‘എന്തിനാണ് എന്നെ തടഞ്ഞത്, എന്തിനാണ് വിവേചനം കാണിക്കുന്നത്’; കേന്ദ്രത്തോട് ചോദ്യങ്ങളുമായി മമത ബാനർജി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന നീതി ആയോഗ് യോഗത്തിനിടെ മൈക്ക് ഓഫ് ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. എന്തിനാണ് തന്നെ തടഞ്ഞതെന്നും എന്തിനാണ് വിവേചനം കാണിക്കുന്നതെന്നും മമത ബാനർജി ചോദിച്ചു.
'എന്തിനാണ് എന്നെ തടഞ്ഞത്, എന്തിനാണ് വിവേചനം കാണിക്കുന്നത്? പ്രതിപക്ഷത്ത് നിന്ന് ഞാൻ മാത്രമാണ് പങ്കെടുത്തത്. സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തണമെന്ന താൽപര്യം കൊണ്ടാണ് യോഗത്തിൽ പങ്കെടുക്കുന്നത്' -മമത ബാനർജി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന നീതി ആയോഗ് യോഗത്തിനെതിരെ രൂക്ഷ വിമർശനമാണ് മമത നടത്തിയത്. യോഗത്തിൽ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്തെന്നും അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാൻ അനുവദിച്ചതെന്നും മമത ആരോപിച്ചു.
ഡൽഹിയിൽ നടന്ന നീതി ആയോഗ് യോഗത്തിൽ മമത ബാനർജി ഒഴികെ പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മറ്റ് മുഖ്യമന്ത്രിമാരാരും പങ്കെടുത്തിരുന്നില്ല. ബംഗാളിന് കേന്ദ്ര ഫണ്ട് നൽകുന്നില്ലെന്ന വിമർശനം യോഗത്തിൽ മമത ഉയർത്തിയതിന് പിന്നാലെയാണ് സംഘാടകർ മൈക്ക് ഓഫ് ചെയ്തത്.
മൈക്ക് ഓഫ് ചെയ്തതിന് പിന്നാലെ ക്ഷുഭിതയായ മമത യോഗം ബഹിഷ്കരിച്ചു. ബംഗാളിനെയും മുഴുവൻ പ്രാദേശിക പാർട്ടികളെയും അപമാനിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും എൻ.ഡി.എ സഖ്യകക്ഷികൾക്ക് അനുകൂലമായ നടപടി പക്ഷപാതമാണെന്നും മമത ആരോപിച്ചു.
അതേസമയം, മമതയുടെ ആരോപണം തള്ളി കേന്ദ്ര സർക്കാർ പ്രതിനിധികൾ രംഗത്തെത്തി. മമതക്ക് സംസാരിക്കാൻ അനുവദിച്ച സമയം കഴിഞ്ഞിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും അവസരം ലഭിക്കുമായിരുന്നു. ബംഗാൾ സർക്കാറിന്‍റെ ആവശ്യപ്രകാരം ഏഴാമത് സംസാരിക്കാൻ അവസരം നൽകി. മമതക്ക് നേരത്തെ മടങ്ങേണ്ടി വന്നുവെന്നും സർക്കാർ പ്രതിനിധികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.