ലുലു ഐ.പി.ഒ 30 ശതമാനമായി ഉയർത്തി
text_fieldsദുബൈ: ഐ.പി.ഒ വഴി വിറ്റഴിക്കുന്ന ഓഹരികൾ 25ൽ നിന്ന് 30 ശതമാനമായി ഉയർത്തി ലുലു റീട്ടെയ്ൽ ഹോൾഡിങ്സ്. നിക്ഷേപകരിൽ നിന്ന് വൻ പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ അബൂദബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ എണ്ണം 258 കോടിയിൽ നിന്ന് 310 കോടിയായി ഉയർന്നു.
തുടക്കത്തിൽ പ്രഖ്യാപിച്ച 25 ശതമാനം ഓഹരികൾക്കും ഐ.പി.ഒയുടെ ആദ്യ ദിനത്തിൽ തന്നെ ആളെത്തിയിരുന്നു. തുടർന്നും പ്രാദേശിക, അന്തർദേശീയ നിക്ഷേപകരിൽ നിന്ന് വൻ പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ് അഞ്ച് ശതമാനം ഓഹരികൾ കൂടി ലിസ്റ്റ് ചെയ്യുന്നതെന്ന് ലുലു റീട്ടെയ്ൽ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ സെയ്ഫി രൂപാവാല പറഞ്ഞു. എന്നാൽ, അധികം പ്രഖ്യാപിച്ച അഞ്ച് ശതമാനം ഓഹരികൾ നിക്ഷേപകർക്ക് മാത്രമായിരിക്കും ലഭിക്കുക. ഓഹരി വിലയിൽ മാറ്റമുണ്ടാവില്ല. 1.94ലിനും 2.04 ദിർഹത്തിനും ഇടയിൽ തന്നെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ലുലുവിന്റെ റീട്ടെയ്ൽ ശൃംഖലയിൽ ഭാഗമാകാൻ കൂടുതൽ നിക്ഷേപകർക്ക് അവസരം നൽകുകയാണ് ലുലു. പൊതുനിക്ഷേപകർക്ക് ലുലുവിലുള്ള വിശ്വാസത്തിന് പിന്തുണ നൽകുന്നത് കൂടിയാണ് ഈ തീരുമാനമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.