വ്യാപാരികൾ അതിജീവന പോരാട്ടത്തിൽ –പി. കുഞ്ഞാവു ഹാജി
text_fields21 വർഷമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ല പ്രസിഡന്റായിരുന്ന തവനൂർ സ്വദേശി പി. കുഞ്ഞാവു ഹാജിക്ക് ടി. നസിറുദ്ദീന്റെ മരണത്തോടെ സംസ്ഥാന പ്രസിഡന്റിന്റെ ചുമതല നൽകിയിരിക്കുകയാണ്.
1995 മുതൽ വ്യാപാര സംഘടന രംഗത്ത് സജീവമായ അദ്ദേഹം 2010 മുതൽ സംസ്ഥാന വൈസ് പ്രസിഡന്റാണ്. ലക്ഷക്കണക്കിന് അംഗങ്ങളുള്ള സംഘടനയുടെ അമരത്തേക്ക് വന്നെത്തുമ്പോൾ വെല്ലുവിളികളും പ്രതീക്ഷകളും 'മാധ്യമ'ത്തോട് പങ്കുവെക്കുകയാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി.
ടി. നസിറുദ്ദീനെപ്പോലെ വ്യാപാരികളുടെ ഇടയിൽ വലിയ സ്വാധീനം സൃഷ്ടിച്ച നേതാവിന്റെ പിൻഗാമിയായി ചുമതലയേൽക്കുമ്പോൾ വെല്ലുവിളികളും പ്രതീക്ഷകളും എന്തെല്ലാം?
ടി. നസിറുദ്ദീൻ വ്യാപാരികളുടെയും സംഘടനയുടെയും പടത്തലവനായിരുന്നു. 40 വർഷത്തോളം സംഘടനയെ നയിച്ച അനിഷേധ്യനായ നേതാവാണ് അദ്ദേഹം. പുതിയ ചുമതല ഏറ്റെടുക്കുമ്പോൾ ടി. നസിറുദ്ദീന്റെ കൂടെ 20 വർഷത്തോളം ഒരുമിച്ച് പ്രവർത്തിച്ച അനുഭവംതന്നെയാണ് വലിയ മുതൽക്കൂട്ടും ആത്മവിശ്വാസവും. വ്യാപാരികളുടെ പൂർണ പിന്തുണ മുന്നേറാനുള്ള ഊർജമേകും.
നിലവിൽ വ്യാപാരമേഖല നേരിടുന്ന പ്രതിസന്ധികൾ?
നാലു വർഷത്തോളമായി വ്യാപാര മേഖല കടുത്ത ദുരിതത്തിലാണ്. കോവിഡ്, പ്രളയം, മറ്റു ദുരന്തങ്ങളെല്ലാം കച്ചവടക്കാരെ തകർത്തുകളഞ്ഞു. പലരും ആത്മഹത്യയുടെ വക്കിലാണ്. സർക്കാറിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും ലഭിക്കാത്തവരാണ് കച്ചവടക്കാർ. മറ്റു വിഭാഗങ്ങൾക്ക് കിറ്റും മറ്റു സഹായങ്ങളുമെക്കെ ഉണ്ടായാലും കച്ചവടക്കാരെ എല്ലാവരും അവഗണിക്കാറാണ് പതിവ്.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആശങ്കകളും ഇപ്പോഴുമുണ്ടോ?
ജി.എസ്.ടിയുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയിലും ആശങ്കയിലുമാണ് വ്യാപാര മേഖല. ചെയ്യാത്ത തെറ്റുകൾക്കാണ് നികുതിയുടെ പേരിൽ കച്ചവടക്കാർ ദുരിതം അനുഭവിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള നികുതിവെട്ടിപ്പുകൾക്കും ഇവിടെയുള്ള കച്ചവടക്കാരോട് പിഴ ഈടാക്കുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്.
ജി.എസ്.ടിയെക്കുറിച്ച് തുടക്കത്തിൽ ഉദ്യോഗസ്ഥർക്കും കാര്യമായ ധാരണയില്ലാത്തത് വലിയ ആശയക്കുഴപ്പങ്ങൾക്ക് ഇടവരുത്തി. പഴയ പിഴവുകൾ ചൂണ്ടിക്കാട്ടി നിരവധിപേർക്ക് ലക്ഷക്കണക്കിന് രൂപയുടെ നോട്ടീസ് വരുന്നുണ്ട്.
ഓൺലൈൻ കുത്തക കടന്നുകയറ്റത്തെ എങ്ങനെ അതിജീവിക്കും?
കുത്തക ഓൺലൈൻ കമ്പനികളുടെ ഭീഷണി മറികടക്കുകയെന്നത് ചെറുകിട കച്ചവടക്കാരെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. പുതിയ കാലത്തിനനുസരിച്ച് കച്ചവടക്കാരും ഇത്തരം ഓൺലൈൻ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുകയേ മാർഗമുള്ളൂ. സംഘടനയുടെ നേതൃത്വത്തിൽ ഇത്തരം ഓൺലൈൻ ഷോപ്പിങ് സംവിധാനങ്ങൾ തുടങ്ങിയിരുന്നെങ്കിലും വിജയിപ്പിച്ചെടുക്കാൻ സാധിച്ചിട്ടില്ല. എന്തെങ്കിലും പ്രതിസന്ധികൾ വരുന്ന സമയത്ത് മാത്രമേ പലരും ഇതിന്റെ പ്രസക്തി മനസ്സിലാക്കുന്നുള്ളൂ.
കോവിഡ് നിയന്ത്രണങ്ങളിൽ വ്യാപാര മേഖലയോട് അനീതി കാണിച്ചതായി തോന്നിയിരുന്നോ?
കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ഡെലിവറി സംവിധാനങ്ങൾക്ക് പ്രവർത്തനാനുമതിയും സാധാരണ കച്ചവടക്കാർക്ക് അനുമതി നിഷേധവുമുണ്ടായിരുന്നു. ഇത് വലിയ അനീതിയായിട്ടാണ് ഞങ്ങൾ കണ്ടത്. ഇതിനെതിരെ സംസ്ഥാനമാകെ വ്യാപാരികൾ പ്രതിഷേധിച്ചെങ്കിലും സർക്കാർതലത്തിൽ ഒരു പരിഹാരവും ഉണ്ടായില്ല എന്നത് ഖേദകരമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ കടകളടപ്പിച്ച് കടുത്ത നിയന്ത്രണങ്ങൾ വെച്ചത് ഏറെ പ്രയാസപ്പെടുത്തി.
വ്യാപാരി സംഘടനയിലെ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും?
ഏറ്റവും വലിയ പരിഗണന നൽകുന്നത് വ്യാപാരികളുടെ ഐക്യത്തിനാണ്. സംഘടനയുമായി പിരിഞ്ഞുനിൽക്കുന്നവരെ ഒന്നിച്ചുചേർക്കാനുള്ള നടപടികളാണ് ആദ്യമായി പരിഗണിക്കുക. വ്യാപാര സമൂഹത്തിനായി പോരാട്ടങ്ങൾ ഒരുമിച്ചു നടത്തുകയാണ് ലക്ഷ്യം. രാഷ്ട്രീയം മറന്ന് എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു നിർത്തി മുന്നോട്ട് പോവാൻ ശ്രമിക്കും. എല്ലാ പാർട്ടിക്കാരും ഈ സംഘടനയിൽ സജീവമായുണ്ട്.
വികസനങ്ങളിലെ വ്യാപാര നഷ്ടം?
റോഡ് വികസനവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകുമ്പോൾ കച്ചവടക്കാരോട് അനീതിയാണ് കാണിക്കുന്നത്. കെട്ടിട ഉടമക്കും സ്ഥല ഉടമകൾക്കും കൃത്യമായ നഷ്ടപരിഹാരം കൊടുക്കുന്നുവെങ്കിലും കച്ചവടക്കാരോട് സർക്കാർ കാണിക്കുന്നത് കടുത്ത വഞ്ചനയാണ്. വലിയ സംഖ്യക്ക് മുറിവാങ്ങി ലക്ഷങ്ങൾ ചെലവാക്കിയ കെട്ടിടങ്ങൾ ഒഴിവാക്കുമ്പോൾ നേട്ടം കെട്ടിട ഉടമകൾക്ക് മാത്രമാകുന്നത് ശരിയല്ല. കച്ചവടക്കാരും വലിയ നഷ്ടം സഹിക്കുന്നുണ്ട്. വാടക -കുടിയാൻ നിയമം കർശനമായി നിലവിൽവരണമെന്നതും ഏറെക്കാലത്തെ ആവശ്യമാണ്.
ഹർത്താലുകൾക്കെതിരെ ഉറച്ച നിലപാടെടുക്കുമോ?
കച്ചവടക്കാരെ സംബന്ധിച്ച് ഹർത്താലും പണിമുടക്കുമെല്ലാം വലിയ നഷ്ടമാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഇടക്കിടെ വരുന്ന ഹർത്താലുകൾ വ്യാപാര മേഖലക്ക് കടുത്ത തിരിച്ചടിയാണ്.
അതുകൊണ്ട് ഹർത്താൽ രീതികളോട് മുഖം തിരിഞ്ഞുനിൽക്കുന്ന നിലപാടായിരിക്കും എന്റേത്. ന്യായമായ ആവശ്യങ്ങൾക്കായി വ്യാപാരികൾ പണിമുടക്കുന്നതുതന്നെ നിവൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ മാത്രമാണ്.
ജീവകാരുണ്യ പ്രവർത്തനത്തിലെ മലപ്പുറം മാതൃക വ്യാപിപ്പിക്കുമോ?
ജീവകാരുണ്യ പ്രവർത്തനത്തിൽ മലപ്പുറത്തിന്റെ മാതൃക വ്യാപാരി വ്യവസായി ഏകോപനസമിതിയും ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്. കോവിഡിന്റെയും പ്രളയത്തിന്റെയും പ്രതിസന്ധിഘട്ടത്തിൽ സംഘടന സഹായ കിറ്റുകളുമായി താങ്ങും തണലുമായിരുന്നു.
കോവിഡ് കാലത്ത് ഭക്ഷണ സാധനങ്ങളില്ലാതെ ബുദ്ധിമുട്ടുന്നവർ വിവരമറിയിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ സഹായ കിറ്റുകൾ എത്തിച്ചുനൽകുമെന്ന് പറഞ്ഞ് ശബ്ദ സന്ദേശമയച്ചിരുന്നു. ഇതിലൂടെ ഒരു കോടി രൂപയുടെ സഹായം എത്തിച്ചു നൽകാനായത് സംഘടനയുടെ വലിയ നേട്ടമായിരുന്നു. സഹായം കൊടുക്കുന്നവരുടെയോ ലഭിക്കുന്നവരുടെയോ ഫോട്ടോയോ മറ്റു വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും പ്രത്യേകം നിർദേശം നൽകിയിരുന്നു.
സംഘടനയുടെ പുതിയ പദ്ധതികൾ?
വ്യാപാര സംഘടന പുതിയ പാതയിലാണ്. പുതിയ നല്ല പദ്ധതികളെല്ലാം പരിഗണനയിലുണ്ട്. മലപ്പുറം ജില്ല കമ്മിറ്റി തുടങ്ങിവെച്ച 'കുടുംബ സുരക്ഷ പദ്ധതി' വലിയ വിജയം നേടിയതാണ്. കച്ചവടക്കാർ മരിച്ചാൽ 10 ലക്ഷം രൂപയോളം സഹായം നൽകുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിൽ 30ഓളം പേർക്ക് മൂന്നു കോടി രൂപയുടെ സഹായം നൽകാനായി. ചികിത്സ സഹായ പദ്ധതികളും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. ഈ പദ്ധതിയും വിജയ പാതയിലുള്ള വിവിധ ജില്ലകളിലെ പദ്ധതികളുമെല്ലാം സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.