മലയാളിയായ അൻസാർ കാസിം അമേരിക്കയിലെ 'അനലിറ്റിക്സ് 50' ജേതാക്കളുടെ പട്ടികയിൽ
text_fieldsന്യൂയോർക്ക്: ഡ്രെക്സൽ യൂനിവേഴ്‌സിറ്റി ലിബോ കോളജ് ഓഫ് ബിസിനസിെൻറ സെൻറർ ഫോർ ബിസിനസ് അനലിറ്റിക്സ് തെരെഞ്ഞെടുത്ത 'അനലിറ്റിക്സ് 50' ജേതാക്കളുടെ പട്ടികയിൽ മലയാളിയായ അൻസാർ കാസിം ഇടംനേടി. അമേരിക്കയിലെ 50 സ്ഥാപനങ്ങളിൽ അനലിറ്റിക്‌സ് രംഗത്ത് മികച്ച സംഭാവന നൽകിയ 50 പേരെയാണ് അവാർഡിനായി തെരെഞ്ഞെടുത്തത്.
മികച്ച ഡേറ്റാധിഷ്ടിത പരിഹാരങ്ങൾ വികസിപ്പിച്ച സ്ഥാപനങ്ങളിൽ വെറൈസൺ കമ്മ്യൂണിക്കേഷന് വേണ്ടിയാണ് അൻസാർ പുരസ്കാരം നേടിയത്. കമ്പനിയുടെ ഡേറ്റയുമായി ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് കൺസ്യൂമർ ഫിനാൻഷ്യൽ അനലിറ്റിക്സ് മേധാവിയായ അൻസാർ കാസിമാണ്. ആറ് വർഷത്തോളമായി അമേരിക്കയിലെ ഒന്നാംകിട ടെലികോം കമ്പനിയായ വെറൈസണിലാണ് അൻസാർ ജോലി ചെയ്യുന്നത്.
കമ്പനിയുടെ സുപ്രദാനമായ പല തീരുമാനങ്ങൾ എടുക്കുന്നതിനും മാനേജ്‌മെൻറിന് ഡേറ്റ അനലിസ്റ്റിെൻറ സഹായം അത്യാവശ്യമാണ്. ഡേറ്റ ബിസിനസ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് 8000 ത്തോളം പേജുകളുള്ള റിപ്പോർട്ടുകളും മറ്റുമുണ്ടായിട്ടും ബിസിനസ് ആവശ്യങ്ങൾ നിറവേറിയിരുന്നില്ല. ഈ പ്രശ്നത്തിന് പരിഹാരമായി അൻസാറും ടീമും വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതിക വിദ്യയാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
2019 ൽ വികസിപ്പിച്ച സാങ്കേതിക വിദ്യ ഏകദേശം 95% പഴയ റിപ്പോർട്ടുകളും എടുത്ത് കളയാൻ പ്രാപ്തമാക്കി. ഇന്ന് വളരെ കുറഞ്ഞ സമയം കൊണ്ട് കമ്പനി മേധാവികൾക്കും ഉപഭോക്താക്കൾക്കും ആവശ്യമായ റിപ്പോർട്ടുകൾ വലിയ സാങ്കേതിക വിദഗ്ധരുടെ സഹായങ്ങളില്ലാതെ തന്നെ നിർമിച്ചെടുക്കാമെന്നത് ജോലിഭാരം കുറക്കുകയും കമ്പനിക്ക് സാമ്പത്തിക ലാഭം നേടിക്കൊടുക്കുകയും ചെയ്‌തു.
മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായ കാസിം പിള്ളയുടെയും മൈമൂനയുടെയും മകനാണ് ആലപ്പുഴ സ്വദേശിയായ അൻസാർ കാസിം.
2021 അനലിറ്റിക്സ് 50 വിജയികൾ വ്യോമയാനം, നിർമാണം, കൃഷി, സർക്കാർ, റിയൽ എസ്റ്റേറ്റ്, ഫിനാൻഷ്യൽ ടെക്നോളജി എന്നിവയുൾപ്പെടെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നു. ജേതാക്കളിൽ ഇന്ത്യാക്കാരുണ്ടെങ്കിലും മലയാളി കാസിം മാത്രമാണ്. മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ, ആരോഗ്യസേവന മേഖലകളിൽ നിന്നുള്ളവരാണ് അവാർഡ് ലഭിച്ചവരിൽ ശ്രദ്ധേയമായ ഒരു വിഭാഗം. ചുരുങ്ങിയ കാലം കൊണ്ട് കോവിഡ് വാക്സിൻ വികസിപ്പിച്ച ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും അവാർഡിന് അർഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.