ജെഫ് ബെസോസിനെ മറികടന്ന് സുക്കർബർഗ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നൻ
text_fieldsന്യൂയോർക്ക്: ആമസോൺ മേധാവി ജെഫ് ബെസോസിനെ മറികടന്ന് മെറ്റ സി.ഇ.ഒ മാർക്ക് സുക്കർബർഗ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി. മെറ്റ പ്ലാറ്റ്ഫോമുകളുടെ ഓഹരിയിലുണ്ടായ കുതിപ്പാണ് സുക്കർബർഗിന് നേട്ടമായത്. ബ്ലൂംബെർഗ് സൂചിക പ്രതാരം 206.2 ശതകോടി ഡോളറാണ് സുക്കർബർഗിന്‍റെ ആസ്തി. ബെസോസിനേക്കാൾ 1.1 ബില്യൻ ഡോളറിന്‍റെ ആസ്തിയാണ് സുക്കർബർഗിന് കൂടുതലായുള്ളത്. 256 ബില്യൻ ഡോളർ ആസ്തിയുള്ള ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്കാണ് പട്ടികയിൽ ഒന്നാമത്.
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മെറ്റ ഓഹരികൾ 23 ശതമാനം വളർച്ചയാണ് നേടിയത്. എ.ഐ ചാറ്റ്ബോട്ടുകളിൽ കൂടുതൽ ഭാഷാ മോഡലുകൾ അവതരിപ്പിച്ചതോടെ മെറ്റ പ്ലാറ്റ്ഫോമുകൾക്ക് സ്വീകാര്യത കൂടിയിട്ടുണ്ട്. ഇതോടെ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുകയും ഓഹരികൾ കുതിട്ടുയരുകയും ചെയ്തു. വ്യാഴാഴ്ച സർവകാല റെക്കോഡായ 582.77 ഡോളറിലാണ് മെറ്റ വ്യാപാരം അവസാനിപ്പിച്ചത്.
മെറ്റവെയേഴ്സ് ഉൽപ്പന്നങ്ങൾക്കും സമീപകാലത്ത് വൻ സ്വീകാര്യത ലഭിക്കുന്നുണ്ട്. കഴിഞ്ഞ മാസം അവതരിപ്പിച്ച ഓറിയോൺ ഓഗ്മെന്‍റഡ് റിയാലിറ്റി ഗ്ലാസാണ് ഒടുവിൽ അവതരിപ്പിച്ച മെറ്റവെയർ ഉൽപ്പന്നം. ഈ വർഷം ഏറ്റവും കൂടുതൽ വളർച്ച നേടാൻ സാധ്യതയുള്ള സമ്പന്നരുടെ പട്ടികയിൽ സുക്കർബർഗാണ് ഒന്നാമതുള്ളത്. 40കാരനായ സുക്കർബർഗ് ഈ വർഷം ഇതുവരെ അതിസമ്പന്നരുടെ പട്ടികയിൽ നാല് സ്ഥാനം മെച്ചപ്പെടുത്തിയാണ് രണ്ടാമതെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.