ഷോപ്പിങ് വിസ്മയവുമായി തിരുവനന്തപുരം ലുലു മാൾ തുറക്കുന്നു
text_fieldsതിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ഷോപ്പിങ് മഹോത്സവത്തിെൻറ കാത്തിരിപ്പിന് വിരാമമിട്ട് ലുലു മാൾ പ്രവർത്തന സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് ലുലു ഗ്രൂപ് സി.എം.ഡി എം.എ. യൂസഫലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഷോപ്പിങ് മാളുകളിലൊന്നായി 2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണത്തിലാണ് ആക്കുളത്ത് മാൾ ഉയർന്നത്. രണ്ടു ലക്ഷം ചതുരശ്ര അടിയിലെ ഹൈപ്പർമാർക്കറ്റാണ് മുഖ്യആകർഷണം. ഇന്ത്യൻ, അറബിക് ഭക്ഷണത്തിനായുള്ള പ്രത്യേക സെക്ഷനുകളുമുണ്ട്.
ടെക്നോളജി ട്രെൻഡുകളുമായി ലുലു കണക്ട്, ഫാഷൻ ലോകത്തെ തുടിപ്പുകൾ അണിനിരത്തുന്ന ലുലു ഫാഷൻ സ്റ്റോർ, മലയാളികളുടെ വെഡ്ഡിങ് ഡെസ്റ്റിനേഷനായി മാറുന്ന ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിങ്ങിെൻറ പുത്തൻ അനുഭവം നൽകുന്നതാണ് മാൾ. ഇരുന്നൂറിൽപരം രാജ്യാന്തര ബ്രാൻഡുകളാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന രുചികളുമായി ഒരേ സമയം 2500 പേർക്കിരിക്കാവുന്ന ഫുഡ് കോർട്ടും സജ്ജം.
കുട്ടികൾക്ക് വിനോദത്തിെൻറ വിസ്മയ ലോകമൊരുക്കി 'ഫൺട്യൂറ' എന്ന ഏറ്റവും വലിയ എൻറർടെയിൻമെൻറ് സെൻററും ഒരുങ്ങിക്കഴിഞ്ഞു. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി സജ്ജീകരിച്ചിരിക്കുന്ന സിപ്പ് ലൈൻ വേറിട്ട അനുഭവമാണ്. 12 സ്ക്രീൻ സൂപ്പർ പ്ലക്സ് തിയറ്ററും ഒരുങ്ങി. 15,000ത്തോളം പേർക്കാണ് നേരിട്ടും അല്ലാതെയും ഇവിടെ തൊഴിലവസരം ലഭിക്കുന്നതെന്നും യൂസഫലി പറഞ്ഞു. മറ്റൊരു മാളിലും കാണാത്ത രീതിയിൽ ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കാൻ പ്രത്യേക ഇടനാഴികളും, മോട്ടോറൈസ്ഡ് വീൽ ചെയറും ഹെൽപ് ഡെസ്ക്കും ഇവിടെയുണ്ട്.
മുലയൂട്ടുന്ന അമ്മമാർക്കായി ഫീഡിങ് റൂമും ഒരുക്കിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3500 ലധികം വാഹനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യാൻ എട്ടു നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിങ് സംവിധാനമാണ് മാളിലുള്ളത്. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്-ഒമാൻ ആൻഡ് ഇന്ത്യ ഡയറക്ടർ എ.വി. അനന്ത് റാം, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, ഡയറക്ടർ ആൻഡ് സി.ഇ.ഒ എം.എ. നിഷാദ് എന്നിവരും പെങ്കടുത്തു.
കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് പറയില്ല -എം.എ. യൂസഫലി
തിരുവനന്തപുരം: കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമല്ലെന്ന് താൻ പറയില്ലെന്ന് ലുലു ഗ്രൂപ് സി.എം.ഡി എം.എ. യൂസഫലി. താൻ പലയിടങ്ങളിലും സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജനിച്ചുവളർന്ന നാട്ടിൽ സംരംഭം ആരംഭിക്കുേമ്പാൾ പ്രത്യേക സന്തോഷമാണ്. കൊച്ചിയിൽ ലുലുമാൾ ആരംഭിച്ചപ്പോൾ നഷ്ടത്തിലാകുമെന്ന് പലരും പറഞ്ഞു. എന്നാൽ അത് ജനങ്ങൾ ഏറ്റെടുത്ത് വിജയമാക്കി. അതുപോലെയാണ് പല പദ്ധതികളും. അതിനാൽ കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് പറയാൻ കഴിയില്ല. അത് പുതുതലമുറേയാട് കാണിക്കുന്ന നീതികേടാണ്.
കഴിവുള്ള വലിയ പുതുതലമുറയാണ് നമുക്കുള്ളത്. അവർക്ക് ജോലി നൽകേണ്ടത് സർക്കാറിെൻറ ബാധ്യത മാത്രമല്ല. തിരുവനന്തപുരത്ത് ലുലുമാൾ ആരംഭിക്കുേമ്പാൾ 15,000ത്തോളം പേർക്ക് തൊഴിൽ ലഭിക്കും. ഒാരോ സംസ്ഥാനത്തും വ്യവസായം ആരംഭിക്കുന്നതിന് അതിേൻറതായ ബുദ്ധിമുട്ടുണ്ട്. കേന്ദ്ര, സംസ്ഥാന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയേ അതു സാധിക്കൂ. പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിച്ച് ആവശ്യമെങ്കിൽ നിയമങ്ങളിൽ മാറ്റംവരുത്തി മുന്നോട്ടുപോകണം.
ഇൗ സംരംഭം ആരംഭിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പിന്തുണ ലഭിച്ചു. തിരുവനന്തപുരത്ത് ഇലക്ട്രോണിക് അസംബ്ലിങ് യൂനിറ്റ് മാർച്ചിൽ ആരംഭിക്കും. കൊച്ചിയിൽ മൽസ്യ കയറ്റുമതി ലക്ഷ്യംെവച്ച് ഫിഷ് പ്രോസസിങ് യൂനിറ്റും ആരംഭിച്ചു. കോഴിക്കോടും കോട്ടയത്തും മാളുകൾ മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും. മറ്റ് സംസ്ഥാനങ്ങളിലും പുതിയ പദ്ധതികൾ ആരംഭിക്കാൻ നടപടി പുരോഗമിക്കുകയാണെന്നും യൂസഫലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.