കൺഫ്യൂഷൻ വേണ്ട; ധൈര്യമായി തുടങ്ങാം ബിസിനസ്
text_fieldsകോവിഡ് മഹാമാരിയിൽപെട്ട് നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ പലതരത്തിൽ കൺഫ്യൂഷനിലാണ്. പുതിയ സംരംഭം തുടങ്ങാനായിരിക്കും പലർക്കും താൽപര്യം. എന്നാൽ, നിക്ഷേപസാധ്യതകൾ തേടുന്നതോടെ എവിടെ നിക്ഷേപിക്കണം, എങ്ങനെ നിക്ഷേപിക്കണം, എത്ര നിക്ഷേപിക്കണം എന്നീ സംശയങ്ങൾ സ്വാഭാവികം. ഈ സാഹചര്യത്തിൽ നൂതന സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വഴികാട്ടുകയാണ് 'ഗൾഫ് മാധ്യമ'വും ഒാസ്കോൺ ഗ്രൂപ്പും കൈകോർക്കുന്ന 'ഫോക്കസ് കേരള'. വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡോ. മാർട്ടിൻ പാട്രിക്, വിവേക് കൃഷ്ണ ഗോവിന്ദ്, എൻ.എം. ശറഫുദ്ദീൻ തുടങ്ങിയവർ പെങ്കടുത്ത ആദ്യ വെബിനാറിലെ പ്രസക്ത ഭാഗങ്ങൾ.
പ്രവാസി കൂട്ടായ്മ രൂപവത്കരിക്കണം
ഡോ. പി. മുഹമ്മദ് അലി ഗൾഫാർ
രാജ്യത്തിെൻറ പുരോഗമന പാതയിലെ പ്രധാന വഴിത്തിരിവാണ് പ്രവാസികൾ. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറ്റാനും വിദേശനാണ്യം കൊണ്ടുവരുന്നതിനും മുഖ്യ പങ്കുവഹിച്ചത് പ്രവാസികളായിരുന്നു. പ്രത്യേകിച്ച് ഗൾഫ് മലയാളി പ്രവാസികൾ. തിരിച്ചുവരുന്ന പ്രവാസികൾ എല്ലാവരും നൈപുണ്യം നേടിയവരാണ്. വിവിധ മേഖലകളിൽ സാേങ്കതിക, തൊഴിൽ പരിജ്ഞാനം നേടിയ ഇവർ വരുംകാലങ്ങളിൽ കേരളത്തിന് മുതൽക്കൂട്ടാകും.
പ്രവാസികളുടെ മാനവശേഷി ഉപയോഗപ്പെടുത്താൻ കൂട്ടായ്മ രൂപവത്കരിക്കണം. കൂട്ടായ്മകൾ ജില്ലാതലത്തിലും മറ്റും രൂപവത്കരിക്കുന്നത് തൊഴിൽ നേടുന്നതിനും സംരംഭങ്ങളിൽ വിജയം നേടുന്നതിനും സഹായിക്കും.
സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കാനും ഒരു സംരംഭത്തിന് സാധിക്കണം. മറ്റുള്ളവർക്ക് േജാലിനൽകാനും സാമൂഹിക ഇടപെടലുകൾ നടത്താനും നൂതന സംരംഭങ്ങൾക്ക് കഴിയണം -വെബിനാർ ഉദ്ഘാടനം ചെയ്ത് ഡോ. പി. മുഹമ്മദ് അലി ഗൾഫാർ പറഞ്ഞു.
പ്രവാസികളുടെ മണിയോർഡറുകളായിരുന്നു കേരള വികസനത്തിെൻറ ആധാരം. 1990കളിൽ കേരളത്തിൽ നിക്ഷേപകരെല്ലാം സംരംഭങ്ങൾ ഉപേക്ഷിച്ച് ഒഴിഞ്ഞുപോകുന്ന സ്ഥിതിയായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം ഗൾഫ് രാജ്യങ്ങളെപ്പോലെയല്ല. ഒരു സംരംഭം ആരംഭിക്കാനായി വില്ലേജ് തലം മുതൽ അനുമതി വാങ്ങേണ്ടിവരും. ബിസിനസ് സൗഹൃദത്തിെൻറ കാര്യത്തിെൻറ ഇന്ത്യയിൽതന്നെ ഏറെ പിറകിലാണ് കേരളം.
എന്നാൽ, ഇപ്പോൾ വളരെയധികം മാറ്റങ്ങൾ വന്നുവെന്ന വസ്തുത അംഗീകരിക്കണം. അത് പ്രയോജനപ്പെടുത്തണം. ദീർഘകാലത്തേക്ക് വരുമാനം നേടാനാണെങ്കിൽ മലയാളികൾ കേരളത്തിൽതന്നെ നിക്ഷേപിക്കുന്നതായിരിക്കും ഉചിതം. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തിയും മനസ്സിലാക്കിയും വേണം നിക്ഷേപിക്കാൻ.
കേരളം മുന്നിൽതന്നെ; പഠിച്ചിറങ്ങണം
എ.പി.എം. മുഹമ്മദ് ഹനീഷ് (വ്യവസായ വകുപ്പ് സെക്രട്ടറി)
കൃത്യമായ പഠനത്തിെൻറ അടിസ്ഥാനത്തിലായിരിക്കണം വ്യവസായ സ്ഥാപനങ്ങൾ ആരംഭിേക്കണ്ടത്. വ്യവസായം തുടങ്ങണമെന്ന നിർബന്ധത്തോടെ ഒന്നും പഠിക്കാതെ നിക്ഷേപം നടത്തി, ഒന്നുരണ്ടു വർഷങ്ങൾക്കുശേഷം നഷ്ടം വന്നുകഴിയുേമ്പാൾ കേരളം മോശമാണെന്നും വ്യവസായ സൗഹൃദമല്ലെന്നും പറഞ്ഞാൽ ഒന്നും ചെയ്യാൻ കഴിയില്ല.
വ്യാവസായികമായും വാണിജ്യപരമായും ഇന്ന് കേരളം വളരെ മുന്നിലാണ്. പ്രവാസികളും ഏറെ മാറി. മികച്ച വൈദഗ്ധ്യമുള്ള, അച്ചടക്കബോധമുള്ള, സാേങ്കതിക വിദ്യയും അർപ്പണബോധവുമുള്ള മാനേജ്മെൻറ് സംവിധാനങ്ങളുടെ പ്രയോക്താക്കളാണ് ഇന്നവർ. നാട്ടിലും കഴിവുറ്റ പുതിയ തലമുറ വളർന്നുവന്നിരിക്കുന്നു. പുതിയ സംരംഭങ്ങൾക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകാൻ സർക്കാറിെൻറ വിവിധ വകുപ്പുകൾ പദ്ധതി തയാറാക്കിയിട്ടുണ്ട്.
10 കോടിയിൽ താഴെ നിക്ഷേപവുമായി ആരംഭിക്കുന്ന സംരംഭത്തിന് 30ാമത്തെ ദിവസം കൽപിത ലൈസൻസ് നൽകി മൂന്നു വർഷം കേരളത്തിൽ പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. മൂന്നാമത്തെ വർഷം ആറുമാസ കാലയളവിനുള്ളിൽ തന്നെ പ്രത്യേക പരിശോധനയൊന്നും ഇല്ലാതെ മറ്റ് അനുമതി നേടാനും സാധിക്കും. ഏകജാലക ക്ലിയറൻസ് ബോർഡുകളാണ് രണ്ടാമത്തെ പ്രധാന ആശയം.
15 കോടി വരെ ജില്ലതലത്തിലും 15 കോടിക്ക് മുകളിൽ സംസ്ഥാന തലത്തിലും പോയാൽ 15 ദിവസം കൊണ്ട് കൽപിത ലൈസൻസ് ലഭിക്കും. ഇവ ഏഴുദിവസത്തിനകം ലഭ്യമാക്കാൻ കഴിയുമോ എന്ന് ആലോചിച്ച് വരുകയാണ്. ഇതിനെല്ലാം ഭൂമി വേണ്ടേ എന്നതായിരിക്കും ഉയരുന്ന പ്രധാന ചോദ്യം. എന്നാൽ, ഭൂമി സൗകര്യം ലഭ്യമാക്കിയും പുതിയ പദ്ധതി വന്നുകഴിഞ്ഞു. ഭൂമിയുടെ പണം മൂന്നും നാലും വർഷം കഴിഞ്ഞ് നൽകിയാൽ മതി. കൂടാതെ ഭൂമിവില കുറച്ചുകൊണ്ടുവരുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സംരംഭകത്വ പ്രോത്സാഹനമെന്ന നിലയിൽ 25 ലക്ഷം മുതൽ 30 ലക്ഷം വരെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് നിക്ഷേപ സഹായമായി സംസ്ഥാന സർക്കാർ നൽകുന്നു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപറേഷൻ, നൂതന ആശയവുമായി വരുന്നവർക്ക് 25 ലക്ഷം രൂപവരെ നൽകുന്നുണ്ട്.
കോവിഡ് മഹാമാരിയോട് അനുബന്ധിച്ച് മടങ്ങിവരുന്ന പ്രവാസികൾക്കായി 25 ലക്ഷം രൂപവരെ നോർക്ക വഴി സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയും ആരംഭിച്ചു. ഭക്ഷ്യ സംസ്കരണം, ആരോഗ്യ പരിപാലനം, ഇലക്ട്രോണിക്സ്, വിവരസാേങ്കതിക വിദ്യ എന്നിവയിൽ കേരളത്തിൽ വൻ സാധ്യതകളാണുള്ളത്.
കെ. സ്വിഫ്റ്റ് പദ്ധതി രൂപവത്കരിച്ചത് കേരളത്തിെൻറ മറ്റൊരു പ്രധാന നേട്ടമാണ്. കെ. സ്വിഫ്റ്റ് വഴി വ്യവസായം തുടങ്ങുന്നതിന് ആരുടെയും അനുമതിക്കായി കാത്തിരിക്കേണ്ട. ഇൻവെസ്റ്റ് കേരള വെബ് പോർട്ടൽ വഴി സർക്കാർ നൽകുന്ന എല്ലാ പദ്ധതികളുടെയും വിവരങ്ങൾ ലഭ്യമാകും. (Invest.Kerala.gov.in).
പ്രായോഗിക ബുദ്ധിയോടെ വേണം; പേരെടുക്കാൻ ആകരുത് ബിസിനസ്
വിവേക് കൃഷ്ണ ഗോവിന്ദ്
പ്രായോഗികമായി ചിന്തിച്ചുവേണം സംരംഭം തുടങ്ങാൻ. ചെറുകിട, സൂക്ഷ്മ സംരംഭങ്ങളായിരിക്കും ഉത്തമം. സാമ്പത്തിക ഘടകങ്ങളും സാമൂഹിക ഘടകങ്ങളും ശ്രദ്ധിക്കണം. നാട്ടിൽ പേരെടുക്കാനാകരുത് ബിസിനസ്. കൃത്യമായ ആശയം വേണം.
കോവിഡ് സാഹചര്യത്തിൽ പണമായിരിക്കണം പ്രധാനം. ലാഭം നേടിയിട്ടുണ്ടെങ്കിലും പണം കൈയിലില്ലാത്ത അവസ്ഥയാണ് മിക്കവരിലും. എത്രവേഗം സ്റ്റോക്ക്, ക്രെഡിറ്റേർസ്, ഡെബ്റ്റേഴ്സ് എന്നിവയെ പണമാക്കി മാറ്റാൻ സാധിക്കുമോ അതായിരിക്കും ബിസിനസിെൻറ വിജയം.
പണം മറ്റുള്ള വഴികളിലേക്ക് തിരിച്ചുവിടാതിരിക്കുക. വായ്പയെടുത്ത് വാഹനം മേടിക്കുക, വീട് മേടിക്കുക തുടങ്ങിയവയെല്ലാം നമ്മുെട പ്രത്യേകതയാണ്. ഇൗടില്ലാതെ വായ്പ ലഭിക്കുമെന്ന് പറഞ്ഞാൽ മലയാളികൾ ചാടിവീഴും. പണം ആവശ്യത്തിന് മാത്രം ചെലവഴിക്കുകയും ഒരു കാര്യത്തിനായി എടുത്ത പണം മറ്റുള്ള ആവശ്യങ്ങൾക്കായി ചെലവഴിക്കാതിരിക്കുകയും ചെയ്യുക എന്നത് വിജയത്തിലേക്കുള്ള പ്രധാന വഴിയാണ്.
ബിസിനസ് ആവശ്യങ്ങൾക്കുള്ള പണം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്. കോവിഡ് സാഹചര്യത്തിൽ ചെലവ് കുറക്കുകയെന്നതും പ്രധാനമാണ്. ഫിക്സഡ് കോസ്റ്റ് കുറക്കുകയും വേണം. എത്ര കടമെടുക്കണമെന്നും എത്ര പണം നിങ്ങൾ എടുക്കണമെന്നും ആദ്യം തീരുമാനിക്കണം. സൂക്ഷ്മ സംരംഭങ്ങൾക്കായി വലിയ തുക കടമെടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ആശയം സ്വന്തമായിരിക്കണം; അഭിരുചി വേണം
ഡോ. മാർട്ടിൻ പാട്രിക്
ആശയം, വിഭാഗം, പ്രദേശം എന്നിവ അടിസ്ഥാനമാക്കിയായിരിക്കണം നൂതന സംരംഭ സാധ്യതകൾ തേടേണ്ടത്. ആശയം ഒരിക്കലും മറ്റുള്ളവരുടേതാകരുത്. അത് സ്വന്തമായിരിക്കുകയും അവയിൽ അഭിരുചി ഉണ്ടായിരിക്കുകയും വേണം. വൻകിട, ചെറുകിട ഇടത്തരം, സൂക്ഷ്മ വ്യവസായങ്ങളാണ് പ്രധാനം. പുതുതായി സംരംഭം ആരംഭിക്കുന്നവർക്ക് ചെറുകിട, സൂക്ഷ്മ സംരംഭങ്ങളാണ് ഉത്തമം. ഇവയിൽ പിടിച്ചുനിന്നതിനുശേഷം മറ്റുള്ളവയിലേക്ക് പടിപടിയായി കടക്കാം.
കേരളത്തിെൻറ പ്രത്യേക പശ്ചാത്തലത്തിലെ നിക്ഷേപസാധ്യതകൾ എന്തെല്ലാം? കോവിഡ് പശ്ചാത്തലത്തിൽ രൂപപ്പെട്ട സാധ്യതകൾ ഏതൊക്കെ? എന്നിവ പരിശോധിച്ചായിരിക്കണം ഇനി നിക്ഷേപം. സംരംഭകൻ എന്നാൽ ഒരിക്കലും അംബാനിയെയും വൻകിട മുതലാളിമാരെയും മാത്രം നോക്കിപ്പോകേണ്ടതില്ല.
ചെറിയ രീതിയിൽ ബിസിനസ് ആരംഭിക്കുന്നവനും സംരംഭകനാണ്. വഴിയോര കച്ചവടങ്ങളിൽനിന്ന് വൻകിട മുതലാളിമാരായി മാറിയവർ കേരളത്തിലുണ്ട്. ലളിതമായ വ്യവസായത്തിൽ നിന്നായിരിക്കണം നൂതന സംരംഭങ്ങൾ ആരംഭിക്കാൻ. ആദ്യമായി ബിസിനസിലേക്ക് ഇറങ്ങുന്നൊരാൾ വളരെ ലളിതമായി തുടങ്ങണം.
കണക്കുകൂട്ടിയായിരിക്കണം റിസ്ക് ഏറ്റെടുക്കൽ. കാൽക്കുലേറ്റഡ്, മോഡറേറ്റഡ് റിസ്ക് എടുക്കുന്നവർക്കായിരിക്കും വിജയം. കാർഷിക മേഖല അടിസ്ഥാനമാക്കിയ സംരംഭങ്ങളാണ് കേരളത്തിന് കൂടുതൽ ഇണങ്ങുക.
ഫോക്കസ് കേരള പദ്ധതിയുടെ ഭാഗമായ രണ്ടാമത്തെ വെബിനാർ ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30ന് (യു.എ.ഇ 7.00 pm, സൗദി 6.00 pm) സംഘടിപ്പിക്കും. സംരംഭകർക്കുള്ള കേന്ദ്ര പദ്ധതികൾ, സ്കീമുകൾ, സബ്സിഡികൾ എന്ന വിഷയത്തിൽ പ്രഫ. വി. പത്മാനന്ദും (ഐ.ഐ.എം േകംബ്രിജ് യൂനിവേഴ്സിറ്റി പൂർവ വിദ്യാർഥി ) സംസ്ഥാന സർക്കാരിെൻറ പദ്ധതികൾ, സ്കീമുകൾ, സബ്സിഡികൾ എന്നിവ മുൻ സംസ്ഥാന വാണിജ്യ-വ്യവസായ ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. ചന്ദ്രനും പരിചയപ്പെടുത്തും. സംശയങ്ങൾക്കും ഇവർ മറുപടി നൽകും. രജിസ്ട്രേഷന് www.madhyamam.com/webinar സംശയങ്ങൾക്ക് വാട്സ്ആപ് ചെയ്യുക: +91 9744440417.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.