സൗദിയിൽ ലൂസിഡ് കാർ നിർമാണ ഫാക്ടറി പ്രവർത്തനം ആരംഭിച്ചു
text_fieldsജിദ്ദ: ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് കമ്പനി സൗദി അറേബ്യയിൽ പ്രവർത്തനം ആരംഭിച്ചു. ഇതിലൂടെ 4000 തൊഴിലവസരങ്ങളും 117 ബില്യൺ ഡോളറിന്റെ കയറ്റുമതിയും രാജ്യത്തുണ്ടാകുമെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു. ജിദ്ദക്ക് സമീപം റാബിഖിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ലൂസിഡ് ഗ്രൂപ്പിന്റെ എ.എം.പി-2 ഫാക്ടറിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ലൂസിഡ് കാർ നിർമാണ ഫാക്ടറി തുറക്കുന്നത് അസാധാരണമായ പദ്ധതിയായാണ് തങ്ങൾ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് കാറുകളിലേക്കുള്ള ആഗോളതലത്തിലെ മാറ്റം ഇപ്പോൾ ഒരു ആഡംബരമോ ഫാഷനോ അല്ല. ഇലക്ട്രിക് കാറുകളുടെ വിൽപന കുതിച്ചുയരുന്നത് അന്തരീക്ഷ മലിനീകരണത്തിൽനിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്നതിനുമുള്ള മനുഷ്യരാശിയുടെ സമർപ്പണ മനോഭാവത്തിെൻറ തെളിവുമാണ്. ഇങ്ങനെയൊരു ഫാക്ടറി രാജ്യത്ത് ആരംഭിക്കാൻ കഴിഞ്ഞത് സൗദി അറേബ്യയുടെ ചരിത്രനേട്ടമാണ്.
ആദ്യഘട്ടത്തിൽ പ്രതിവർഷം 5,000 കാറുകളാണ് നിർമിക്കുന്നത്. തുടർഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ ഉൽപാദന ശേഷി പ്രതിവർഷം 1,55,000 കാറുകളായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിക്ഷേപ മന്ത്രി പറഞ്ഞു. സൗദി വിപണിയിൽ അവതരിപ്പിക്കുന്നതിനും മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുമായി വലിയ തോതിൽ ഇലക്ട്രിക് കാറുകൾ നിർമിക്കുമെന്ന് ലൂസിഡ് ഗ്രൂപ് അധികൃതർ പറഞ്ഞു. നിക്ഷേപ മന്ത്രാലയം, വ്യവസായിക വികസന ഫണ്ട്, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവയിൽനിന്ന് കാർ നിർമാണ കേന്ദ്രത്തിന് കാര്യമായ പിന്തുണ ലഭിച്ചിട്ടുണ്ട്.
ഇത് സൗദി സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക എന്ന തന്ത്രപരമായ ലക്ഷ്യം ത്വരിതപ്പെടുത്തുന്നതിൽ അടിസ്ഥാനപരമായ പങ്ക് വഹിക്കും. 2030ഓടെ സൗദിയിലെ 30 ശതമാനം കാറുകളെങ്കിലും ഇലക്ട്രിക് ആകാനുള്ള സൗദി ഗ്രീൻ ഇനിഷ്യേറ്റിവിെൻറ ലക്ഷ്യം കൈവരിക്കുന്നതിന് ലൂസിഡ് വലിയ പങ്കുവഹിക്കുമെന്നും ലൂസിഡ് ഗ്രൂപ് സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.