'മീറ്റ് ദി ഇൻവെസ്റ്റർ' പരിപാടിക്ക് തുടക്കം; 760 കോടി രൂപയുടെ നിക്ഷേപ പദ്ധതികളുമായി സംരംഭകർ
text_fieldsകൊച്ചി: വ്യവസായ സംരംഭകരുമായി വ്യവസായമന്ത്രി പി രാജീവ് നടത്തുന്ന 'മീറ്റ് ദി ഇൻവെസ്റ്റർ' ആശയവിനിമയ പരിപാടിക്ക് തുടക്കമായി. മൂന്ന് വ്യവസായ സംരംഭകരുമായി നടത്തിയ ആദ്യ ചർച്ചയിൽ തന്നെ 760 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്കു ധാരണയായി. സിന്തൈറ്റ്, ധാത്രി, നിറ്റ ജെലാറ്റിൻ വ്യവസായ ഗ്രൂപ്പുകളാണ് നിക്ഷേപം വാഗ്ദാനം ചെയ്തത്.
എറണാകുളം ജില്ലയിലെ പാങ്ങോട് 215 കോടി രൂപയുടെ അഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്റർ പദ്ധതി അടുത്ത വർഷം ജൂണിൽ പൂർത്തിയാക്കുമെന്ന് സിന്തൈറ്റ് ഗ്രൂപ്പ് അറിയിച്ചു. നിറ്റ ജലാറ്റിൻ ഗ്രൂപ്പ് 200 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. 45 കോടി രൂപ ഇമ്മ്യൂ ഫുഡ് പദ്ധതിക്കായി ആദ്യ ഘട്ടത്തിലും ആയുർവേദ പ്രതിരോധ മരുന്നു നിർമ്മാണത്തിനായി 300 കോടി രൂപ രണ്ടാം ഘട്ടത്തിലും നിക്ഷേപിക്കുമെന്നു ധാത്രി ആയുർവേദ ഗ്രൂപ്പും വ്യക്തമാക്കി.
സിന്തൈറ്റ് ഗ്രൂപ്പിെൻറ അഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്റർ എറണാകുളം കടയിരുപ്പ് പാങ്ങോടുള്ള 32 ഏക്കർ ഭൂമിയിലാണ് നിലവിൽ വരിക. പദ്ധതിപ്രദേശം സ്വകാര്യ വ്യവസായ പാർക്ക് ആയി പ്രഖ്യാപിക്കുന്നതിനുള്ള അപേക്ഷ സർക്കാർ പരിഗണിക്കും. പാർക്കിലേക്കുള്ള റോഡ് സൗകര്യം മെച്ചപ്പെടുത്തും. ധാത്രി ആയുർവേദ ഗ്രൂപ്പിെൻറ ആദ്യഘട്ട വികസന പദ്ധതിക്കായി 45 കോടി രൂപയാണ് ചിലവഴിക്കുക. കെഎസ്ഐഡിസി പദ്ധതിയിൽ സഹകരിക്കും.
കിൻഫ്രയുടെ പള്ളിപ്പുറം വ്യവസായ പാർക്കിൽ സ്ഥലം അനുവദിക്കുന്നതിനും തീരുമാനിച്ചു. നിറ്റാ ജെലാറ്റിൻ 200 കോടി രൂപയുടെ നിക്ഷേപം നടത്തും. കാക്കനാടും കൊരട്ടിയിലുമുള്ള നിലവിലുള്ള പ്ളാൻറുകളുടെ ഉൽപ്പാദനശേഷി വർധിപ്പിക്കുന്നതിനാണിത്. കിൻഫ്ര നേരത്തെ അനുവദിച്ച സ്ഥലം പൂർണമായി ഉപയോഗിക്കുന്നതിനു സാഹചര്യമൊരുക്കും. ഓരോ പദ്ധതിക്കും സർക്കാർ തലത്തിലുള്ള ഏകോപനത്തിന് കെ.എസ്.ഐ.ഡി.സി നോഡൽ ഓഫീസർമാരെ നിയോഗിക്കും.
മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിൽ 100 കോടി രൂപയ്ക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ ഗ്രൂപ്പുകളുമായാണ് വ്യവസായ മന്ത്രി ആശയ വിനിമായം നടത്തുക. ഓരോ മാസവും ഇതിനായി വേദിയൊരുക്കും. നിലവിലുള്ള വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ നിക്ഷേപം ആകർഷിക്കാനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. വെവ്വേറെ നടത്തിയ കൂടിക്കാഴ്ചകളിൽ വ്യവസായ മന്ത്രി പി രാജീവിനൊപ്പം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, ഡയറക്ടർ എസ് ഹരികിഷോർ, കെ എസ് ഐ ഡി സി എം ഡി എം ജി രാജമാണിക്യം, കിൻഫ്ര എം ഡി സന്തോഷ് കോശി തോമസ്, ധാത്രി സി.ഇ.ഒ എസ് സജികുമാർ, സിന്തൈറ്റ് ഗ്രൂപ്പ് എം ഡി വിജു ജേക്കബ്, നിറ്റാ ജെലാറ്റിൻ ഇന്ത്യ എം.ഡി സജീവ് മേനോൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.