ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ ജീവൻ രക്ഷിച്ച് കിംസ് ഹെൽത്ത് ഹോസ്പിറ്റൽ
text_fieldsമസ്കത്ത്: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ത്യൻ പൗരന്റെ ജീവൻ രക്ഷിച്ച് ഒമാനിലെ കിംസ് ഹെൽത്ത് ഹോസ്പ്പിറ്റൽ. വയറുവേദനയുടെയും ഛർദ്ദിയുടെയും ലക്ഷണങ്ങളുമായി 35 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ മെഡിക്കൽ സംഘം നടത്തിയ പരിശോധനയിൽ സുപ്രധാന അവയവങ്ങൾക്ക് നെക്രോറ്റിസ് തകരാറുണ്ടെന്ന് മനസ്സിലാക്കുകയും അത് സെപ്റ്റിക് ഷോക്കിലേക്ക് നയിക്കുന്ന അക്യൂട്ട് പാൻക്രിയാറ്റിസ് ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. 30 ശതമാനം മാത്രമായിരുന്നു അതിജീവിക്കാനുള്ള സാധ്യതയുണ്ടായിരുന്നത്.
എന്നാൽ, കൺസൾട്ടന്റ് ജനറൽ സർജൻ ഡോ. അബ്ദുൾറസാഖ് അൽഫാദിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ ടീം, സൂക്ഷ്മമായ പരിചരണത്തിലൂടെ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് രോഗിയെ രക്ഷിക്കുകയായിരുന്നു.
രോഗിയുടെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡോ. അൽഫാദി പറഞ്ഞു. ഫെബ്രുവരി 25ന് കഠിനമായ നെക്രോറ്റൈസിങ് പാൻക്രിയാറ്റിസ് ബാധിച്ച് രോഗിയെത്തുമ്പോൾ സാധ്യതകളെല്ലാം അദ്ദേഹത്തിന് എതിരായിരുന്നു. ഇവിടെ നിന്ന് പൂർണ ആരോഗ്യവാനായ വ്യക്തിയിലേക്കുള്ള യാത്ര തികച്ചും അത്ഭുതമുളവാക്കുന്നതാണെന്ന് ഡോക്ടർ പറഞ്ഞു.
രോഗിയുടെ അവയവങ്ങൾ സംരക്ഷിക്കുന്നതിനും മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനുമായി ഒന്നിലധികം ശസ്ത്രക്രിയകളാണ് നടത്തിയത്. ഹൃദ്രോഗ വിദഗ്ധൻ ഡോ. അഹമ്മദ് ഹമൂദ, കാർഡിയോളജി സ്പെഷലിസ്റ്റ് ഡോ. വിവേക് മുത്തുകുമാരസ്വാമി, സ്പെഷലിസ്റ്റ്, ഇന്റൻസിവിസ്റ്റ് ഡോ. അഹമ്മദ് ഫരീദ്, ക്ലിനിക്കൽ ഫാർമസിസ്റ്റ് ഡോ. ദിമ സെയ്നെദ്ദീൻ, ഐ.സി.യു നഴ്സിങ് ടീം തുടങ്ങിയവരടങ്ങുന്ന സംഘമായിരുന്നു ശസ്ത്രക്രിയക്കും പരിചരണത്തിനും നേതൃത്വം നൽകിയിരുന്നത്. രോഗികളുടെ ക്ഷേമത്തിനായുള്ള കിംസ് ഹെൽത്ത് ഹോസ്പിറ്റലിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് അസാധാരണ സാഹചര്യത്തിലായിട്ടും രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് മാനേജ്മെന്റ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.