളിൽ 10000 രൂപ വരെ പലിശ കിഴിവ് അവകാശപ്പെടാം.

സെക്ഷൻ 80 ജി.ജി അനുസരിച്ച് വാടക വീട്ടിൽ താമസിക്കുന്ന വ്യക്തികൾക്ക് കമ്പനി തരുന്ന എച്ച്.ആർ.എ (വീട്ടുവാടക അലവൻസ്) നികുതിയിൽനിന്ന് ഒഴിവാക്കാവുന്നതാണ്.

ശമ്പള വരുമാനക്കാർക്ക് മാത്രം ബാധകമായ കിഴിവാണ് സ്റ്റാൻഡേഡ് ഡിഡക്ഷൻ. പുതിയ സ്കീമിലും പഴയ സ്കീമിലും ഈ ഇളവ് ലഭിക്കും. പുതിയ നികുതി ഘടന പ്രകാരം 75,000 രൂപയും പഴയ ഘടന പ്രകാരം 50,000 രൂപയുമാണ് സ്റ്റാൻഡേഡ് ഡിഡക്ഷൻ.

പഴയ ഘടനയിൽ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം രണ്ടര ലക്ഷത്തിന് മുകളിലാണെങ്കിൽ നികുതി ബാധ്യതയുണ്ടെങ്കിലും 87എ പ്രകാരം റിബേറ്റുള്ളതിനാൽ അഞ്ചുലക്ഷം വരെ നികുതിയടക്കേണ്ടതില്ല. അഞ്ചു ലക്ഷത്തിനു മുകളിലാണ് വരുമാനമെങ്കിൽ രണ്ടര ലക്ഷം രൂപ മുതലുള്ള നിരക്കിൽ നികുതിയടക്കണം. അതായത്, അഞ്ചു ലക്ഷത്തിനേക്കാൾ ഒരു രൂപ മാ​ത്രമാണ് കൂടുന്നതെങ്കിലും 12,500 രൂപയായിരിക്കും നികുതി. രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ അഞ്ചു ശതമാനമാണ് നികുതി (ചാർട്ട് ഒന്ന് നോക്കുക). പക്ഷേ, നിരവധി കിഴിവുകൾ ലഭ്യമാണ്. ഇതിന് ശേഷമുള്ള തുകയാണ് നികുതിക്ക് പരിഗണിക്കുക.

പുതിയ ഘടനയിൽ 87 എ വകുപ്പുപ്രകാരം ഏഴുലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല. അതിനു മുകളിലാണെങ്കിൽ മൂന്നു ലക്ഷം രൂപക്ക് മുകളിലുള്ള തുകക്ക് പുതിയ സ്ലാബ് നിരക്കിൽ നികുതി നൽകണം. എന്നാൽ, ഏഴുലക്ഷം രൂപക്ക് അൽപം ഉയർന്ന വരുമാനമാണുള്ളതെങ്കിൽ മാർജിനൽ റിലീഫ് ആനുകൂല്യം ലഭിക്കും. അതായത്, ഏഴു ലക്ഷം രൂപക്ക് മുകളിലുള്ള വരുമാനം, ആ വരുമാനത്തിനുള്ള നികുതി, ഇതിൽ ഏതാണ് കുറവ് അത് അടച്ചാൽ മതി.

സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 7.75 ലക്ഷം രൂപ വരെയാണെങ്കിൽ പുതിയ സ്ലാബ് ഉറപ്പായും തിരഞ്ഞെടുക്കാം. 75,000 രൂപ സ്റ്റാൻഡേഡ് ഡിഡക്ഷൻ ലഭിക്കുന്നതിനാലാണിത്. തൊഴിലുടമ നിങ്ങളുടെ പേരിൽ എൻ.പി.എസ് വിഹിതം അടക്കുന്നുണ്ടെങ്കിൽ 50,000 രൂപ വരെ വീണ്ടും കുറക്കാം. ഫലത്തിൽ 8.25 ലക്ഷം രൂപ വരെ പുതിയ സ്കീമിൽ നികുതിയുണ്ടാകില്ല. ഏഴര ലക്ഷത്തിനുമേൽ വരുമാനമുള്ളവർക്ക് മൊത്തം ഇളവുകൾ ഒന്നര ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പുതിയ സ്കീമാണ് നല്ലത്. എന്നാൽ, ഇവർക്ക് മൊത്തം മൂന്നു ലക്ഷത്തിന് മുകളിൽ കിഴിവ് അവകാശപ്പെടാനാവുമെങ്കിൽ പഴയ സ്കീമായിരിക്കും ലാഭം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxBusiness Newscentral govermentfinancial planning
News Summary - It's time to get income tax relief.
Next Story
RADO