കടലോളം നേട്ടങ്ങളുമായി കൊച്ചി കപ്പൽശാല
text_fieldsവിദേശങ്ങളിൽനിന്നുള്ള നിരവധി കപ്പൽ നിർമാണ കരാറുകൾ ഉൾപ്പെടെയുള്ള മികച്ച വരുമാനവും ഓഹരി കുതിപ്പുമായി നേട്ടങ്ങളുടെ നെറുകയിലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചി ഷിപ്പ് യാർഡ്. ഇതുവരെ വാണിജ്യ, പ്രതിരോധ മേഖലകളിൽനിന്നായി കൊച്ചി കപ്പൽശാലക്ക് ലഭിച്ചത് 22,000 കോടിയുടെ കപ്പൽ നിർമാണ കരാറാണ്.
2023-24 സാമ്പത്തിക വർഷത്തിലെ കൊച്ചി കപ്പൽശാലയുടെ നികുതിക്ക് മുമ്പുള്ള ലാഭം 1093.62 കോടി രൂപയും നികുതിക്ക് ശേഷമുള്ള ലാഭം 813.10 കോടി രൂപയുമാണെന്ന് അധികൃതർ വ്യക്തമാക്കി. 2022-23ൽ നികുതിക്ക് മുമ്പുള്ള ലാഭം 448.51 കോടിയും എല്ലാ നികുതിയും കഴിഞ്ഞുള്ള ലാഭം 334.49 കോടിയുമായിരുന്നു. ഷിപ്പ് യാർഡിന്‍റെ ഓഹരികൾ ഏതാനും ആഴ്ചകളായി റെക്കോഡ് പ്രകടനമാണ് നടത്തുന്നത്. യൂറോപ്പിൽനിന്ന് 1000 കോടിയുടെ കയറ്റുമതി ഓർഡർ കൊച്ചി കപ്പൽശാലക്ക് കിട്ടിയിരുന്നു.
മാരിടൈം- ഷിപ്പിങ് മേഖലയിലെ ആഗോള ഹബ്ബ്
4,000 കോടി രൂപയുടെ ഡ്രൈഡോക്, രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം (ഐ.എസ്.ആർ.എഫ്), ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ എൽ.പി.ജി ഇറക്കുമതി ടെർമിനൽ എന്നിവ രണ്ട് മാസം മുമ്പ് കപ്പൽശാലയിൽ രാജ്യത്തിന് സമർപ്പിച്ചിരുന്നു.
നിലവിൽ കപ്പൽശാലക്ക് 1,10,000 ഡി.ഡബ്ല്യു.ടി (കപ്പലിന് വഹിക്കാൻ കഴിയുന്ന ഭാരത്തിന്റെ അളവായ ഡെഡ് വെയ്റ്റ് ടണ്ണേജ്) വരെ കപ്പലുകൾ നിർമിക്കാനും 1,25,000 ഡി.ഡബ്ല്യു.ടിവരെയുള്ള കപ്പലുകൾ അറ്റകുറ്റപ്പണി നടത്താനുമുള്ള ശേഷി ഇവിടെയുണ്ട്. മാരിടൈം - ഷിപ്പിങ് മേഖലയിൽ ആഗോള ഹബ്ബായി ഉയരാനുള്ള വഴിയാണ് കപ്പൽശാലയിലൂടെ കൊച്ചിക്ക് ഒരുങ്ങിയിരിക്കുന്നത്.
കൊച്ചി കപ്പൽശാലയിലെ 15 ഏക്കറിൽ 1,800 കോടി രൂപ ചെലവിൽ നിർമിച്ച ഡ്രൈ ഡോക്ക് കപ്പൽ നിർമാണ രംഗത്ത് ഷിപ്‌യാഡിന്‍റെ വളർച്ചക്ക് ആക്കം കൂട്ടുന്നതാണ്. 310 മീറ്റർ നീളവും 75 മീറ്റർ വീതിയും 13 മീറ്റർ ആഴവുമുള്ള ഡ്രൈ ഡോക്ക് ദക്ഷിണേഷ്യയിലെതന്നെ ഏറ്റവും വലുതാണെന്ന പ്രത്യേകതയുമുണ്ട്.
70,000 ടൺവരെ ഭാരമുള്ള കൂറ്റൻ വിമാനവാഹിനി കപ്പലുകൾ, എൽ.എൻ.ജി കാരിയറുകൾ, ഡ്രഡ്ജറുകൾ, വാണിജ്യ യാനങ്ങൾ തുടങ്ങിയവയെല്ലാം ഇവിടെ നിർമിക്കാനാകും. ഇന്ത്യയുടെ അഭിമാനമായ തദ്ദേശീയ വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത്, ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഫെറി, കൊച്ചി വാട്ടർമെട്രോ ബോട്ടുകൾ തുടങ്ങിയവയൊക്കെ കൊച്ചി കപ്പൽശാലയുടെ നേട്ടങ്ങളിലെ പൊൻതൂവലാണ്.
നെതർലാൻഡ്സ് കേന്ദ്രമായ ലോജിസ്റ്റിക്സ് കമ്പനിക്ക് വേണ്ടിയുള്ള രണ്ട് ഹരിത ഹൈഡ്രജൻ ഇന്ധന കണ്ടെയ്നർ കപ്പലുകളുടെ നിർമാണവും ഷിപ്പ് യാർഡിൽ ആരംഭിച്ചിരിക്കുകയാണ്. വായുമലിനീകരണമുണ്ടാക്കാതെ, ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ കണ്ടെയ്നർ കപ്പൽ നിർമാണങ്ങളിലൊന്നു കൂടിയാണ്. 550 കോടി രൂപയാണ് രണ്ടു കപ്പലുകളുടേയുംകൂടി നിർമാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
പുതിയ ഡ്രൈ ഡോക് വന്നതോടെ ഐ.എൻ.എസ് വിക്രാന്ത് പിറവിയെടുത്ത ഷിപ്‌യാഡിൽ തന്നെ രണ്ടാം വിമാനവാഹിനി നിർമിക്കാനും കരാർ ലഭിക്കാനുള്ള സാധ്യതയുമേറി. ഉന്നത നിലവാരത്തിലുള്ള വെസ്സലുകൾക്കായി നോർവേ, നെതർലൻഡ്സ്, യു.എസ്.എ എന്നിവിടങ്ങളിൽനിന്നൊക്കെ കപ്പൽശാലക്ക് ഓർഡറുകളെത്തുകയാണ്.
6,000 ടൺവരെ ഭാരം ഉയർത്താനാകുന്ന ഷിപ് ലിഫ്റ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ള ഇന്‍റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റി (ഐ.എസ്.ആർ.എഫ്) കപ്പലുകളുടെ അറ്റകുറ്റപ്പണി മേഖലയിൽ കൊച്ചി ഷിപ്‌യാഡിന് വൻ കുതിപ്പു നൽകുമെന്നാണ് വിലയിരുത്തൽ.
ലാഭം ആറുമടങ്ങ് വർധിച്ചു; ഓഹരി വിലയിലും കുതിപ്പ്
കഴിഞ്ഞ ദിവസം നാലാം പാദഫലം പുറത്തുവന്നപ്പോൾ കൊച്ചി കപ്പൽശാലയുടെ ലാഭത്തിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒരു വർഷം കൊണ്ട് ലാഭം ആറുമടങ്ങിലേറെ വർധിച്ചു. ഇതിന്റെ പ്രതിഫലനം അടുത്ത ദിവസങ്ങളിൽ ഓഹരിവിലയിൽ പ്രതീക്ഷിക്കാം. കഴിഞ്ഞ ഒരാഴ്ചക്കിടെ ഓഹരി വില 37 ശതമാനവും ആറുമാസത്തിനിടെ 236 ശതമാനവും ഒരു വർഷത്തിനിടെ 695 ശതമാനവും അഞ്ചുവർഷത്തിനിടെ 865 ശതമാനവും വർധിച്ചു.
108 രൂപയെന്ന വിലയില്‍നിന്നാണ് കമ്പനിയുടെ ഓഹരികള്‍ അഞ്ചുവർഷം കൊണ്ട് 1,900 രൂപയിലേക്ക് കുതിച്ചത്. വെള്ളിയാഴ്ച കൊച്ചി കപ്പൽശാലയുടെ ഓഹരി വില 1905 രൂപയായിരുന്നു. ഇനിയും ദീർഘകാല സാധ്യതകൾ ഏറെയാണെന്നാണ് വിലയിരുത്തൽ. യൂറോപ്പിൽനിന്ന് ഉൾപ്പെടെ തുടർച്ചയായി ലഭിക്കുന്ന ഓർഡറുകൾ കമ്പനിക്ക് കരുത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.