എൽ.ഐ.സി ഐ.പി.ഒ: സർക്കാറിന് കിട്ടാൻ പോകുന്നത് 60,000 കോടിയിലേറെ
text_fieldsമുംബൈ: മാർച്ചിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന എൽ.ഐ.സി പ്രാഥമിക ഓഹരി വിൽപനയിലൂടെ (ഐ.പി.ഒ) കേന്ദ്ര സർക്കാറിന് കിട്ടാൻ പോകുന്നത് 60,000 കോടിയിലധികം രൂപ. 2020നുശേഷം കോവിഡിൽ തളർന്ന കേന്ദ്ര സർക്കാർ ഖജനാവിന് തുക മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ഓഹരി ലിസ്റ്റ് ചെയ്യുകയും തുടർന്ന് വിപണിയിൽ പരമാവധി ഡിമാൻഡ് ലഭിക്കുകയും ചെയ്താൽ 75,000 കോടി വരെ കേന്ദ്ര സർക്കാറിന് ലഭിച്ചേക്കും. പൂർണമായും കേന്ദ്ര ഉടമസ്ഥതയിലുള്ള എൽ.ഐ.സിയിലെ അഞ്ചു ശതമാനം ഓഹരികളാണ് (31.6 കോടി) വിൽക്കുന്നത്.
ഐ.പി.ഒക്കുശേഷം രാജ്യത്തെ ഏറ്റവും മൂല്യമുള്ള പൊതുമേഖല കമ്പനിയായി എൽ.ഐ.സി മാറുമെന്നാണ് വിലയിരുത്തൽ. നിലവിൽ 16 ലക്ഷം കോടി മൂല്യമുള്ള റിലയൻസ് ഇൻഡസ്ട്രീസ്, 13.76 ലക്ഷം കോടി മൂല്യമുള്ള ടാറ്റ കൺസൽട്ടൻസി സർവിസസ് (ടി.സി.എസ്) എന്നീ സ്വകാര്യ മേഖല കമ്പനികൾക്കൊപ്പം 13-15 ലക്ഷം കോടി മൂല്യവുമായി പൊതുമേഖലയിലെ എൽ.ഐ.സിയും എത്തുമെന്ന് കണക്കാക്കുന്നു. നവംബറിൽ 18,300 കോടിയുടെ ഐ.പി.ഒ നടത്തിയ പേടിഎമ്മിന്റെ പേരിലാണ് രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ എന്ന റെക്കോഡുള്ളത്. അതും എൽ.ഐ.സി മറികടക്കും. 65 വർഷമായി രാജ്യത്ത് മുൻനിരയിലുള്ള ഇൻഷുറൻസ് സ്ഥാപനമായ എൽ.ഐ.സിക്ക് 64.1 ശതമാനം വിപണിവിഹിതമുണ്ട്. 24 ലൈഫ് ഇൻഷുറൻസ് കമ്പനികൾ പ്രവർത്തിക്കുന്ന രാജ്യത്ത് എൽ.ഐ.സി മാത്രമാണ് പൂർണമായും പൊതുമേഖലയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.