കേരള ബ്രാൻഡ്
text_fieldsകേരളത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരമുള്ള പ്രയോഗമാണ് ‘രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യം’ എന്ന്. ഇപ്പോഴിതാ രാജ്യത്തെ സ്വന്തം ബ്രാൻഡുമായി കേരളം വേറിട്ട വഴി വെട്ടിയിരിക്കുന്നു. കണ്ടു ശീലിച്ച മെയ്‌ഡ് ഇൻ ഇന്ത്യക്ക് പകരം സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ ഗുണനിലവാരത്തിന്‍റെ ‘മെയ്‌ഡ് ഇൻ കേരള’ സർട്ടിഫിക്കറ്റ് ലഭ്യമാക്കിത്തുടങ്ങിയിരിക്കുന്നു. ‘നന്മ’ എന്ന പേരിലാണ് കേരള ബ്രാൻഡ്.
വികസിത രാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോൾ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ആഗോളതലത്തിൽ അറിയപ്പെടുന്ന ‘കേരളം’ എന്ന ബ്രാൻഡ് ഉൽപാദന, സേവന മേഖലകളിലും പ്രയോജനപ്പെടുത്താനാണ് ശ്രമം. ആദ്യഘട്ടമായി കേരളത്തിന്‍റെ സ്വന്തം വെളിച്ചെണ്ണക്കാണ് കേരള ബ്രാൻഡ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. വിവിധ ജില്ലകളിലെ അഞ്ച് യൂനിറ്റുകൾക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.
വെളിച്ചെണ്ണ ബ്രാൻഡ്
പൂർണമായും കേരളത്തിൽനിന്നും സംഭരിക്കുന്ന നാളികേരം/ കൊപ്ര മാത്രം ഉപയോഗിച്ച്, കേരളത്തിൽ തന്നെ നിർമിക്കുന്ന വെളിച്ചെണ്ണക്കാണ് കേരള ബ്രാൻഡ് നൽകിയത്. വെളിച്ചെണ്ണ വിപണിയിൽ അംഗീകൃതമായ അഗ്മാർക്ക്, ബി.ഐ.എസ് 542: 2018 സർട്ടിഫിക്കേഷനുകളിൽ ഏതെങ്കിലും ഒരു സർട്ടിഫിക്കേഷനുള്ള, ഉദ്യം രജിസ്ട്രേഷൻ എടുത്തിട്ടുള്ള കേരളത്തിലെ വെളിച്ചെണ്ണ നിർമാണ യൂനിറ്റുകളെയാണ് പരിഗണിക്കുന്നത്. 14 യൂനിറ്റുകൾക്കുള്ള നടപടിക്രമം പുരോഗമിക്കുന്നുണ്ട്.
അംഗീകാരം നേടിയ യൂനിറ്റുകൾ
- എം.ആർ.എൽ കുട്ടനാടൻ വെളിച്ചെണ്ണ (ആലപ്പുഴ),
- കെഡിസൺ എക്‌സ്‌പെല്ലേഴ്‌സ് (കോട്ടയം),
- വാരപ്പെട്ടി വെളിച്ചെണ്ണ (എറണാകുളം),
- കെ.എം ഓയിൽ ഇൻഡസ്ട്രീസ്, (കണ്ണൂർ),
- കല്ലട്ര ഓയിൽ മിൽസ് (കാസർകോട്)
നന്മ അഥവാ മെയ്‌ഡ് ഇൻ കേരള
കേരളത്തിൽ നിർമിക്കുന്ന ഉൽപന്നങ്ങൾ/ നൽകുന്ന സേവനങ്ങൾ എന്നിവക്ക് ആഗോള ഗുണനിലവാരം കൊണ്ടു വരികയും, അതുവഴി ഈ ഉൽപന്നങ്ങൾ/ സേവനങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിലുള്ള വിപണനസാധ്യത കൂട്ടുകയും എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ വിഭാവനംചെയ്ത പദ്ധതിയാണ് ‘കേരള ബ്രാൻഡ്’. ഉയർന്ന ഗുണനിലവാരം, ധാർമികത, ഉത്തരവാദിത്ത വ്യവസായിക രീതികൾ എന്നിവയോട് കൂറ് പുലർത്തിക്കൊണ്ട് കേരളത്തിലെ സംരംഭകരുടെ ഉൽപന്നങ്ങളെയും/ സേവനങ്ങളെയും ആഗോളവിപണിക്ക് പരിചയപ്പെടുത്തുകയും ഇതിലൂടെ കേരളത്തിലെ വ്യവസായങ്ങൾക്ക് പൊതുവായി ഒരു സ്വത്വം സൃഷ്ടിച്ചെടുക്കുകയുമാണ് കേരള ബ്രാൻഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.
കേരള ബ്രാൻഡിന്‍റെ സവിശേഷത:
- കേരളത്തിൽനിന്നുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ഉൽപന്ന നിർമാണം
- മുഴുവനായും കേരളത്തിൽ തന്നെ നിർമിക്കുന്നത്
- ബാലവേല പ്രോത്സാഹിപ്പിക്കാത്തത്
- ലിംഗ/ വർഗ/ ജാതി വിവേചനമില്ലാതെ പ്രവർത്തിക്കുന്ന ജോലി സ്ഥലങ്ങൾ
- പരിസ്ഥിതി സൗഹൃദവും പരിസ്ഥിതി ബോധമുള്ളതുമായ പ്രവർത്തനങ്ങൾ
- സുരക്ഷിതവും വൃത്തിയുള്ളതും പുരോഗമനപരവുമായ ജോലിസ്ഥലങ്ങൾ
- സാങ്കേതികവിദ്യയിൽ ഊന്നിയ പ്രവർത്തനങ്ങൾ
ലഭിക്കുന്ന ആനുകൂല്യങ്ങൾ
ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ ‘മെയ്‌ഡ് ഇൻ കേരള’ എന്ന തനതായ ബ്രാൻഡ് നാമത്തിൽ അവരുടെ ഉൽപന്നങ്ങളോ സേവനങ്ങളോ വിപണനംചെയ്യാൻ കഴിയും. ഉയർന്ന നിലവാരമുള്ള സർട്ടിഫിക്കേഷനുകൾ നേടുന്നതിനുള്ള സാമ്പത്തിക സഹായം, കയറ്റുമതി മെച്ചപ്പെടുത്തുന്നതിന് കൂടുതൽ സഹായിക്കും.
അന്താരാഷ്ട്ര വ്യാപാര മേളകളിലും മാർക്കറ്റിങ് എക്സ്പോകളിലും പ്രദർശിപ്പിക്കുന്ന ഉൽപന്നങ്ങളുടെ/ സേവനങ്ങളുടെ പട്ടികയിൽ പരിഗണിക്കപ്പെടും.
അപേക്ഷ പരിഗണിക്കുന്ന രീതി
കേരള ബ്രാൻഡിനുള്ള അപേക്ഷകൾ താലൂക്ക്‌തല സെലക്ഷൻ കമ്മിറ്റി പരിഗണിക്കുകയും അതത് ഉൽപന്നത്തിന്/ സേവനത്തിന് സംസ്ഥാനതല കമ്മിറ്റി അംഗീകരിച്ച മാനദണ്ഡത്തെ അടിസ്ഥാനമാക്കി കേരള ബ്രാൻഡ് നൽകുകയും ചെയ്യും.
തിരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡങ്ങൾ
എല്ലാ മേഖലയിൽനിന്നുമുള്ള ഉൽപന്നങ്ങൾ പാലിക്കേണ്ട പൊതുവായ മാനദണ്ഡങ്ങളുണ്ടാവും. അതത് മേഖലക്കുള്ള പ്രത്യേക (സെക്ടർ സ്പെസിഫിക്) മാനദണ്ഡങ്ങളുണ്ടാവും. കേരള ബ്രാൻഡിന്‍റെ ഗുണനിലവാരം, ധാർമികത, ഉത്തരവാദിത്ത വ്യവസായം എന്നിവ ഉറപ്പാക്കുന്ന ഒരു ചെക്ക് ലിസ്റ്റുണ്ടാവും. കേരള ബ്രാൻഡിന് കീഴിൽ വിപണനംചെയ്യുന്ന ഉൽപന്നങ്ങളും സേവനങ്ങളും വിപണിയിൽ നിലവിലുള്ള ഗുണനിലവാര മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കും.
അപേക്ഷിക്കേണ്ട വിധം
www.keralabrand.industry.kerala.gov.in എന്ന പോർട്ടലിൽ ബ്രാൻഡിനായി അപേക്ഷിക്കാം. സ്വയം പ്രഖ്യാപിത ചെക്ക് ലിസ്റ്റും വേണ്ട സപ്പോർട്ടിങ് രേഖകളുംകൂടി സമർപ്പിക്കണം. അപേക്ഷ പരിശോധിച്ച് അതത് പ്രദേശത്തെ ഐ.ഇ.ഒയുടെയും എ.ഡി.ഐ.ഒയുടെയും നേതൃത്വത്തിൽ തുടർനടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.