ഏപ്രിൽ ഒന്നു മുതൽ മാറുമീ ചട്ടങ്ങൾ
text_fieldsഏപ്രിൽ ഒന്നിന് തുടങ്ങുന്ന പുതിയ സാമ്പത്തിക വർഷത്തിൽ സാമ്പത്തിക രംഗത്ത് പലവിധ മാറ്റങ്ങളാണ് നികുതിദായകരെ കാത്തിരിക്കുന്നത്. പ്രധാനപ്പെട്ടവ താഴെ:
1. ക്രിപ്റ്റൊ ആസ്തികൾ (ക്രിപ്റ്റൊകറൻസി, എൻ.എഫ്.ടി തുടങ്ങിയവ) നികുതിവലയിലാകുന്നതാണ് പ്രധാന മാറ്റം. ഏപ്രിൽ ഒന്നു മുതൽ ക്രിപ്റ്റൊ ആസ്തികൾക്ക് 30 ശതമാനം നികുതി ഈടാക്കും. ഒരു ശതമാനം ഉറവിടത്തിൽ നികുതി 2022 ജൂലൈ ഒന്നു മുതലും ഈടാക്കും.
2. ക്രിപ്റ്റൊ ഇടപാടിലെ നഷ്ടം നികുതിയിൽനിന്ന് ഒഴിവാകില്ല. ഡിജിറ്റൽ നാണയങ്ങളായ ബിറ്റ്കോയിനിൽ 1000 രൂപ ലാഭവും എഥീറിയത്തിൽ 700 രൂപ നഷ്ടവും സംഭവിച്ചാൽ 1000 രൂപക്കും നികുതി നൽകണം. അറ്റാദായമായ 300 രൂപ ലാഭത്തിനല്ല നികുതി ഈടാക്കുക.
3. റിട്ടേൺ സമർപ്പിച്ചശേഷം തെറ്റുകളുണ്ടെങ്കിൽ അതേ സാമ്പത്തിക വർഷത്തെ പുതുക്കിയ റിട്ടേൺ രണ്ടു വർഷത്തിനകം സമർപ്പിക്കാം.
4. രണ്ടര ലക്ഷത്തിന് മുകളിലുള്ള പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ വരുമാനത്തിന് നികുതി ഈടാക്കും.
5. കോവിഡ് ചികിത്സക്ക് ലഭിച്ച തുകക്ക് നികുതി ഇളവു ലഭിക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ നഷ്ടപരിഹാരമായി കുടുംബാംഗങ്ങൾക്ക് ലഭിച്ച പത്തു ലക്ഷം വരെയുള്ള തുകക്കും നികുതി ഇളവുണ്ടാകും.
6. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക്/രക്ഷിതാവിന് അവരുടെ പേരിലുള്ള ഇൻഷുറൻസ് തുകക്ക് ഇളവുണ്ടാകും.
7. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അനുവദിച്ചതുപോലെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും ദേശീയ പെൻഷൻ നിധിയിലേക്കുള്ള (എൻ.പി.എസ്) വിഹിതത്തിന് ആദായ നികുതി ഇളവുനേടാം. അടിസ്ഥാന ശമ്പളം, ഡി.എ എന്നിവയുടെ 14 ശതമാനം വരെയാണ് ഇളവ്.
8. സ്ഥലം വാങ്ങുന്നയാൾ വിൽക്കുന്നയാൾക്ക് കൊടുക്കുന്ന തുക അല്ലെങ്കിൽ സ്റ്റാമ്പ് ഡ്യൂട്ടി ഇതിൽ ഏതാണോ കൂടുതൽ അതിന്റെ ഒരു ശതമാനം നികുതി കാണിക്കണം. സ്ഥലത്തിന്റെ വിൽപന വില/ സ്റ്റാമ്പ് ഡ്യൂട്ടി 50 ലക്ഷത്തിൽ കൂടിയാലാണ് ഭൂമി വിൽപനയിൽ ഉറവിടത്തിലെ നികുതി ബാധകം.
9. വലിയ വിലയില്ലാത്ത വീട് വാങ്ങിയാൽ നേരത്തെ ലഭിച്ചിരുന്ന ഒന്നരലക്ഷം നികുതിയിളവ് അടുത്ത സാമ്പത്തിക വർഷം മുതൽ ലഭിക്കില്ല.
10. 75 വയസ്സിനു മുകളിലുള്ളവരെ ഉപാധികൾക്ക് വിധേയമായി ആദായ നികുതി റിട്ടേൺ നൽകുന്നതിൽനിന്ന് ഒഴിവാക്കി
11. പോസ്റ്റ് ഓഫിസിലെ വിവിധ നിക്ഷേപങ്ങളുടെ പലിശ അടുത്ത സാമ്പത്തിക വർഷം മുതൽ പണമായി നൽകില്ല. ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ പോസ്റ്റ് ഓഫിസ് അക്കൗണ്ടിലാണ് തുക ക്രെഡിറ്റ് ചെയ്യുക
12. ഏപ്രിൽ ഒന്നു മുതൽ ബാങ്ക് അക്കൗണ്ടിന് കെ.വൈ.സി നിർബന്ധം. അല്ലാത്ത അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാനോ പിൻവലിക്കാനോ കഴിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.