ഭയം വേണ്ട, ജാഗ്രത മതി
text_fieldsദീപാവലിയോടനുബന്ധിച്ച ഓഹരി വിപണിയിലെ മുഹൂർത്ത വ്യാപാരം പോസിറ്റിവ് ആയി അവസാനിച്ചിരിക്കുകയാണ്. സംവത് 2081 പുതുവർഷത്തെ കുതിപ്പോടെയാണ് ഓഹരി വിപണി വരവേറ്റത്. രണ്ടുമാസത്തോളമായി തുടർന്ന കിതപ്പവസാനിക്കുകയാണോ? പ്രതീക്ഷയോടെ കാത്തിരിക്കാം. ശുഭപ്രതീക്ഷ പങ്കുവെക്കുമ്പോൾ തന്നെ ജാഗ്രത ആവശ്യപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്. ആഗോള യുദ്ധസാഹചര്യമാണ് അതിലേറ്റവും പ്രധാനം. ഇറാൻ ഇസ്രായേലിനെ വീണ്ടും ആക്രമിച്ചേക്കുമെന്ന റിപ്പോർട്ടുണ്ട്. അങ്ങനെയുണ്ടായാൽ തങ്ങൾ ഇടപെടുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയും ചൈനയും ഇറാനെ പിന്തുണക്കുന്നു. ഇന്ത്യയെ പ്രത്യക്ഷത്തിൽ ബാധിക്കുന്നില്ലെങ്കിലും എണ്ണവില വർധന ഉൾപ്പെടെ പരോക്ഷ സ്വാധീന ഘടകങ്ങളുണ്ട്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിൽ കഴിയുന്നു. വിവിധ രാജ്യങ്ങൾ രണ്ട് ചേരിയിലായി നേരിട്ട് യുദ്ധത്തിനിറങ്ങിയാൽ അവലോകനങ്ങൾ അപ്രസക്തമാക്കുന്ന മഹാദുരന്തമാകും.
മധ്യവർഗ ഉപഭോഗം കുറയുന്നു
ഇന്ത്യയിൽ മധ്യവർഗത്തിന്റെ ഉപഭോഗം കുറയുന്നുവെന്ന സൂചന നൽകുന്ന വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. വാഹന വിൽപനയിലുണ്ടായ ഇടിവ് ഒരു സൂചനയാണ്. ആഡംബര വാഹനങ്ങളുടെ വിൽപനയെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ഇടത്തരക്കാർ ഉപയോഗിക്കുന്ന വിവിധ വാഹനങ്ങളുടെ വിൽപന കുറയുകയോ പ്രതീക്ഷിച്ച വളർച്ച ഇല്ലാതിരിക്കുകയോ ചെയ്തിട്ടുണ്ട്. വാഹന കമ്പനികളുടെ ഓഹരി വിലയിലും ഇത് പ്രകടമാണ്.
2023 സെപ്റ്റംബറിലെ വാഹന വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ 2024 സെപ്റ്റംബറിൽ വളർച്ചയുണ്ടായില്ലെന്ന് മാത്രമല്ല പല കമ്പനികളുടെയും വിൽപന കുറയുകയാണ് ചെയ്തത്. ദീപാവലി ഉത്സവ സീസണായിട്ടുകൂടി 2023, 2024 വർഷങ്ങളിലെ ഒക്ടോബറിലെ കണക്കെടുത്താലും ഇതുതന്നെ സ്ഥിതി. (ചാർട്ട് കാണുക).
ബൈക്ക് നിർമാതാക്കളിൽ റോയൽ എൻഫീൽഡ് വളർച്ച നേടിയപ്പോൾ താരതമ്യേന കുറഞ്ഞ വരുമാനക്കാർ ഉപയോഗിക്കുന്ന ബൈക്കുകളുടെ വിൽപനയിടിഞ്ഞു. റോയൽ എൻഫീൽഡ് ഒക്ടോബറിൽ കഴിഞ്ഞ ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ വിൽപന 25.85 ശതമാനം വർധിപ്പിച്ചപ്പോൾ കയറ്റുമതിയിൽ 149.87 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്.
ഉത്സവ കാലത്ത് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാറുണ്ട്. ഇത്തവണ അതുണ്ടായില്ല. വേണ്ടത്ര ബുക്കിങ് ഇല്ല എന്നതുതന്നെ കാരണം. വൻകിട ഹോട്ടലുകളുടെ ഒക്യുപെൻസിയിലും ഇതുതന്നെ കഥ. ബാങ്കുകൾക്ക് റിസർവ് ബാങ്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വാരിക്കോരി നിക്ഷേപം സ്വീകരിക്കരുതെന്നും ഗുണമേന്മയില്ലാത്ത/തിരിച്ചടവ് ശേഷിയും ഈടും പരിഗണിക്കാത്ത വായ്പ അനുവദിക്കരുതെന്നുമാണ് നിർദേശം. ലാഭം കുറഞ്ഞാലും ജാഗ്രതയോടെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് മേധാവി കഴിഞ്ഞ ദിവസം പറഞ്ഞു.
ഇന്ത്യൻ കമ്പനികളുടെ രണ്ടാം പാദഫലം അത്ര മികച്ചതായിരുന്നില്ല. ഉപഭോഗം കുറഞ്ഞതിന്റെ വ്യക്തമായ സൂചനയായി ഇതിനെ കണക്കാക്കാം.
ലോഹങ്ങളിലെ നിക്ഷേപം
സ്വർണവില വർധനയാണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. പവന് 60,000 രൂപക്കടുത്തെത്തിയ കുതിപ്പ് ചർച്ചയാകുന്നത് സ്വാഭാവികം. എന്നാൽ, കഴിഞ്ഞ വർഷത്തെ യഥാർഥ താരം വെള്ളിയാണ്. അടുത്ത വർഷവും വെള്ളി തിളങ്ങുമെന്നാണ് വിലയിരുത്തൽ. സ്വർണവില ഒരുവർഷം കൊണ്ട് 37 ശതമാനം ഉയർന്നെങ്കിൽ വെള്ളി 42 ശതമാനമാണ് വർധിച്ചത്. ചെമ്പ് (കോപ്പർ) 18 ശതമാനം ഉയർന്നു.
സ്വർണം, വെള്ളി, ചെമ്പ് വില ഇനിയും വർധിക്കാനാണ് സാധ്യത. സ്വർണത്തിന്റെയും വെള്ളിയുടെയും ഇ.ടി.എഫുകളിൽ നിക്ഷേപിച്ചാൽ ആഭരണമായി വാങ്ങുമ്പോൾ നൽകേണ്ട പണിക്കൂലി ലാഭിക്കാം. വില വർധനവിന്റെ നേട്ടം ലഭിക്കുകയും ചെയ്യും. ഇന്ത്യയുടെ സ്വർണ ഇറക്കുമതി രണ്ടാം പാദത്തിൽ 21.78 ശതമാനം വർധിച്ചു. അതേസമയം, രാജ്യത്തേക്കുള്ള വെള്ളിയുടെ ഇറക്കുമതി കഴിഞ്ഞ ആറുമാസം കൊണ്ട് 376 ശതമാനമാണ് കൂടിയത്. 230 കോടി ഡോളറിന്റെ (19,339 കോടി രൂപ) വെള്ളിയാണ് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇറക്കുമതി ചെയ്തത്.
ആരോഗ്യം തിളങ്ങും
ആഗോളതലത്തിൽ യുദ്ധവും മറ്റു അനിശ്ചിതത്വങ്ങളും സാമ്പത്തിക മുരടിപ്പിന്റെ സൂചനകളും കണ്ടുവരുന്ന ഘട്ടത്തിൽ പോർട്ട്ഫോളിയോയുടെ ഗണ്യമായൊരു ശതമാനം ഡിഫൻസിവ് ഓഹരികളാവുന്നത് നല്ലതാണ്. ഡിഫൻസിവ് ഓഹരി എന്നാൽ ആയുധകമ്പനികളുടെ ഓഹരിയല്ല.
ഏത് സാഹചര്യത്തിലും പിടിച്ചുനിൽക്കാൻ കഴിയുന്ന ആരോഗ്യം, നിത്യോപയോഗ വസ്തുക്കൾ തുടങ്ങി അവശ്യസേവന മേഖലാ കമ്പനികളുടെ ഓഹരികളാണ്. കഴിഞ്ഞ മാസത്തെ ഇടിവിലും ആരോഗ്യ മേഖലാ ഓഹരികൾക്ക് താരതമ്യേന കുറച്ചേ കോട്ടം തട്ടിയിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.