മൊബൈൽ പണമിടപാട് കൈയടക്കി ഭീമൻ കമ്പനികൾ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ മൊബൈൽ ഫോൺ വഴിയുള്ള പണമിടപാടിെൻറ കുത്തക കൈയടക്കി ഭീമന്മാരായ അന്താരാഷ്ട്ര കമ്പനികൾ. ഡിജിറ്റൽ പണമിടപാടിന് തുടക്കമിട്ട സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും നോക്കുകുത്തിയായി.
ഏറ്റവുമൊടുവിൽ, വാട്സാപ് വഴിയും പണമയക്കാനുള്ള ക്രമീകരണം ഇന്ത്യയിൽ വെള്ളിയാഴ്ച ഔപചാരികമായി തുടങ്ങി. ഫേസ്ബുക്ക് ഉടമയായ മാർക് സുക്കർബർഗ് നിയന്ത്രിക്കുന്ന വാട്സാപിെൻറ വരവു കൂടിയായതോടെ ഇന്ത്യയെന്ന വമ്പൻ ഡിജിറ്റൽ വിപണിയിലെ ബഹുരാഷ്ട്ര കമ്പനികളുടെ മത്സരം മുറുകി. ആൽഫബറ്റിന് കീഴിലുള്ള ഗൂഗ്ൾ പേ, വാൾമാർട്ടിെൻറ ഫോൺ പേ, അലിബാബയുടെ പേ.ടി.എം എന്നിവ മൊബൈൽ പണമിടപാട് കൈയടക്കി വെച്ചിരിക്കെയാണ് വാട്സാപിെൻറ കടന്നുവരവ്.
കേന്ദ്രസർക്കാറിന് കീഴിലെ നാഷനൽ പേമെൻറ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) രൂപപ്പെടുത്തിയ യു.പി.െഎ (യൂനിഫൈഡ് പേമെൻറ്സ് ഇൻറർഫേസ്) സംവിധാനവും ഭീം ആപ്ലിക്കേഷനും ഉപയോഗപ്പെടുത്തിയാണ് ബാങ്കുകളുടെ സഹായത്തോടെ ഈ കമ്പനികൾ ഡിജിറ്റൽ പണമിടപാട് വികസിപ്പിക്കുന്നത്.
പണമിടപാടിനുള്ള വേദി ഇവർ ഒരുക്കുന്നു എന്നല്ലാതെ, അടിസ്ഥാനമെല്ലാം തയാറാക്കിയത് എൻ.പി.സി.ഐയാണ്. ഭീം ആപ് ഇത്തരത്തിലുള്ള പണമിടപാടിന് വേദിയായി നിൽക്കുേമ്പാൾ തന്നെയാണ്, യു.പി.ഐ ഇടപാടിെൻറ സിംഹഭാഗവും പുറംകമ്പനികൾ കൈയടക്കിയത്.
പ്രമുഖമായവ അടക്കം രാജ്യത്തെ 140ഓളം ബാങ്കുകളിലെ അക്കൗണ്ട് ഉടമകളെ ഡിജിറ്റൽ പണമിടപാടിലേക്ക് ഓഫറുകളോടെ വലവീശി പിടിക്കുേമ്പാൾ, സ്വന്തം ബ്രാൻഡ് കൈവിട്ട് സാങ്കേതിക സഹായം ചെയ്യുന്നതിലേക്ക് പേമെൻറ് കോർപറേഷനും ബാങ്കുകളും ഒതുങ്ങിപ്പോയി. എല്ലാ ബാങ്കുകളും യു.പി.ഐ സേവനം നൽകുന്നുണ്ട്. പക്ഷേ, ഡിജിറ്റൽ പണമിടപാട് ബഹുരാഷ്ട്ര കമ്പനികളുടെ നിയന്ത്രണത്തിൽ.
40 കോടി പേരാണ് ഇന്ത്യയിൽ വാട്സാപ് ഉപയോഗിക്കുന്നത്. ഈ മാർക്കറ്റിലാണ് ഉടമകളായ ഫേസ്ബുക്കിെൻറ കണ്ണ്. രണ്ടു കോടി ഉപയോക്താക്കൾ എന്ന നിയന്ത്രണം എൻ.പി.സി.ഐ തുടക്കത്തിൽ വെച്ചിട്ടുണ്ടെന്നു മാത്രം.
ഇന്ത്യ രൂപപ്പെടുത്തിയ യു.പി.ഐ മുഖേന 200 കോടി ഡിജിറ്റൽ ഇടപാടുകളാണ് (3.3 ലക്ഷം കോടി രൂപയുടേത്) ഒക്ടോബറിൽ നടന്നത്. സെപ്റ്റംബറിൽ 180 കോടി. ഡിജിറ്റൽ പണമിടപാടിെൻറ വളർച്ചയാണ് ഇതു കാണിക്കുന്നത്. ഡിജിറ്റൽ പണമിടപാട് ഗ്രാമങ്ങളിലേക്കും അതിവേഗം വ്യാപിക്കുന്നുണ്ട്. ഈ സാധ്യതയാണ് ബഹുരാഷ്ട്ര കമ്പനികൾ പ്രയോജനപ്പെടുത്തുന്നത്.
ഇപ്പോൾ തന്നെ ഗൂഗ്ൾ പേ, ഫോൺ പേ എന്നിവയിലൂടെ നടക്കുന്ന യു.പി.ഐ ഇടപാടുകൾ ശരാശരി 40 ശതമാനം വീതം കവിഞ്ഞു. മൊബൈൽ വഴിയുള്ള പണമിടപാടിെൻറ 30 ശതമാനത്തിൽ കൂടുതൽ പിടിച്ചടക്കാൻ ഒരു സ്ഥാപനത്തെയും അനുവദിക്കാതിരിക്കാൻ നിയന്ത്രണ വഴി തേടുകയാണ് വൈകിയ വേളയിൽ കേന്ദ്രസർക്കാർ.
യു.പി.ഐ ഇടപാടിെൻറ 30 ശതമാനത്തിൽ കൂടുതൽ ഒരു സ്ഥാപനത്തിനും അനുവദിക്കില്ലെന്നാണ് എൻ.പി.സി.ഐ ജനുവരി ഒന്നു മുതൽ കൊണ്ടുവരുന്ന വ്യവസ്ഥ. എന്നാൽ ഇത് കണക്കാക്കാനും നിയന്ത്രിക്കാനും പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.