പാൽ ഉൽപാദനം കൂട്ടാനായില്ല; 2.5 ലക്ഷം ലിറ്റർ പാൽ പുറത്തുനിന്ന്
text_fieldsമലപ്പുറം: പ്രതിദിന ആവശ്യം നിറവേറ്റാൻ തികയാതെ സംസ്ഥാനത്തെ പാൽ ഉൽപാദനം. 17 ലക്ഷം ലിറ്റർ പാലാണ് ഒരുദിവസം സംസ്ഥാന വിപണിയിലേക്ക് ആവശ്യമായത്. എന്നാൽ, 14.50 ലക്ഷം ലിറ്റർ പാൽ ഉൽപാദനം മാത്രമേ നടക്കുന്നുള്ളൂ. ബാക്കി 2.5 ലക്ഷം ലിറ്റർ പാൽ അയൽ സംസ്ഥാനങ്ങളിൽനിന്ന് എത്തിച്ചാണ് വിൽപന.
ട്രാൻസ്പോർട്ടേഷൻ ചെലവടക്കം 44 രൂപക്കാണ് മിൽമ കേരളത്തിലേക്ക് ഒരുലിറ്റർ പാൽ എത്തിക്കുന്നത്. ഓണം, വിഷു തുടങ്ങിയ ഉത്സവ കാലങ്ങളിൽ അഞ്ച് ലക്ഷത്തിലധികം ലിറ്റർ പാലാണ് അതിർത്തി കടന്നെത്തുന്നത്. നേരത്തേ കർണാടകയിൽനിന്ന് പാൽ വാങ്ങിയിരുന്നു. എന്നാൽ, ക്ഷാമം ചൂണ്ടിക്കാട്ടി പാൽ നൽകുന്നത് കർണാടക ഈയിടെ അവസാനിപ്പിച്ചു.
നിലവിൽ ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നാണ് പാലെത്തുന്നത്. അതിർത്തി കടന്നെത്തുന്ന പാൽ മീനാക്ഷിപുരം, ആര്യങ്കാവ്, പാറശ്ശാല ചെക്ക് പോസ്റ്റുകളിലെ ലാബുകളിൽ ഗുണമേന്മ പരിശോധിച്ചാണ് വിപണിയിലെത്തിക്കുന്നത്.
കന്നുകാലി വളർത്തലിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ കഴിയാത്തതാണ് സംസ്ഥാനത്ത് പാൽ ഉൽപാദനം കൂടാതിരിക്കാൻ കാരണം. കന്നുകാലികളിലെ രോഗബാധ പാലിന്റെ തോത് കുറക്കുന്നതിന് കാരണവുമായി. കന്നുകാലി വളർത്തൽ മേഖലയിൽ കൂടുതൽ പ്രോത്സാഹനം നൽകുന്ന പദ്ധതികൾ ആവിഷ്കരിച്ചാൽ മാത്രമേ ഉൽപാദനം ഉയർത്താനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.