എൽ.ഐ.സിയുടെ ബ്രഹ്മാണ്ഡ ഐ.പി.ഒ ഉടൻ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇൻഷൂറൻസ് കമ്പനിയായ എൽ.ഐ.സിയുടെ പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ) നടപടികൾ അന്തിമ ഘട്ടത്തിൽ. രാജ്യത്ത് ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ ഐ.പി.ഒയാണ് നടക്കാൻ പോകുന്നത്. കേന്ദ്രത്തിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എൽ.ഐ.സി. നൂറ് ശതമാനം ഓഹരിയും കേന്ദ്രത്തിന്റേത്. ഇതിൽ അഞ്ച് ശതമാനം ഓഹരികൾ പൊതുവിപണിയിലെത്തും. പുതിയ ഓഹരികൾ പുറത്തിറക്കില്ല. കേന്ദ്രത്തിന്റെ പക്കലുള്ള 632 കോടി ഓഹരികളിൽ 31.60 കോടി ഓഹരികളാണ് വിൽക്കുക.
പോളിസി ഉടമകൾക്കും ചെറുകിട നിക്ഷേപകർക്കും എൽ.ഐ.സി ജീവനക്കാർക്കും ഓഹരി വിലയിൽ അഞ്ചുശതമാനം വരെ നിരക്കിളവ് ലഭിച്ചേക്കും. 10 ശതമാനം ഓഹരി പോളിസി ഉടമകൾക്ക് നീക്കിവെക്കുമെന്നാണ് അറിയുന്നത്.
ഓഹരിയുടെ പ്രൈസ് ബാൻഡ് 400-600 രൂപയായിരിക്കും എന്ന് പ്രമുഖ ഓഹരി ഇടനിലക്കാർ കണക്കാക്കുന്നു.അഞ്ച് ലക്ഷം കോടിയാണ് എൽ.ഐ.സിയുടെ മൊത്തം വിപണി മൂല്യം. ഓഹരി വിൽപന കഴിയുമ്പോൾ ഇത് 15 ലക്ഷം കോടിയായി ഉയർന്നേക്കും.
നിലവിൽ 25 കോടി പോളിസി ഉടമകളുണ്ട് എൽ.ഐ.സിക്ക്. ഓഹരി ഇടപാട് നടത്താൻ വേണ്ട ഡീമാറ്റ് അക്കൗണ്ട് ഉടമകളുടെ എണ്ണം രാജ്യത്ത് എട്ടുകോടിയാണ്.
എൽ.ഐ.സി ഐ.പി.ഒ പ്രഖ്യാപിച്ചശേഷം ഡീ മാറ്റ് അക്കൗണ്ടിൽ വൻവർധനയുണ്ടായിരുന്നു. ജനുവരിയിൽമാത്രം 34 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. എൽ.ഐ.സി ഐ.പി.ഒ വഴി ലക്ഷക്കണക്കിന് നിക്ഷേപകർ ഓഹരി വിപണിയിലേക്ക് പുതുതായി കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറുകിട നിക്ഷേപകരിൽനിന്ന് മാത്രം ഒരു കോടി അപേക്ഷകൾ ലഭിക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങൾ കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.