എൽ.ഐ.സി ഓഹരി വിൽപന തുടങ്ങി
text_fieldsന്യൂഡൽഹി: എൽ.ഐ.സി ഓഹരി വിൽപനയുടെ ആദ്യ ദിനത്തിൽ പോളിസി ഉടമകൾക്ക് നീക്കിവെച്ച ഓഹരിയിൽ 1.9 ഇരട്ടി അപേക്ഷകർ. സാധാരണ വിഭാഗത്തിൽ ഓഹരിക്ക് അപേക്ഷിച്ചത് 0.66 ശതമാനം പേർ. 21,000 കോടി ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന ഓഹരി വിൽപന മേയ് ഒമ്പതുവരെയാണ്. സാധാരണ ഓഹരി വിപണി പ്രവർത്തിക്കാത്ത ശനിയാഴ്ചയും (മേയ് ഏഴ്) ഓഹരി വാങ്ങാൻ സാധിക്കും.
902-949 രൂപയാണ് ഒരു ഓഹരിയുടെ പ്രൈസ് ബാൻഡ്. ചെറുകിട നിക്ഷേപകർക്ക് 45 രൂപയും പോളിസി ഉടമകൾക്ക് 60 രൂപയും ഒരു ഓഹരിയിന്മേൽ ഇളവ് ലഭിക്കും.
22.13 കോടി ഓഹരികളാണ് വിൽപനക്കു വെക്കുന്നത്. വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുമുമ്പ് ഓഹരി വാങ്ങാൻ അനുവാദമുള്ള നിക്ഷേപ സ്ഥാപനങ്ങളിൽനിന്ന് ഇതിനകം 5627 കോടി എൽ.ഐ.സിക്ക് ലഭിച്ചു. നേരത്തേ അഞ്ചു ശതമാനം ഓഹരി വിൽക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. ഇത് മൂന്നര ശതമാനത്തിലേക്ക് പിന്നീട് കുറക്കുകയായിരുന്നു. എങ്കിലും ഇതുവരെ ഓഹരി വിപണി കണ്ട ഏറ്റവും വലിയ ഐ.പി.ഒയാണ് എൽ.ഐ.സിയുടേത്. പേടിഎം-18,300 കോടി, കോൾ ഇന്ത്യ-15,500 കോടി, റിലയൻസ് പവർ-11,700 കോടി എന്നിങ്ങനെയാണ് മുമ്പ് നടന്ന വമ്പൻ ഓഹരി വിൽപനകൾ.
എ.എസ്.ബി.എ ശാഖകൾ ഞായറാഴ്ചയും
ന്യൂഡൽഹി: എൽ.ഐ.സി ഓഹരി വിൽപന (ഐ.പി.ഒ) നടക്കുന്ന സാഹചര്യത്തിൽ എല്ലാ എ.എസ്.ബി.എ പദവിയുള്ള ബാങ്ക് ശാഖകളും ഞായറാഴ്ചയും (മേയ് എട്ട്) തുറന്നുപ്രവർത്തിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഓഹരിവിൽപന തുകയുടെ ഇടപാട് നടക്കുന്നതിനായാണിത്.
ഓഹരിക്കായി അപേക്ഷിക്കുന്നവർ പണം മുൻകൂറായി നൽകണം. ഈ തുക ഓഹരി അനുവദിച്ചുകിട്ടുന്ന ദിവസം വരെ പ്രത്യേക ബാങ്ക് അക്കൗണ്ടിൽ ബ്ലോക്ക് ചെയ്ത് കിടക്കും. ഇതാണ് എ.എസ്.ബി.എ (ആപ്ലിക്കേഷൻ സപ്പോർട്ടഡ് ബൈ ബ്ലോക്ക്ഡ് അക്കൗണ്ട്). ഓഹരി അനുവദിച്ചുകിട്ടിയില്ലെങ്കിൽ തുക അന്നുതന്നെ തിരിച്ച് വ്യക്തിയുടെ ഡീമാറ്റ് അക്കൗണ്ട് ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടിൽ എത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.