കെ.എസ്.എഫ്.ഇ ഭദ്രത ചിട്ടി: മെഗാസമ്മാനം കാർ എ.പി. ബിനിലിന്
text_fieldsകോട്ടയം: വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ അധികകാലം നിലനിൽക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര അംഗീകാരമുണ്ടെന്ന് അവകാശപ്പെട്ട് നിധി കമ്പനികളെന്ന പേരിൽ പതിനാലും പതിനഞ്ചും ശതമാനം പലിശ വാഗ്ദാനം ചെയ്ത് സ്ഥാപനങ്ങൾ രംഗത്തെത്തുന്നുണ്ട്.
ഇത്രയും ഉയർന്ന പലിശ നൽകി അധികകാലം ഇവർക്ക് മുന്നോട്ടുപോകാനാകില്ല. ഉയർന്ന പലിശ വാഗ്ദാനം ചെയ്യുമ്പോൾതന്നെ ഇത് മനസ്സിലാകും. എന്നാൽ, ഇതിൽ വിശ്വസിച്ച് വിദ്യാസമ്പന്നർ അടക്കം പണം നിക്ഷേപിക്കുകയാണ്. കെ.എസ്.എഫ്.ഇ ഭദ്രത 2021 ചിട്ടിയിലെ മെഗാസമ്മാന നറുക്കെടുപ്പ് കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വലിയ ബിസിനസുകാർ വരെ കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേരുന്ന സാഹചര്യമുണ്ട്. ഇത് സ്ഥാപനത്തിന്‍റെ വിശ്വാസ്യതയാണ് കാട്ടുന്നത്. ഇത്തരത്തിൽ വിശ്വസനീയമായ കൂടുതൽ ധനകാര്യസ്ഥാപനങ്ങൾ സംസ്ഥാനത്ത് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കെ.എസ്.എഫ്.ഇ ഭദ്രത 2021ചിട്ടിയിലെ മെഗാസമ്മാന നറുക്കെടുപ്പും മന്ത്രി നിർവഹിച്ചു. മെഗാസമ്മാന ടാറ്റാ നെക്സോൺ ഇലക്ട്രിക് കാർ എറണാകുളം കാക്കനാട് ശാഖയിലെ വരിക്കാരനായ എ.പി. ബിനിലിന് ലഭിച്ചു. രണ്ടാം സമ്മാനമായ സ്കൂട്ടറുകളുടെ നറുക്കെടുപ്പും ചടങ്ങിൽ നടന്നു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ അധ്യക്ഷത വഹിച്ചു.
മാനേജിങ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ, കോട്ടയം മുനിസിപ്പൽ കൗൺസിലർ സിൻസി പാറേൽ, എസ്.വിനോദ്, രാജ് കപൂർ, എൻ.എസ്. ലിലി എന്നിവർ സംസാരിച്ചു. നറുക്കെടുപ്പിലെ മറ്റ് സമ്മാനാർഹരുടെ പേരുവിവരങ്ങൾ ശാഖകളിൽ ലഭിക്കുമെന്ന് കെ.എസ്.എഫ്.ഇ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.