‘ലീപ് 2023’ എക്സ്പോ; ബിസിനസ് സാധ്യതകൾ തുറന്നിട്ട് ഇന്ത്യൻ പവിലിയൻ
text_fieldsറിയാദ്: അന്താരാഷ്ട്ര ഐ.ടി, ഇതര ടെക്നോളജി മേഖലയിൽ ചലനമുണ്ടാക്കി റിയാദിൽ നടക്കുന്ന ‘ലീപ് 2023’ എക്സ്പോയിൽ സജീവമായി ഇന്ത്യൻ പവിലിയനും. റിയാദ് ഫ്രന്റ് അന്താരാഷ്ട്ര എക്സിബിഷൻ കേന്ദ്രത്തിൽ ഒരുങ്ങിയ മേളനഗരിയിലെ അഞ്ചാം നമ്പർ ഹാളിലാണ് ഇന്ത്യക്കും സൗദിക്കുമിടയിൽ ടെക്നോളജി രംഗത്ത് അനന്തമായ ബിസിനസ് സാധ്യതകൾ ആരായുന്ന ഇന്ത്യൻ പവിലിയൻ.
എക്സ്പോ ആരംഭിച്ച ഈ മാസം ആറിന് പവിലിയന്റെ ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ നിർവഹിച്ചു. വിവിധ ഇന്ത്യൻ ഐ.ടി കമ്പനികളിൽനിന്നുള്ള 45 അംഗ പ്രതിനിധി സംഘമാണ് പവിലിയനിലെ ചാലകശക്തികൾ. ഉദ്ഘാടനശേഷം സംഘത്തെ അംബാസഡർ അഭിസംബോധന ചെയ്ത് സംസാരിച്ചു. എച്ച്.സി.എൽ, ടാലി, ഇൻക്രെഫ് തുടങ്ങിയ കമ്പനികൾ പ്രത്യേകമായാണ് പവിലിയനുകൾ ഒരുക്കിയിട്ടുള്ളത്.
സൗദി-ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘം സൗദിയിലെ വിവിധ കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് സോഫ്റ്റ്വെയര് എക്സ്പോർട്ട് പ്രമോഷന് കൗണ്‍സില്‍ (ഇ.എസ്.സി), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, നാസ്കോ എന്നിവയുടെയും സംയുക്ത പങ്കാളിത്തം പവിലിയനിലുണ്ട്.
സംഘത്തില്‍ വൻകിട കമ്പനികൾക്കു പുറമെ സ്റ്റാർട്ടപ്, ചെറുകിട ഇടത്തരം കമ്പനി പ്രതിനിധികളുമുണ്ട്. എല്ലാം ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബ്ലോക്ക് ചെയിൻ, സോഫ്റ്റ് വെയർ ഡെവലപ്പിങ്, ക്ലൗഡ് സർവിസസ്, ഡിജിറ്റൽ സൊല്യൂഷൻ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ്.
മേളനഗരിയിൽ സൗദി-ഇന്ത്യ ബിസിനസ് കൗണ്‍സിലും ഫെഡറേഷന് ഓഫ് സൗദി ചേംബേഴ്സും സംഘടിപ്പിച്ച സംരംഭകത്വ പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്, ഫെഡറേഷന് സെക്രട്ടറി ജനറല്‍ ഹുസൈന് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ചർച്ചകൾക്ക് നേതൃത്വം നല്കി. നാസ്കോം വൈസ് പ്രസിഡന്റ് ശിവേന്ദ്ര സിങ്, ഇ.എസ്.സി ഇന്ത്യ ചെയര്മാന് സന്ദീപ് നരുല, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഡയറക്ടര്‍ ചാക്കോ ചെറിയാന്, ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാം പ്രസാദ്, ഇന്ത്യന്‍ എംബസി കമേഴ്സ്യല്‍ വിഭാഗം മേധാവി റിതു യാദവ് എന്നിവര്‍ സംബന്ധിച്ചു.
ടെക്നോളജി സ്റ്റാർട്ടപ്പുകളുടെയും ഇന്നൊവേഷൻ ഇക്കോ സിസ്റ്റത്തിന്റെയും കാര്യത്തിൽ അതിവേഗം വളരുന്ന ആഗോളതലത്തിൽ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് എംബസി വാർത്തക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിൽ നൂറിലധികം സ്റ്റാർട്ടപ്പുകൾ മികവുറ്റ കമ്പനി പദവിയിലെത്തി. ഹെൽത്ത് ടെക്, എജു ടെക്, അഗ്രി ടെക്, ഫിനാൻസ് ടെക്, സർക്കുലർ എക്കണോമി, സുരക്ഷിത ഡിജിറ്റൽ ഇൻഫ്ര എന്നീ മേഖലകളിൽ ഇന്ത്യ അതിവേഗം പുരോഗമിക്കുകയാണ്.
അതുപോലെ, സമാനമായ സ്ഥിതിയിലാണ് സൗദി അറേബ്യയും. ഇന്ത്യക്കും സൗദി അറേബ്യക്കും ഇടയിൽ ഐ.ടി ബിസിനസിന് വലിയ സാധ്യതകളാണുള്ളതെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു. ഈ മാസം നാലിന് ആരംഭിച്ച ലീപ് എക്സ്പോ വ്യാഴാഴ്ച വൈകീട്ടോടെ അവസാനിക്കും. രാവിലെ 10 മുതൽ വൈകീട്ട് ഏഴുവരെയാണ് മേളയിൽ സന്ദർശന സമയം. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.