സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തരുതെന്ന് വ്യാപാരികൾ
text_fieldsതിരുവനന്തപുരം: സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. കേരളത്തിന് മാത്രമായി സ്വർണത്തിന് ഇ-വേ ബിൽ നീക്കം ഈ മേഖലയെയും ജനങ്ങളെയും ദോഷകരമായി ബാധിക്കും.
ഇപ്പോഴത്തെ രീതിയിൽ നിയമം നടപ്പാക്കിയാൽ 36 ഗ്രാം (രണ്ടു ലക്ഷം രൂപ) സ്വർണവുമായി പോകുന്ന ഏതൊരാളെയും പരിശോധിക്കാൻ ജി.എസ്.ടി വകുപ്പിന് അധികാരം ലഭിക്കും. ദൈനംദിന ഉപഭോഗ വസ്തുവെന്ന നിലയിൽ ഇത് അപ്രായോഗികമാണെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ, നേതാക്കളായ കെ. സുരേന്ദ്രൻ, അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഒരു നികുതിക്കുമുകളിൽ ഓരോ സംസ്ഥാനത്തും പല നിബന്ധനകൾ കൊണ്ടുവരുന്നത് ജി.എസ്.ടിയുടെ അന്തഃസത്തക്ക് വിരുദ്ധമാണ്. സാധാരണ സ്വർണ തൊഴിലാളി പലതരം പണി ആവശ്യങ്ങൾക്കായി സ്വർണം പുറത്തേക്ക് കൊണ്ടുപോകേണ്ടിവരും. ഇതിനെല്ലാം ഇ-വേ ബിൽ വേണമെന്ന നിബന്ധന തൊഴിൽ നഷ്ടത്തിന് വഴിവെക്കും.
ചെറിയ തൂക്കത്തിനുപോലും ഇ-വേ ബിൽ വേണമെന്ന നിബന്ധന വന്നാൽ സാധാരണ നിലയിൽ കണക്കെഴുതി വ്യാപാരം ചെയ്യുന്ന ചെറിയ വ്യാപാരികളെ പ്രതികൂലമായി ബാധിക്കും. സ്വർണത്തിന് ഇ ഇൻവോയ്സ് അഞ്ചുകോടി രൂപയിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ഒരു കോടി രൂപയാക്കാൻ ശ്രമം നടക്കുന്നു. അങ്ങനെ വന്നാൽ അഞ്ച് ഗ്രാം സ്വർണം ദിവസേന വ്യാപാരം ചെയ്യുന്ന വ്യാപാരി ഇ-ഇൻവോയ്സ് പരിധിയിൽ വരുമെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.