അതിസമ്പന്ന പട്ടം തിരിച്ച് പിടിച്ച് ആമസോൺ അധിപൻ ജെഫ് ബെസോസ്
text_fieldsന്യൂയോർക്ക്: ആറാഴ്ചയോളം നീണ്ട ഇടവേളക്ക് ശേഷം ലോകത്തെ അതിസമ്പന്നപ്പട്ടം തിരിച്ചുപിടിച്ച് ആമസോൺ ഉടമ ജെഫ് ബെസോസ്. ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ലയുടെ സ്ഥാപകൻ ഇലൺ മസ്കിനെ പിന്തള്ളിയാണ് ജെഫ് അതിസമ്പന്നപ്പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. ടെസ്ലയുടെ ഒാഹരി മൂല്യത്തിൽ 2.4 ശതമാനത്തിന്‍റെ ഇടിവുണ്ടായത് ജെഫിന് അനകൂലമാകുകയായിരുന്നു. ജെഫിന്‍റെ ആസ്തി മൂല്യം 191.2 ബില്യൺ ഡോളറാണ്. 955 മില്യൺ ഡോളർ കുറവാണ് ഇലൺ മാസ്കിന്റെ ആസ്തി മൂല്യം.
ജെഫ് ബസോസിനെ പിന്നിലാക്കി ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്ക് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായത് കഴിഞ്ഞ ജനുവരി ആദ്യ വാരത്തിലാണ്. 2017 ഒക്ടോബർ മുതൽ ലോകത്തിലെ 500 അതിസമ്പന്നരുടെ റാങ്കിങ്ങായ ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയിൽ ജെഫ് ബസോസ് ഒന്നാമനായി തുടരുകയായിരുന്നു.
കോവിഡ് മഹാമാരിയെ തുടർന്ന് ലോകമെങ്ങും ലോക്ക്ഡൗണും സാമൂഹിക അകലവും പരമ്പരാഗത കച്ചവടങ്ങൾക്ക് നഷ്ടമുണ്ടാക്കിയപ്പോൾ ഒാൺലൈൻ വ്യാപാര ഭീമൻ ആമസോണിെൻറ ഉടമ സ്വത്ത് ഇരട്ടിയോളം വർധിപ്പിച്ചിരുന്നു. കോവിഡ് തുടങ്ങിയ ജനുവരി മുതൽ ആഗസ്റ്റ് വരെ കാലയളവിൽ ജെഫിന്‍റെ സ്വത്തിൽ 90 ശതമാനം വർധനയാണുണ്ടായത്.
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിനെ പിന്തള്ളിയാണ് 2017 ൽ ജെഫ് അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയത്. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വിവാഹമോചനം നടത്തിയതിലൂടെ ജെഫ് ബെസോസിെൻറ സമ്പത്തിൽ പെട്ടൊന്ന് ഇടിവുണ്ടായിരുന്നു. ഭാര്യയായിരുന്ന മക്കെൻസീ സ്കോട്ടിന് തെൻറ ആമസോൺ ഒാഹരിയുടെ 25 ശതമാനം കൈമാറിയാണ് 2019 ജൂലൈയിൽ ബെസോസ് വിവാഹ മോചനം നേടിയത്.
അതിസമ്പന്നപ്പട്ടികയിൽ രണ്ടാമതായുണ്ടായിരുന്ന ബിൽഗേറ്റ്സിനെ പിന്തള്ളി മുന്നോട്ട് വന്ന ടെസ്ലയുടെ ഇലൺ മസ്ക് പിന്നീട് ഒന്നാമതെത്തിയെങ്കിലും ആഴ്ചകൾ മാത്രമാണ് ഈ സ്ഥാനം നില നിർത്താനായത്. ബഹിരാകാശ യാത്രകൾ ആസൂത്രണം ചെയ്യുന്ന ബ്ലൂ ഒറിജിൻ കമ്പനിയിലും വാഷിങ്ടൺ പോസ്റ്റിലും ജെഫിന് നിക്ഷേപമുണ്ട്. സമ്പന്നപ്പട്ടികയിൽ ഇപ്പോൾ രണ്ടാമതായുള്ള ഇലൺ മാസ്കാണ് ബഹിരാകാശ പര്യേവഷണ കമ്പനിയായ സ്പേസ് എക്സിന്റെ സ്ഥാപകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.