ജി.എസ്.ടി വെട്ടിപ്പ് തടയാൻ 'ആപ്പ്'; 'ബില്ലുകൾ അപ്ലോഡ് ചെയ്യാം, സമ്മാനം വാങ്ങാം'
text_fieldsതിരുവനന്തപുരം: വ്യാപാര മേഖലയിൽ നികുതി ചോർച്ച ഒഴിവാക്കാൻ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന ലക്കി ബില്‍ മൊബൈല്‍ ആപിന്റെ ഉദ്ഘാടനം 16ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകള്‍ നേരിട്ട് വകുപ്പിന് ലഭ്യമാക്കുകയാണ് ലക്ഷ്യം. ബിൽ ചോദിച്ച് വാങ്ങാൻ ജനത്തെ പ്രേരിപ്പിക്കുന്നതോടൊപ്പം കൃത്യമായ ബില്ല് നല്കാന് വ്യാപാരികളെ നിര്‍ബന്ധിതമാക്കുകയും ചെയ്യും. ജനങ്ങള്‍ നല്കുന്ന നികുതി പൂര്‍ണമായും സര്‍ക്കാറിലേക്ക് എത്തുന്നതോടെ നികുതി വരുമാനത്തില്‍ ഗണ്യമായ വർധന ഉണ്ടാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
ലക്കി ബിൽ ആപില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ബില്ലുകള്‍ക്ക് നറുക്കെടുപ്പിലൂടെ പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങള്‍ കൂടാതെ, ബംപര്‍ സമ്മാനവും നല്‍കും. പ്രതിദിന നറുക്കെടുപ്പിലൂടെ കുടുംബശ്രീ നല്കുന്ന 1000 രൂപ വിലവരുന്ന ഗിഫ്റ്റ് പാക്കറ്റ് 25 പേര്‍ക്കും വനശ്രീ നല്കുന്ന 1000 രൂപ വിലവരുന്ന സമ്മാനങ്ങള്‍ 25 പേര്‍ക്കും ലഭിക്കും.
പ്രതിവാര നറുക്കെടുപ്പിലൂടെ കെ.ടി.ഡി.സിയുടെ മൂന്ന് പകല്‍/രണ്ട് രാത്രി വരുന്ന സൗജന്യ ഫാമിലി താമസസൗകര്യം 25 പേര്‍ക്ക് ലഭിക്കും. പ്രതിമാസ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന ആള്‍ക്ക് 10 ലക്ഷം രൂപയും രണ്ടാം സമ്മാനം രണ്ടു ലക്ഷം വീതം അഞ്ചു പേര്‍ക്കും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം അഞ്ചു പേര്‍ക്കും ലഭിക്കും. ബംപര്‍ വിജയിക്ക് 25 ലക്ഷം രൂപയും ലഭിക്കും. പ്രതിവര്‍ഷം അഞ്ചു കോടി രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കുന്നത്.
ലക്കി ബില്‍ ആപ് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍നിന്നും സംസ്ഥാന ചരക്ക് സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in ല്‍നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം. തുടര്‍ന്ന് പേര്, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നല്കി രജിസ്റ്റര്‍ ചെയ്യണം. ശേഷം ഉപയോക്താക്കള്‍ക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകള്‍ അപ്ലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.