എണ്ണ മേഖലയിൽ വൻ നേട്ടം കൈവരിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: 2022-2023 സാമ്പത്തിക വർഷം അസാധാരണ ലാഭം കൈവരിച്ച് രാജ്യത്തെ എണ്ണ മേഖല. 2.6 ബില്യൺ കുവൈത്ത് ദീനാർ (8.4 ബില്യൺ യു.എസ് ഡോളർ) ആണ് ലാഭം. പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി സംഘടിപ്പിച്ച എണ്ണ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വാർഷിക യോഗത്തിൽ കുവൈത്ത് പെട്രോളിയം കോർപറേഷൻ (കെ.പി.സി) സി.ഇ.ഒ ശൈഖ് നവാഫ് സൗദ് അസ്സബാഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര നിലവാരത്തിൽ യുവ ജീവനക്കാർക്ക് പരിശീലനം നൽകാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും കെ.പി.സിക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ അൽ-സൂർ പൂർണസജ്ജമായി പ്രതിദിനം 6,15,000 ബാരൽ ഉൽപാദിപ്പിക്കുന്നുവെന്നത് എണ്ണ മേഖലയുടെ പ്രധാന നേട്ടങ്ങളിലൊന്നാണെന്ന് സി.ഇ.ഒ വിലയിരുത്തി.
ഏറ്റവും വലിയ സംയുക്ത-ജി.സി.സി എണ്ണപദ്ധതിയായ, പ്രതിദിനം 2,30,000 ബാരൽ ശേഷിയുള്ള ദുക്മ് റിഫൈനറിയും പൂർണസജ്ജമായി പ്രവർത്തിക്കുന്നു. പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്നതിലും ആഗോള പങ്കാളിത്തം സൃഷ്ടിക്കുന്നതിലും മുൻനിരയിലാണ് കെ.പി.സിയെന്നും ശൈഖ് നവാഫ് സൗദ് അസ്സബാഹ് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കമ്പനിക്ക് 1.7 ബില്യൺ കുവൈത്ത് ദീനാർ (5.5 ബില്യൺ ഡോളർ) ലാഭമാണ് ഉണ്ടായത്.
ആഗോള സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികൾ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും എണ്ണ മേഖലയുടെ 2022 ലെ നേട്ടങ്ങൾ ആഘോഷിക്കാനുള്ള അവസരമാണിതെന്ന് പെട്രോ കെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി സി.ഇ.ഒ നാദിയ അൽ ഹാജി പറഞ്ഞു. സുസ്ഥിരത, പുനരുപയോഗ ഊർജത്തിലേക്കുള്ള മാറ്റം, പരിസ്ഥിതി സംരക്ഷണം, ഡിജിറ്റലൈസേഷൻ എന്നിവയിൽ തന്ത്രപരമായ സംരംഭങ്ങൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.
എണ്ണ മേഖലയുടെ 2040 ദൗത്യം മുൻനിർത്തി മുൻവർഷത്തെ നേട്ടങ്ങളും വരാനിരിക്കുന്ന വർഷങ്ങളിലെ ലക്ഷ്യങ്ങളും ചർച്ച ചെയ്യുന്നതിലാണ് യോഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.