ഇന്ത്യയുടെ ഡിജിറ്റൽ നാണയം നോട്ടുകളുടെ ഡിജിറ്റൽ രൂപം; എളുപ്പം പണമാക്കാം-പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷം ഇന്ത്യ പുറത്തിറക്കുമെന്ന് കരുതുന്ന ഡിജിറ്റൽ നാണയത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് വിനിമയത്തിലുള്ള സാധാരണ നോട്ടുകളുടെ ഡിജിറ്റൽ പതിപ്പായിരിക്കും ഡിജിറ്റൽ നാണയമെന്നും ഇത് അനായാസം പണമായി മാറ്റിയെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി സംഘടിപ്പിച്ച 'സ്വയംപര്യാപ്ത സമ്പദ്വ്യവസ്ഥ' സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക ഇടപാടുകളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഡിജിറ്റൽ കറൻസി കൊണ്ടുവരാൻ പോകുന്നത്. ധനകാര്യമേഖലയിൽ ഇത് പുതിയ അവസരങ്ങൾ തുറക്കും. ഡിജിറ്റൽ നാണയം ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമായും എളുപ്പത്തിലും ചെയ്യാം. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു.
റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായിരിക്കും ഡിജിറ്റൽ കറൻസി. ഒരാൾ ഡിജിറ്റലായി അയക്കുന്ന പണം മറ്റൊരാൾക്ക് ഉടൻ നോട്ടുകളായി മാറ്റിയെടുക്കാം. ആഗോള സാമ്പത്തിക ഇടപാടുകളിലെ സങ്കീർണതകളും ഡിജിറ്റൽ നാണയത്തിലൂടെ ഇല്ലാതാകും. നോട്ട് അച്ചടി ഒഴിവാകും. അച്ചടിച്ച നോട്ടുകൾ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കലും വേണ്ടിവരില്ല- പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. രാജ്യം ഡിജിറ്റൽ നാണയം പുറത്തിറക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമനാണ് ചൊവ്വാഴ്ച ബജറ്റിൽ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.