ഓഹരി വിപണിയിലെ കാറ്റും കോളും
text_fieldsജനങ്ങളുടെ വരുമാനം കുറഞ്ഞാൽ അവർ ചെലവഴിക്കുന്നതും കുറയും. കാർഷിക രാജ്യമായ ഇന്ത്യയിൽ മൺസൂൺ നിർണായകമാണ്
മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന ഏതൊരു ഘടകവും ഓഹരി വിപണിയെയും ബാധിക്കും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കാലാവസ്ഥ. ഇന്ത്യയിലെ ജനങ്ങളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ചു കഴിയുന്നവർ ആയതിനാൽ അടുത്ത വർഷം നല്ല മൺസൂൺ മഴ ലഭിച്ചേക്കും എന്ന വാർത്തയോ സൂചനയോ വന്നാൽ തന്നെ വിപണിക്ക് ഉണർവാണ്. തിരിച്ചാണെങ്കിൽ വിപണിക്കും ക്ഷീണം സംഭവിക്കും.
സൂചന ലഭിക്കുമ്പോൾതന്നെ വിപണി മുൻകൂട്ടി പ്രതികരിക്കുമെന്നതിനാൽ നിക്ഷേപകർ കാലാവസ്ഥ സംബന്ധിച്ച വാർത്തകൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൃഷി അനുബന്ധ ഓഹരികളെ മാത്രമല്ല മഴസൂചനയും വരൾച്ച വാർത്തയും ബാധിക്കുക. ഉപഭോക്തൃ ഉൽപന്നങ്ങളുടെ വിൽപന മുതൽ ബാങ്ക് വായ്പ തിരിച്ചടവിനെ വരെ ബാധിക്കുന്നതാണ് മൺസൂൺ. ജനങ്ങളുടെ വരുമാനം കുറഞ്ഞാൽ അവർ ചെലവഴിക്കുന്നതും കുറയും. ഇത് കമ്പനികളുടെ വരുമാനത്തിലും ലാഭത്തിലും കുറവ് വരുത്തും.
ഇരുചക്ര വാഹനങ്ങളുടെയും വില കുറഞ്ഞ കാറുകളുടെയും വരെ വിൽപനയിൽ മഴക്കുറവ് ബാധിക്കാറുണ്ടെന്നാണ് മുൻകാല കണക്കുകൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥ വിശേഷങ്ങൾ വിപണിയെ പൊതുവായി ബാധിക്കും എന്നതിനൊപ്പം ചില കമ്പനികളെ സവിശേഷമായി ബാധിക്കുമെന്ന് ഓർക്കുക. ഉദാഹരണമായി അഗ്രോ കെമിക്കൽ, വളം, ട്രാക്ടർ ഉൾപ്പെടെ കൃഷി അനുബന്ധ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്ന കമ്പനികൾക്ക് മൺസൂൺ ഏറെ പ്രധാനമാണ്. വേനൽ ഗുണമാകുന്ന കമ്പനികളുമുണ്ട്. ഫാൻ, എ.സി/കൂളർ ഉൽപാദകർ, ശീതളപാനീയ ഉൽപാദകർ/വിതരണക്കാർ തുടങ്ങിയ ഉദാഹരണം.
മോട്ടോർ പമ്പ് സെറ്റ്, പി.വി.സി പൈപ്പുകൾ, മറ്റ് ജലസേചന ഉൽപന്നങ്ങൾ തുടങ്ങിയവ നിർമിക്കുന്ന കമ്പനികൾ തുടങ്ങിയവയും ഈ ഗണത്തിൽപെടുത്താം. പ്രധാന ഉൽപന്നങ്ങൾ നിർമിക്കുന്നവർക്ക് അസംസ്കൃത വസ്തുക്കൾ നൽകുന്ന ധാരാളം കമ്പനികളുണ്ട്. വേനൽ കനക്കുമ്പോൾ ഊർജ ഉപഭോഗം വർധിക്കും. ബദൽ ഊർജത്തെ കുറിച്ചുള്ള ചർച്ച സജീവമാകും. അതുമായി ബന്ധപ്പെട്ട ഓഹരികൾ ഈ ഘട്ടത്തിൽ തിളങ്ങും.
മറ്റു രാജ്യങ്ങളിലെ കാലാവസ്ഥയും ഇന്ത്യൻ ഓഹരി വിപണിയെ സ്വാധീനിക്കുന്ന സമയമുണ്ട്. കയറ്റുമതിയെ മുഖ്യമായി ആശ്രയിക്കുന്ന കമ്പനികൾ ഏറെയാണ്. ഇന്ത്യയിലെ പല കമ്പനികളുടെയും വരുമാനത്തിന്റെ മുക്കാൽ ഭാഗവും വിദേശരാജ്യങ്ങളിൽനിന്നാണ്. നമ്മൾ വാങ്ങിയ കമ്പനിയുടെ ബിസിനസ് എന്താണ്, ബിസിനസ് കേന്ദ്രീകരിച്ചിരിക്കുന്ന മേഖലകൾ ഏതെല്ലാം, ബിസിനസിനെ ബാധിക്കാൻ ഇടയുള്ള ഘടകങ്ങൾ എന്തൊക്കെ തുടങ്ങിയവയെല്ലാം നിക്ഷേപകർ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.