ഭക്ഷ്യസംസ്കരണ മേഖലയിലെ സാന്നിധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്
text_fieldsദാവോസ്: ഇന്ത്യയിലെ ഭക്ഷ്യസംസ്കരണ മേഖലയിൽ ലുലു ഗ്രൂപ് കൂടുതൽ സാധ്യതകൾ തേടുന്നു. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായും മന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് വ്യക്തമാക്കപ്പെട്ടത്.
കർണാടകയിലെ വിജയപുര ജില്ലയിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം സ്ഥാപിക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് കർണാടക വ്യവസായമന്ത്രി എം.ബി. പാട്ടീൽ എം.എ. യൂസുഫലിയുമായി ചർച്ച നടത്തി. വിജയപുരക്കു പുറമെ കൽബുർഗി, ബീജാപ്പുർ ഉൾപ്പെടെയുള്ള മറ്റു ജില്ലകളിലും കാർഷികോൽപന്നങ്ങൾ സംഭരിച്ച് കയറ്റുമതി ചെയ്യാനും ലുലു ഉദ്ദേശിക്കുന്നതായി എം.എ. യൂസുഫലി പറഞ്ഞു. 300 കോടി രൂപയുടെ നിക്ഷേപമാണ് ലുലു നടത്തുക. നിലവിൽ ബംഗളൂരുവിൽ രണ്ടു ലുലു ഹൈപ്പർ മാർക്കറ്റുകളാണ് ഗ്രൂപ്പിനുള്ളത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരുമായും യൂസുഫലി കൂടിക്കാഴ്ച നടത്തി. തെലങ്കാനയിൽ ലുലു പ്രഖ്യാപിച്ച പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് യൂസുഫലി കൂടിക്കാഴ്ചക്കിടെ രേവന്ത് റെഡ്ഡിയെ അറിയിച്ചു. സംസ്ഥാനത്ത് 3500 കോടി രൂപയുടെ നിക്ഷേപത്തിൽ ഷോപ്പിങ് മാൾ, ഭക്ഷ്യസംസ്കരണ കേന്ദ്രം എന്നിവ ആരംഭിക്കും.
പുതിയ സർക്കാർ ലുലു ഗ്രൂപ്പിന് എല്ലാ സഹകരണവും നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാനയിലെ ആദ്യത്തെ ലുലു മാൾ ഹൈദരാബാദിൽ കഴിഞ്ഞ വർഷമാണ് പ്രവർത്തനം ആരംഭിച്ചത്. ദാവോസ് സാമ്പത്തിക ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിൽനിന്ന് രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ മൂവായിരത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അഞ്ചു ദിവസത്തെ ഉച്ചകോടി വെള്ളിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.