ഗുജറാത്തിൽ 4000 കോടിയുടെ നിക്ഷേവുമായി ലുലു ഗ്രൂപ്പ്
text_fieldsകൊച്ചി: ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെ നേർചിത്രമായി മാറിയ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി വലിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ഗുജറാത്തിൽ 4000 കോടി രൂപയുടെ നിക്ഷേപം ലുലു ഗ്രൂപ്പ് നടത്തും. ഇതിന്റെ ഭാഗമായി അഹമ്മദാബാദിൽ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാൾ നിർമിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ ആഗോള നിലവാരത്തിലാണ് അഹമ്മദാബാദ് ലുലു മാൾ ഉയരുക.
പഞ്ചനക്ഷത്ര ഹോട്ടലും അഹമ്മദാബാദിൽ നിർമിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ എന്നിവരുമായി ഉച്ചകോടിയുടെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് പ്രഖ്യാപനം. പുതിയ നിക്ഷേപ പദ്ധതികളുടെ മിനിയേച്വർ മാതൃക യു.എ.ഇ പവലിയനിൽ ലുലു ഗ്രൂപ്പ് പ്രദർശിപ്പിച്ചു. യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഥാനി ബിൻ അഹ്മദ് അൽ സെയൂദി, ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ജമാൽ അൽ ശാലി, എം.എ. യൂസഫലി എന്നിവർ ചേർന്നാണ് പവലിയൻ ഉദ്ഘാടനം ചെയ്തത്.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ദൃഢബന്ധത്തിന്റെ പ്രതീകമായി ഉച്ചകോടി മാറിയെന്നും യൂസഫലി പറഞ്ഞു. വലിയ നിക്ഷേപങ്ങൾക്കാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ വഴിതുറന്നതെന്നും ഇതിന് മുൻകൈയെടുത്ത പ്രധാനമന്ത്രിയേയും ഗുജറാത്ത് മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.